ഡോ. പി. പൂക്കുഞ്ഞിക്കോയ
കൊച്ചി: ലക്ഷദ്വീപ് മുൻ എം.പി ഡോ. പി. പൂക്കുഞ്ഞിക്കോയ (76) അന്തരിച്ചു. വാർധക്യസഹജ അസുഖങ്ങളാൽ സ്വദേശമായ അമിനിയിൽ ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെയായിരുന്നു അന്ത്യം. എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം ഉന്നതാധികാര സമിതി അംഗമായിരുന്നു. ഡോക്ടറായ അദ്ദേഹം ലക്ഷദ്വീപിലെ രാഷ്ട്രീയ, സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമായിരുന്നു.
2004ൽ ജെ.ഡി.യു സ്ഥാനാർഥിയായി മത്സരിച്ച് വിജയിച്ച് ലക്ഷദ്വീപിൽനിന്ന് 14ാം ലോക്സഭയിൽ അംഗമായി. തുടർച്ചയായി വർഷങ്ങളോളം ലക്ഷദ്വീപിനെ പാർലമെന്റിൽ പ്രതിനിധീകരിച്ച കോൺഗ്രസിലെ പി.എം. സഈദിനെ പരാജയപ്പെടുത്തിയായിരുന്നു വിജയം. അമിനിയിൽ ചെറിയ കോയയുടെയും മുത്തുബിയുടെയും മകനാണ്. 1949 ജനുവരി ഒന്നിനായിരുന്നു ജനനം. 1973ൽ വിവാഹിതനായി.
ആന്ധ്രപ്രദേശിലെ ഗുണ്ടൂർ മെഡിക്കൽ കോളജിൽനിന്നാണ് അദ്ദേഹം എം.ബി.ബി.എസ് കരസ്ഥമാക്കിയത്. എം.പിയായിരുന്ന കാലഘട്ടത്തിൽ ലോക്സഭയിലെ വിവരസാങ്കേതികവിദ്യ, പട്ടികജാതി-വർഗ വിഭാഗങ്ങളുടെ ക്ഷേമം, വനിത ശാക്തീകരണം, ആരോഗ്യ കുടുംബക്ഷേമം എന്നിവയുമായി ബന്ധപ്പെട്ട കമ്മിറ്റികളിൽ അംഗമായിരുന്നു.
പ്രാദേശിക മേഖലകളിലെ സാധാരണക്കാരായ ആളുകൾക്ക് വൈദ്യസഹായം നൽകുന്നതടക്കം സാമൂഹിക സേവന പ്രവർത്തനങ്ങളിൽ വ്യാപൃതനായിരുന്നു. വിദ്യാർഥി കാലഘട്ടം മുതൽ പൊതുപ്രവർത്തനങ്ങളിൽ സജീവമായ പൂക്കുഞ്ഞിക്കോയ അമിനി ഗവ. ഹൈസ്കൂൾ ലീഡർ, കാലിക്കറ്റ് ഗവ. ആർട്സ് കോളജ് സ്റ്റുഡൻറ്സ് യൂനിയൻ ജനറൽ സെക്രട്ടറി, ഗുണ്ടൂർ മെഡിക്കൽ കോളജ് യൂനിയൻ ചെയർമാൻ, ആന്ധ്രപ്രദേശ് ജൂനിയർ ഡോക്ടേഴ്സ് അസോസിയേഷൻ നേതാവ്, ലക്ഷദ്വീപ് മെഡിക്കൽ ആൻഡ് ഹെൽത്ത് സർവിസസ് ഡയറക്ടർ, അമിനി പി.എച്ച്.സി മെഡിക്കൽ ഓഫിസർ, ന്യൂഡൽഹി സി.എച്ച്.എച്ച്.എ സീനിയർ മെഡിക്കൽ ഓഫിസർ, കവരത്തി ഐ.ജി ആശുപത്രി ചീഫ് മെഡിക്കൽ ഓഫിസർ എന്നിങ്ങനെ വിവിധ പദവികൾ വഹിച്ചു. കവരത്തി ആസ്ഥാനമായ ലക്ഷദ്വീപ് ഫൗണ്ടേഷൻ എൻ.ജി.ഒ പ്രസിഡൻറ്, എൻ.സി മാസ്റ്റർ ട്രസ്റ്റ് സ്ഥാപക പ്രസിഡൻറ്, ഐ.എം.എ ലക്ഷദ്വീപ് വൈസ് പ്രസിഡൻറ് എന്നിങ്ങനെ ചുമതലകളും അദ്ദേഹം വഹിച്ചിട്ടുണ്ട്.
സാറോമ്മബിയാണ് ഭാര്യ. താഹിറ, കോയ മുർതസ മിറാജ്, അഭിഭാഷകനും എൻ.സി.പി (എസ്.പി) ലക്ഷദ്വീപ് ഘടകം പ്രസിഡൻറുമായ അഡ്വ. കോയ അറഫ മിറാജ് എന്നിവർ മക്കളാണ്. മരുമക്കൾ: ശാഫി കുന്നാങ്കലം, പി.പി. നഫീസത്ത്ബി, സുമയ്യ ബീബി. അമിനി ദ്വീപിലെ കൗലെ പള്ളി ഖബർസ്ഥാനിൽ ഖബറടക്കം നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.