സ്തംഭനം തുടർന്ന് പാർലമെന്റ്ന്യൂഡൽഹി: ‘വോട്ടു ബന്ദി’ എന്ന ബിഹാർ വോട്ടർ പട്ടിക തീവ്ര പരിശോധനക്കെതിരെ പാർലമെന്റിന് അകത്തും പുറത്തും പ്രതിഷേധം തുടർന്ന ഇൻഡ്യ എം.പിമാർ ഇരുസഭകളും വ്യാഴാഴ്ചയും സ്തംഭിപ്പിച്ചു. യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഇന്ത്യക്കുമേൽ 25 ശതമാനം തീരുവയും പിഴയും ചുമത്തിയതിനെ തുടർന്ന് കേന്ദ്ര മന്ത്രി പിയൂഷ് ഗോയൽ നടത്തിയ പ്രസ്താവന മാത്രമാണ് ഇരുസഭകളിലും ആകെ നടന്നത്. പിയൂഷിന്റെ പ്രസംഗവും പ്രതിപക്ഷ പ്രതിഷേധത്തിൽ മുങ്ങി.
രാവിലെ പാർലമെന്റ് മന്ദിരത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ അധ്യക്ഷതയിൽ യോഗം ചേർന്ന ഇൻഡ്യ നേതാക്കൾ അതിനുശേഷം 10.30ന് പാർലമെന്റ് കവാടത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. വിഷയത്തിൽ അടിയന്തര പ്രമേയത്തിനുള്ള നോട്ടീസും ഇൻഡ്യ എം.പിമാർ ഇരുസഭകളിലും നൽകിയിരുന്നു. രാവിലെ 11ന് ലോക്സഭ ചേർന്നപ്പോൾ പ്രതിപക്ഷം പ്രതിഷേധവുമായി നടുത്തളത്തിലിറങ്ങിയതുകണ്ട് ചോദ്യോത്തര വേള തുടരാനാവാതെ സ്പീക്കർ ഓം ബിർള രണ്ടുമണി വരെ നിർത്തിവെച്ചു. തുടർന്ന് ഉച്ചക്ക് രണ്ടിനും നിർത്തിവെച്ചശേഷം വൈകീട്ട് നാലിന് പിയൂഷ് ഗോയലിന്റെ പ്രസ്താവന മാത്രം വായിച്ച് ലോക്സഭ വെള്ളിയാഴ്ചത്തേക്ക് പിരിയുകയായിരുന്നു.
രാജ്യസഭയിൽ പ്രതിപക്ഷത്തിന്റെ പ്രതിഷേധത്തിനിടയിൽ തൃണമൂൽ കോൺഗ്രസ് അംഗങ്ങൾ പതിവില്ലാതെ നടുത്തളത്തിലിറങ്ങി. തുടർന്ന് 12നും രണ്ടിനും വീണ്ടും ചേർന്നിട്ടും നടപടികളിലേക്ക് കടക്കാനായില്ല. നാലരക്ക് പിയൂഷ് ഗോയലിന്റെ പ്രസ്താവനക്കുവേണ്ടി മാത്രമിരുന്ന് രാജ്യസഭ പിരിയുകയും ചെയ്തു.
ന്യൂഡൽഹി: ബിഹാർ തീവ്ര വോട്ടർപട്ടിക പരിശോധന (എസ്.ഐ.ആർ) റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷം പാർലമെൻറ് സ്തംഭിപ്പിക്കുന്നതിനിടെ കരട് വോട്ടർ പട്ടിക വെള്ളിയാഴ്ച പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷൻ അറിയിച്ചു. വോട്ടർ പട്ടികയുടെ ഡിജിറ്റലായും കടലാസിലായുമുള്ള പകർപ്പുകൾ 38 ജില്ലകളിലെയും ജില്ല തെരഞ്ഞെടുപ്പ് ഓഫിസർമാർ വഴി എല്ലാ അംഗീകൃത രാഷ്ട്രീയ പാർട്ടികൾക്കും നൽകുമെന്നും കമീഷൻ വ്യക്തമാക്കി. തീവ്ര പരിശോധനയുമായി മുന്നോട്ടു പോകാൻ സുപ്രീംകോടതി അനുമതി നൽകിയതിന്റെ അടിസ്ഥാനത്തിലാണ് കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിക്കുന്നത്. ബിഹാർ മുഖ്യ തെരഞ്ഞെടുപ്പ് ഓഫിസറും 243 ബൂത്തുതല ഓഫിസർമാരും ഓരോ നിയോജക മണ്ഡലത്തിലെയും വോട്ടുകൾ സംബന്ധിച്ച പരാതികളും ആക്ഷേപങ്ങളും വെള്ളിയാഴ്ച മുതൽ കേൾക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.