ഛത്തീസ്ഗഢ്; കന്യാസ്ത്രീകൾക്കെതിരെ മൊഴി നൽകാൻ ബജ്റംഗ്ദൾ നേതാവിന്റെ മർദനവും ഭീഷണിയും

ന്യൂഡൽഹി: ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകളുടെ കൂടെയുണ്ടായ പെൺകുട്ടികളുടെ നിർണായക വെളിപ്പെടുത്തൽ.  കാന്യാ​സ്ത്രീകൾക്കെതിരെ മൊഴി നൽകാൻ പെൺകുട്ടിക​ളെ നിർബന്ധിക്കുകയും ബജ്റംഗ്ദൾ നേതാവ് ജ്യോതി ശർമ ഭീഷണിപ്പെടുത്തിയതായും മർദിച്ചതായും വെളിപ്പെടുത്തി. അവർ പറഞ്ഞ വകുപ്പുകളനുസരിച്ചാണ് കേസെടുത്തതെന്നും ഇംഗ്ലീഷ്ദിനപത്രത്തിന് നൽകിയ അഭിമുഖത്തിൽ പെൺകുട്ടികൾ വെളിപ്പെടുത്തി. അറസ്റ്റിലായ കന്യാസ്ത്രീകളുടെ മോചനത്തിനായി  കേരളത്തനകത്തും പുറത്തും വ്യാപക ​പ്രക്ഷോഭങ്ങളാണ് നടക്കുന്നത്.

ഛത്തീസ്ഗഢിൽ അറസ്റ്റിലായ മലയാളി കന്യാസ്ത്രീകൾക്ക് ഇന്നോ നാളെയോ ജാമ്യം ലഭിക്കുമെന്ന് ഉറപ്പുനൽകി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. ജാമ്യം ലഭിക്കാനുള്ള നടപടികൾ തുടങ്ങിയെന്നും ​അമിത് ഷാ കേരളത്തിൽ നിന്നുള്ള എം.പിമാരെ അറിയിച്ചു. കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ലെന്നും കേസ് എൻ.ഐ.എ കോടതിയിലേക്ക് വിടേണ്ട ആവശ്യമുണ്ടായിരുന്നില്ലെന്നും അമിത് ഷാ എം.പിമാരോട് പറഞ്ഞു.

വിചാരണ കോടതിയിൽ തന്നെ ജാമ്യാപേക്ഷ നൽകാനാണ് ശ്രമം. അങ്ങനെ വരുമ്പോൾ ഛത്തീസ്ഗഢ് സർക്കാർ എതിർക്കില്ല. സെഷൻസ് കോടതിയാണ് കേസ് എൻ.ഐ.ക്ക് വിട്ടത്. അതിന്റെ ആവശ്യമേ ഉണ്ടായിരുന്നില്ല. മനുഷ്യക്കടത്ത് അടക്കമുള്ളവ അന്വേഷിക്കാൻ സംസ്ഥാന സർക്കാറാണ് എൻ.ഐ.എയെ സമീപിക്കേണ്ടത്. അതിൽ തന്നെ കേസെടുക്കാൻ എൻ.ഐ.എ ഡയറക്ടർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ അനുമതി തേടേണ്ടതുമുണ്ട്. ഒരു കേസ് എൻ.ഐ.ക്ക് നൽകണമോയെന്ന് തീരുമാനിക്കേണ്ടത് ആഭ്യന്തരമന്ത്രാലയമാണ്.

എൻ​.ഐ.എ കോടതിയിൽ നിന്ന് കേസ് വിടുതൽ ചെയ്യാൻ ഛത്തീസ്ഗഢ് സർക്കാർ തന്നെ അപേക്ഷ നൽകുമെന്നും അമിത്ഷാ വ്യക്തമാക്കി. ഇന്ന് തന്നെ വിചാരണ കോടതിയിൽ ജാമ്യാപേക്ഷ നൽകുന്നതിനാൽ എത്രയും പെട്ടെന്ന് ജാമ്യം ലഭിക്കാനാണ് സാധ്യതയെന്നും അമിത് ഷാ പറഞ്ഞു. അതിനിടെ കന്യാസ്​ത്രീകളുടെ വിഷയത്തിൽ അനുകൂലമായ സമീപനമാണ് അമിത് ഷായുടെ ഭാഗത്ത്നിന്നുണ്ടായതെന്ന് എൻ.കെ. പ്രേമചന്ദ്രൻ എം.പി മാധ്യമങ്ങളോട് പ്രതികരിച്ചു. രണ്ട് കന്യാസ്ത്രീകൾക്കും ജാമ്യം ലഭിക്കാൻ കേന്ദ്രം എല്ലാ സഹായവും നൽകുമെന്ന് അമിത് ഷാ ഉറപ്പ് നൽകിയതായും അദ്ദേഹം കൂട്ടിച്ചേർത്തു.

യു.ഡി.എഫ് എം.പിമാരായ എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ഫ്രാൻസിസ് ജോർജ് എന്നിവരാണ് അമിത് ഷായെ കണ്ട് കന്യാസ്ത്രീകളുടെ മോചനത്തിന് കേന്ദ്രസർക്കാർ അടിയന്തര ഇടപെടൽ നടത്തണമെന്ന് ആവശ്യപ്പെട്ടത്. ലോക്‌സഭയിലെ ശൂന്യവേളയിലും എം.പിമാരായ കെ.സി. വേണുഗോപാലും കെ. സുരേഷും ഈ വിഷയം ഉന്നയിച്ചിരുന്നു. കന്യാസ്ത്രീകളെ മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക ഗാന്ധി ഉൾപ്പെടെയുള്ള കേരള എം.പിമാർ പാർലമെന്റിന് പുറത്ത് പ്രതിഷേധ മാർച്ച് നടത്തുകയും ചെയ്തു.

കഴിഞ്ഞാഴ്ചയാണ് ഛത്തീസ്ഗഢിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ വെച്ച് നിർബന്ധിത മതപരിവർത്തനം, മനുഷ്യക്കടത്ത് എന്നീ കുറ്റങ്ങൾ ചുമത്തി കന്യാസ്ത്രീകളായ പ്രീ​തി​മേ​രി, വ​ന്ദ​ന ഫ്രാ​ൻ​സി​സ് എന്നിവരെ അറസ്റ്റ് ചെയ്തത്.

Tags:    
News Summary - Bajrang Dal leader beaten and threatened for taking statement against Chhattisgarh nuns

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.