കൊച്ചി: ബലാത്സംഗ കേസിൽപെടുത്തുമെന്ന് ഭീഷണിപ്പെടുത്തി ഐ.ടി കമ്പനി ഉടമയിൽനിന്ന് 30 കോടി രൂപ തട്ടാൻ ശ്രമിച്ച ദമ്പതികൾ പിടിയിൽ. തൃശൂർ ചാവക്കാട് വലപ്പാട് പാനിക്കെട്ടി വീട്ടിൽ ശ്വേത, ഭർത്താവ് കൃഷ്‌ണരാജ് എന്നിവരെയാണ് ഹണിട്രാപ്പ് കേസിൽ സെൻട്രൽ പൊലീസ് അറസ്‌റ്റ് ചെയ്‌തത്.
കാക്കനാട് ഇൻഫോപാർക്കിലെ ഐ.ടി കമ്പനി ഉടമയെ ഭയപ്പെടുത്തി പണം അപഹരിക്കാൻ ശ്രമിച്ച കേസിലാണ് അറസ്റ്റ്. ശ്വേത കമ്പനിയിലെ മുൻ ജീവനക്കാരിയാണ്. ഇവിടെനിന്ന് രാജിവെച്ചശേഷം തനിക്ക് കമ്പനി ഉടമയുമായി അവിഹിതബന്ധമുണ്ടെന്ന് ശ്വേത പ്രചാരണം നടത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കമ്പനി ഉടമയെ ബലാത്സംഗ കേസിൽപെടുത്തുമെന്നും ശ്വേതയും ഭർത്താവും ഭീഷണിപ്പെടുത്തി.
23ന് വൈകീട്ട് ഏഴിന് കമ്പനിയിലെ മറ്റു സ്റ്റാഫുകളിൽ ചിലരെ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി. 30 കോടി രൂപ നൽകണമെന്നും അതിനുള്ള കരാർ ഒപ്പിട്ട് നൽകണമെന്നും ഇവർ ആവശ്യപ്പെട്ടു. 10 കോടി രൂപ കൃഷ്‌ണരാജിന്‍റെ അക്കൗണ്ടിലേക്ക് ഉടൻ ട്രാൻസ്ഫർ ചെയ്യണം, ബാക്കി തുക 10 കോടിയുടെ രണ്ട് ചെക്കുകളായി നൽകണമെന്നും ഇവർ പറഞ്ഞു. ഇല്ലെങ്കിൽ കമ്പനിക്ക് കോടികളുടെ നഷ്ടം സംഭവിപ്പിക്കുമെന്നുമായിരുന്നു ഭീഷണി.
തുടർന്ന് തിങ്കളാഴ്ച കമ്പനി ഉടമയുടെ അക്കൗണ്ടിൽനിന്ന് 50,000 രൂപ ദമ്പതികൾക്ക് ട്രാൻസ്‌ഫർ ചെയ്‌തുകൊടുത്തു. കമ്പനി ഡയറക്ടറുടെ പക്കൽനിന്ന് 20 കോടിയുടെ രണ്ട് ചെക്കും ഇവർ വാങ്ങുകയായിരുന്നു. പരാതിയുടെ അടിസ്ഥാനത്തിൽ സെൻട്രൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. പ്രതികളുടെ പക്കൽനിന്ന് 20 കോടിയുടെ ചെക്ക് ലീഫും കരാർ രേഖകളും പൊലീസ് കണ്ടെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.