ഗവർണർ രാജേന്ദ്ര ആർലേക്കർ
തിരുവനന്തപുരം: സർവകലാശാലകളുടെ നിയന്ത്രണം പിടിക്കാനുള്ള ഗവർണർ-സർക്കാർ പോരിൽ അനുനയം പൊളിച്ച് ഗവർണർ രാജേന്ദ്ര ആർലേക്കർ. സുപ്രീംകോടതി നിർദേശത്തിന്റെ പശ്ചാത്തലത്തിൽ സർവകലാശാലകളിൽ സ്ഥിരം വി.സി നിയമനത്തിന് ചാൻസലർ സർക്കാറുമായി സഹകരിക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി കത്ത് നൽകിയതിന് പിന്നാലെയാണ് ഗവർണർ സർക്കാർ പാനൽ തള്ളി രണ്ട് സർവകലാശാലകളിൽ താൽക്കാലിക വി.സിമാരെ നിയമിച്ച് വിജ്ഞാപനമിറക്കിയത്.
സ്ഥിരം വി.സി നിയമനവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചർച്ച ചെയ്യാൻ നിയമമന്ത്രി പി. രാജീവിനെയും ഉന്നത വിദ്യാഭ്യാസ മന്ത്രി ആർ. ബിന്ദുവിനെയും രാജ്ഭവനിലേക്കയക്കാമെന്ന് കത്തിൽ അറിയിച്ചിരുന്നു. എന്നാൽ സർക്കാർ നീക്കങ്ങളെയും മുഖ്യമന്ത്രിയുടെ കത്തിനെയും അവഗണിച്ചായിരുന്നു താൽക്കാലിക വി.സി നിയമനം.
വിജ്ഞാപനമിറക്കിയതിനൊപ്പം തന്നെ രണ്ട് വി.സിമാരോടും ഉടൻ ചുമതലയേൽക്കാനും രാജ്ഭവൻ നിർദേശിച്ചു. ഇതോടെ ഡോ. ശിവപ്രസാദും ഡോ. സിസ തോമസും വെള്ളിയാഴ്ച പകൽ 11ഓടെ സർവകലാശാലകളിലെത്തി ചുമതലയേറ്റു. പിന്നാലെ ഗവർണറുടെ നടപടി സുപ്രീംകോടതി വിധിയുടെ അന്തസ്സത്തക്ക് എതിരാണെന്നും നിയമനം റദ്ദാക്കണമെന്നും ആവശ്യപ്പെട്ട് രണ്ടാമതും മുഖ്യമന്ത്രി ഗവർണർക്ക് കത്ത് നൽകി.
നിയമമന്ത്രി പി. രാജീവും ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ. ആർ. ബിന്ദുവും ഗവർണർക്കെതിരെ രൂക്ഷവിമർശനവുമായി രംഗത്തുവന്നു. രാജ്ഭവനിലെത്തിയുള്ള അനുനയ ചർച്ചക്കും ഇനി സർക്കാർ മുതിരില്ല. നിയമന നടപടി സുപ്രീംകോടതി വിധിയുടെ ലംഘനമാണെന്നും ചാൻസലർ സർക്കാറുമായി യോജിച്ച് തീരുമാനമെടുക്കണമെന്നാണ് വിധിയെന്നും നിയമിക്കപ്പെട്ടവർ സർക്കാർ പാനലിൽനിന്നുള്ളവരല്ലെന്നും രണ്ടാമത്തെ കത്തിൽ മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു.
സ്ഥിരം വി.സി നിയമനത്തിന് മുമ്പ് സർക്കാറിന്റെ അഭിപ്രായം കേൾക്കണമെന്ന് അനുനയ ഭാഷയിലുള്ള ആദ്യ കത്തിൽ മുഖ്യമന്ത്രി ആവശ്യപ്പെട്ടിരുന്നു. എന്നാൽ, ഇതെല്ലാം അപ്രസക്തമാക്കുന്ന നീക്കമായിരുന്നു ഗവർണറിൽനിന്നുണ്ടായത്. ഇതോടെയാണ് ‘രമ്യതയുടെ ലൈൻ’ വിട്ട് കടുത്ത ഭാഷയിലേക്ക് സർക്കാർ നീങ്ങിയത്. കേസ് ആഗസ്റ്റ് 13ന് സുപ്രീംകോടതി വീണ്ടും പരിഗണിക്കുമ്പോൾ സർവകലാശാല നിയമത്തിന് വിരുദ്ധമായി ഗവർണർ താൽക്കാലിക വി.സി നിയമനം നടത്തിയത് സർക്കാർ കോടതിയെ അറിയിക്കും. അതിന് മുമ്പ് സ്വീകരിക്കാവുന്ന നിയമനടപടികൾ സംബന്ധിച്ച് സർക്കാർ നിയമോപദേശം തേടിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.