'അടവുനയമില്ല, സാമ്പാർ മുന്നണിയും വേണ്ട, സ്ഥാനാർഥി നിർണയവും ഒരുമിച്ച്'; സാദിഖലി തങ്ങളുടെ വസതിയിൽ അടച്ചിട്ട മുറിയിൽ ചർച്ച, നിയമസഭ തെരഞ്ഞെടുപ്പിന് കരുക്കൾ നീക്കി സതീശൻ

മലപ്പുറം: നിയമസഭ തെരഞ്ഞെടുപ്പിലെ സ്ഥാനാർഥിനിർണയത്തിലേക്ക് അതിവേഗം കടക്കാൻ യു.ഡി.എഫ്. ചൊവ്വാഴ്ച പാണക്കാട്ട്, ലീഗ് നേതാക്കളുമായി പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ നടത്തിയ ചർച്ചയിൽ പ്രധാനമായും വിഷയമായത് തെരഞ്ഞെടുപ്പ് കാര്യങ്ങളാണ്. ചർച്ചയിൽ പാണക്കാട് സാദിഖലി തങ്ങളും പി.കെ. കുഞ്ഞാലിക്കുട്ടിയും മാത്രമാണ് പ​ങ്കെടുത്തത്.

സാദിഖലി തങ്ങളുടെ വസതിയിൽ അടച്ചിട്ട മുറിയിൽ നടന്ന ചർച്ച ഒരു മണിക്കൂറോളം നീണ്ടു. തദ്ദേശ തെരഞ്ഞെടുപ്പിനൊപ്പംതന്നെ നിയമസഭ തെരഞ്ഞെടുപ്പിനുള്ള മുന്നൊരുക്കങ്ങൾ തുടങ്ങാൻ ധാരണയായി. കോൺഗ്രസും ലീഗും വെവ്വേറെ സമയങ്ങളിൽ സ്ഥാനാർഥികളെ നിർണയിക്കുന്നതിന് പകരം യു.ഡി.എഫ് ഒന്നടങ്കം സ്ഥാനാർഥിനിർണയത്തിലേക്ക് അതിവേഗം കടക്കും. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം സ്ഥാനാർഥികൾ രംഗപ്രവേശനം ചെയ്യുന്ന സാഹചര്യം അനുവദിക്കില്ല.

ഒരു മണ്ഡലത്തിൽ ഒന്നിലധികം സ്ഥാനാർഥികൾ അവകാശവാദവുമായി ഉ​ണ്ടെങ്കിൽ ഉടൻ​ അതിൽ ഫോർമുല രൂപപ്പെടുത്തി പ്രശ്നം പരിഹരിക്കും. നിലമ്പൂർ ഉപതെരഞ്ഞെടുപ്പിലെ മാതൃക ഉൾക്കൊണ്ട് മുന്നോട്ടുപോകും. നിയമസഭ തെരഞ്ഞെടുപ്പിൽ വ്യത്യസ്ത ഘടകകക്ഷികൾ എന്നതിനു പകരം യു.ഡി.എഫ് ഒറ്റപാർട്ടിയായി തെരഞ്ഞെടുപ്പിനെ നേരിടുക എന്ന നയമാകും ഉണ്ടാവുക. തദ്ദേശ തെര​ഞ്ഞെടുപ്പിൽ മലപ്പുറം ജില്ലയിലടക്കം കെട്ടുറപ്പോടെ മുന്നോട്ടുപോകാൻ ലീഗ്-കോൺഗ്രസ് ചർച്ചയിൽ ധാരണയായി. പ്രാദേശിക ഭിന്നതകൾ ഉഭയകക്ഷിചർച്ചകളിലൂടെ പരിഹരിക്കും.

അടവുനയമോ സാമ്പാർ മുന്നണികളോ മുന്നണി മാറിയുള്ള മത്സരങ്ങളോ അനുവദിക്കി​ല്ല. നിയമസഭ തെരഞ്ഞെടുപ്പിനുമുമ്പ് യു.ഡി.എഫിന്റെ അടിത്തറ വിപുലമാക്കുമെന്ന് ചർച്ചക്കുശേഷം വി.ഡി. സതീശൻ പ്രതികരിച്ചു.

ഉജ്ജ്വല ഭൂരിപക്ഷത്തോടെ അധികാരത്തില്‍ തിരിച്ചുവരും. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. അവര്‍ പൂര്‍ണമായും ഒപ്പമുണ്ടെന്നും വി.ഡി. സതീശൻ കൂട്ടി​ച്ചേർത്തു. പ്രതിപക്ഷനേതാവിനെ വനവാസത്തിനു പോകാന്‍ അനുവദിക്കി​ല്ലെന്ന് മുസ്‍ലിംലീഗ് ദേശീയ ജന. സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടിയും പറഞ്ഞു. പ്രതിപക്ഷനേതാവിനേക്കാള്‍ ഇരട്ടി ആത്മവിശ്വാസമാണ് ലീഗിനുള്ളതെന്ന് സാദിഖലി തങ്ങൾ ​പ്രതികരിച്ചു.

Tags:    
News Summary - Legislative Assembly: V.D. Satheesan met with UDF and League leaders to proceed with candidate selection

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.