കെ.ടി.യു, ഡിജിറ്റൽ വി.സി; വീണ്ടും പാനൽ സമർപ്പിച്ച് സർക്കാർ

തിരുവനന്തപുരം: താൽക്കാലിക വൈസ് ചാൻസലർമാരെ നിയമിച്ച് ഗവർണർ വിജ്ഞാപനമിറക്കിയതിന് പിന്നാലെ വീണ്ടും പാനൽ സമർപ്പിച്ച് സർക്കാർ. കേരള ഡിജിറ്റൽ, സാങ്കേതിക (കെ.ടി.യു) സർവകലാശാല വി.സി നിയമനത്തിനാണ് സർക്കാർ നേരത്തേ സമർപ്പിച്ച പാനൽ വെള്ളിയാഴ്ച വീണ്ടും രാജ്ഭവന് കൈമാറിയത്.

കെ.ടി.യു വി.സി പദവിയിലേക്ക് മുൻ രജിസ്ട്രാറും തിരുവനന്തപുരം സി.ഇ.ടി അധ്യാപകനുമായ ഡോ. പ്രവീൺ, സാങ്കേതിക വിദ്യാഭ്യാസ ഡയറക്ടർ ഡോ. ജയചന്ദ്രൻ, കൊല്ലം ടി.കെ.എം എൻജിനീയറിങ് കോളജ് അധ്യാപകൻ ഡോ. സജീബ് എന്നിവരുടെ പേരാണ് പാനലിൽ. കെ.ടി.യു മുൻ വി.സി ഡോ. എം.എസ്. രാജശ്രീ, ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ എക്സിക്യുട്ടീവ് വൈസ് പ്രസിഡന്റ്‌ ഡോ. കെ.പി. സുധീർ, കാലിക്കറ്റ്‌ സർവകലാശാല മുൻ വി.സി ഡോ. എം.കെ. ജയരാജ്‌ എന്നിവരുടെ പേരാണ് ഡിജിറ്റൽ യൂനിവേഴ്സിറ്റി പാനലിലുള്ളതെന്നാണ് സൂചന.

നേരത്തെ സർക്കാർ ഇതേ പേര് ഉൾപ്പെടുത്തി സമർപ്പിച്ച പാനൽ തള്ളിയാണ് ഗവർണർ താൽക്കാലിക വി.സി നിയമനം നടത്തിയത്. സുപ്രീം കോടതി ഉത്തരവിന്റെ പശ്ചാത്തലത്തിലാണ് സർക്കാർ വീണ്ടും പാനൽ സമർപ്പിച്ചത്. പാനൽ രാജ്ഭവനിൽ എത്തുംമുമ്പ് താൽക്കാലിക വി.സി നിയമനം നടത്തി ഗവർണർ വിജ്ഞാപനമിറക്കി. രണ്ട് സർവകലാശാലകളിലും സർക്കാർ സമർപ്പിക്കുന്ന പാനലിൽനിന്നായിരിക്കണം താൽക്കാലിക വി.സി നിയമനമെന്നാണ് സർവകലാശാല നിയമത്തിലെ വ്യവസ്ഥ.

എന്നാൽ സർവകലാശാല നിയമപ്രകാരം മറ്റൊരു സർവകലാശാലയുടെ വി.സി, അതേ സർവകലാശാലയുടെ പി.വി.സി, ഉന്നത വിദ്യാഭ്യാസ വകുപ്പ് സെക്രട്ടറി (ഡിജിറ്റൽ സർവകലാശാലയിൽ ഐ.ടി സെക്രട്ടറി) എന്നിവരുടെ പേര് അടങ്ങിയ പാനലാണ് താൽക്കാലിക വി.സി നിയമനത്തിന് സമർപ്പിക്കേണ്ടതെന്നും സർക്കാർ സമർപ്പിച്ചത് നിയമപ്രകാരമുള്ള പാനൽ അല്ലെന്നുമാണ് രാജ്ഭവൻ നിലപാട്.

Tags:    
News Summary - kerala digital university ktu vc nominees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT