ദുബൈ: എമിറേറ്റ്സ് വിമാനക്കമ്പനിയും വിമാനത്താവള ഓപറേറ്റർമാരായ ഡനാറ്റയും ഉൾപ്പെടുന്ന എമിറേറ്റ്സ് ഗ്രൂപ്പ് ഈ വർഷം 17,300 ജീവനക്കാരെ നിയമിക്കും. കമ്പനിയുടെ വിപുലീകരണത്തിന്‍റെയും ഭാവി മുന്നിൽ കണ്ടുള്ള പ്രവർത്തനങ്ങളുടെയും ഭാഗമായാണ് 350 വ്യത്യസ്ത തസ്തികകളിൽ പുതിയ ജീവനക്കാരെ കണ്ടെത്തുന്നത്. കാബിൻ ക്രൂ, പൈലറ്റ്, എൻജിനീയർ, കൊമേഷ്യൽ-സെയിൽസ് ടീമംഗങ്ങൾ, കസ്റ്റമർ സർവീസ്, ഗ്രൗണ്ട് പ്രവർത്തനം, കാറ്ററിങ്, ഐ.ടി, മാനവവിഭവ ശേഷി, ഫിനാൻസ് തുടങ്ങിയ മേഖലകളിലെ തസ്തികകളിലാണ് നിയമനം നടത്തുക.
4,000 കാർഗോ, കാറ്ററിങ്, ഗ്രൗണ്ട് പ്രവർത്തന വിദഗ്ദരെയാണ് ഡനാറ്റ നിയമിക്കാൻ ലക്ഷ്യമിടുന്നത്. കമ്പനിയുടെ ധീരമായ ലക്ഷ്യങ്ങൾക്ക് വേഗം പകരാൻ സാധിക്കുന്ന ലോകോത്തര പ്രതിഭകളെയാണ് ആവശ്യമെന്ന് എമിറേറ്റ്സ് ഗ്രൂപ്പിന്‍റെയും എമിറേറ്റ്സ് എയർലൈനിന്‍റെയും ചീഫ് എക്സിക്യൂട്ടീവും ചെയർമാനുമായ ശൈഖ് അഹമ്മദ് ബിൻ സഈദ് ആൽ മക്തൂം പറഞ്ഞു.
ലോകത്തെ 150 പട്ടണങ്ങളിലായി റിക്രൂട്ട്മെന്റുമായി ബന്ധപ്പെട്ട ഈവന്‍റുകൾ കമ്പനിയൊരുക്കും. യു.എ.ഇയിലെ വിദ്യാർഥികളെയും ബിരുദദാരികളെയും ലക്ഷ്യംവെച്ച് ദുബൈയിലും റിക്രൂട്ട്മെന്റ് നടക്കും. 2022 മുതൽ കമ്പനി 41,000 ലധികം ആളുകളെ നിയമിച്ചിട്ടുണ്ട്. ഇതോടെ ഗ്രൂപ്പിന് നിലവിൽ 1.21 ലക്ഷത്തിലധികം ജീവനക്കാരുണ്ട്.
ദുബൈ ആസ്ഥാനമായുള്ള ജീവനക്കാർക്ക് ലാഭവിഹിതം, മെഡിക്കൽ, ലൈഫ് ഇൻഷുറൻസ് പരിരക്ഷ, വിമാന ടിക്കറ്റുകൾ ഉൾപ്പെടെയുള്ള യാത്രാ ആനുകൂല്യങ്ങൾ, വാർഷിക അവധി, കുറഞ്ഞ കാർഗോ നിരക്കുകൾ, റീട്ടെയിൽ, ഹോസ്പിറ്റാലിറ്റി, ലൈഫ്‌സ്റ്റൈൽ ഔട്ട്‌ലെറ്റുകളിൽ കിഴിവുകൾ നൽകുന്ന അംഗത്വ കാർഡുകൾ എന്നിവ തൊഴിൽ ആനുകൂല്യങ്ങളിൽ ഉൾപ്പെടുത്തി നൽകുമെന്ന് കമ്പനി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.