കൽപറ്റ: ജൂലൈ 30ന് മേപ്പാടി പഞ്ചായത്തിലെ മൂന്ന് വാർഡുകളെ ഉരുൾ ദുരന്തം കശക്കിയെറിഞ്ഞപ്പോൾ ബാക്കിയായവരെ ചേർത്തു പിടിക്കേണ്ടതിന്റെ വലിയ ഉത്തരവാദിത്തത്തിലായിരുന്നു സർക്കാറും രാഷ്ട്രീയ മത സംഘടനകളും സന്നദ്ധ സംഘടനകളും ഉൾപ്പടെയുള്ളവർ. താൽക്കാലികമായി ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് മാറ്റപ്പെട്ട 1200 ലധികം ദുരന്ത ബാധിതർക്ക് പുതിയ ഇടം എത്രയും പെട്ടെന്ന് കണ്ടെത്തേണ്ടതായിരുന്നു അതിപ്രധാനം. ശരീരം മാത്രം ബാക്കിയാക്കി കൂടെയുള്ളവരേയും ജീവിത സമ്പാദ്യങ്ങളുമെല്ലാം ഉരുൾ കൊണ്ടുപോയപ്പോൾ ആ മഹാദുരന്തത്തിന്റെ ആഴം നേരിട്ട് അനുഭവിച്ചവരുടെ മനസ്സും ശരീരവും ഒരു പോലെ മരവിച്ചിരുന്നു.
വിവിധ സ്കൂളുകളിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ ഓരോ ദിവസങ്ങളും അവർക്ക് നൽകിയത് ഉറക്കമില്ലാത്ത രാത്രികളായിരുന്നു. തുടർന്നാണ് ഉരുൾപൊട്ടലിൽ നിന്ന് രക്ഷപ്പെട്ടവരെ താൽക്കാലികമായി വാടക വീടുകളിൽ താമസിപ്പിക്കാൻ സർക്കാർ ആലോചിച്ചത്. അങ്ങനെയാണ് 6000 രൂപ വാടക നിശ്ചയിച്ച് 813 കുടുംബങ്ങൾക്ക് ജില്ലയിലെ വിവിധ ഭാഗങ്ങളിൽ വാടക വീടുകൾ സജ്ജീകരിച്ചത്. കുടുംബ വീടുകളിലേക്ക് താമസം മാറ്റിയവർക്കുൾപ്പെടെ വാടക നൽകാനായിരുന്നു സർക്കാർ തീരുമാനം. തൊഴിൽ നഷ്ടപ്പെട്ടവർക്ക് 300 രൂപ ദിനബത്ത എന്ന നിലയിൽ മാസം 9000 രൂപ വീതം വേറെയും അനുവദിച്ച് ദുരന്ത ബാധിതരെ സർക്കാർ ചേർത്തുനിർത്തി. ആദ്യ ഘട്ടത്തിൽ 1123 പേർക്കാണ് ഇത്തരത്തിൽ ദിനബത്ത ലഭിച്ചത്.
മേപ്പാടി, മൂപ്പൈനാട്, വൈത്തിരി, മുട്ടിൽ, അമ്പലവയൽ, വെങ്ങപ്പള്ളി, കണിയാമ്പറ്റ, മീനങ്ങാടി പഞ്ചായത്തുകളിലും കൽപറ്റ നഗരസഭയിലുമായാണ് ദുരന്തബാധിതരിൽ ഭൂരിഭാഗം പേരും താമസിക്കുന്നത്. എന്നാൽ, ദുരന്തമുണ്ടായി മൂന്നുമാസം കഴിഞ്ഞതോടെ സർക്കാർ ലിസ്റ്റിൽ നിന്ന് ദുരന്ത ബാധിതരുടെ എണ്ണം ക്രമാതീതമായി കുറയാൻ തുടങ്ങി. ഒരു വർഷം കൊണ്ട് 278 കുടുംബങ്ങളെ ഇത്തരത്തിൽ ഒഴിവാക്കി. ദിനബത്തയുടെ കാര്യത്തിലും സർക്കാർ ഇത്തരത്തിൽ വെട്ടിനിരത്തൽ നടത്തി. 1123 പേർക്ക് ദിനബത്ത ലഭിച്ചപ്പോൾ വിവിധ കാരണങ്ങൾ പറഞ്ഞ് 522 പേരെ ലിസ്റ്റിൽനിന്ന് ഒഴിവാക്കുകയായിരുന്നു. പട്ടിക ചുരുക്കിയതോടെ പല കുടുംബങ്ങളും പട്ടിണിയിലും അർധ പട്ടിണിയിലുമായി.
എസ്റ്റേറ്റുകളിൽ ജോലി ചെയ്യുന്നവരാണ് പലരും. ബെയ്ലി പാലം കടക്കാതെ എസ്റ്റേറ്റിലേക്ക് പോകാൻ വഴിയില്ല. മഴ ശക്തമായാൽ ഭരണകൂടം ബെയ്ലി പാലം അടക്കും. ചിലപ്പോൾ അപ്പുറത്ത് റോഡിൽ വെള്ളം കയറും. മുന്നൂറോളം കുടുംബങ്ങളാണ് ഇത്തരത്തിൽ തൊഴിലെടുക്കാനാകാതെ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായത്. ഇവർക്ക് മഴക്കാലം കഴിയുന്നത് വരേയെങ്കിലും ദിനബത്ത പുനരാരംഭിക്കണമെന്ന ആവശ്യം ചുവപ്പ് നാടയിൽ വിശ്രമിക്കുകയാണ്. ടാക്സി വാഹനങ്ങൾ ഓടിച്ച് അന്നം കണ്ടെത്തിയ പലർക്കും ഇപ്പോൾ പണിയുമില്ല, ദിനബത്തയുമില്ല.
ചൂരൽ മലയിൽ ഉൾപ്പെടെ ചെറുകിട കച്ചവടം നടത്തിയവർക്ക് സ്ഥാപനം തുറക്കാൻ പോലും കഴിയുന്നില്ല. സർക്കാറിന്റെ അന്തിമ ലിസ്റ്റ് വരുന്നതോടെ ഇനിയും ഏറെ കുടുംബങ്ങൾ സർക്കാർ സഹായത്തിന് പുറത്താകും. വാടക വീടുകളിൽ നിന്ന് ഒഴിയേണ്ടിയും വരും. ജോലിയും വീടും ഇല്ലാതെ വലിയൊരു ചോദ്യ ചിഹ്നമാകും ഈ ദുരന്ത ബാധിതരുടെ ജീവിതം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.