തിരുവനന്തപുരം: മഹൽ, അറബി ഭാഷാപഠന വിലക്കിന് പിന്നാലെ, രണ്ടു സർക്കാർ സ്കൂളുകൾക്ക് പൂട്ടിട്ട് ലക്ഷദ്വീപ് ഭരണകൂടം. 135 കുട്ടികൾ പഠിക്കുന്ന ആന്ത്രോത്ത് മേച്ചേരി ഗവ. ജൂനിയർ ബേസിക് സ്കൂൾ, 208 പേർ പഠിച്ചിരുന്ന അഗത്തി സൗത്ത് ഗവ. ജൂനിയർ ബേസിക് സ്കൂൾ എന്നിവയാണ് അടച്ചുപൂട്ടി ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ പത്മാകർ റാം ത്രിപാഠി ഉത്തരവിട്ടത്.
സമീപകാലത്ത് പുതിയ കെട്ടിടം പണിത മേച്ചേരി ഗവ. ജൂനിയർ ബേസിക് സ്കൂൾ പൂട്ടി ഇവിടത്തെ കുട്ടികളെ രണ്ടര കിലോമീറ്റർ അകലെയുള്ള ഗവ. എസ്.ബി സ്കൂൾ എടച്ചേരിയിലേക്ക് മാറ്റാനാണ് ഉത്തരവ്. ഇതിൽ അഗത്തി സൗത്ത് ഗവ. ജൂനിയർ ബേസിക് സ്കൂൾ കെട്ടിടം കഴിഞ്ഞ 19ന് രാത്രിയിൽ ദ്വീപ് ഭരണകൂടം ഇടിച്ചുനിരത്തി. സ്കൂൾ അടച്ചുപൂട്ടൽ ഉത്തരവിനെതിരെ ആന്ത്രോത്ത് ദ്വീപിൽ തിങ്കളാഴ്ച വിദ്യാഭ്യാസ ബന്ദിന് ആഹ്വാനം ചെയ്തിട്ടുണ്ട്. വിദ്യാർഥികൾ പഠിപ്പുമുടക്കിയാണ് എസ്.എം.സികളുടെ നേതൃത്വത്തിൽ വിദ്യാഭ്യാസ ബന്ദ് സംഘടിപ്പിക്കുന്നത്. ദ്വീപിൽ പുതിയ അധ്യയന വർഷം ആരംഭിച്ച ജൂൺ ഒമ്പതു മുതൽ രണ്ടു സ്കൂളുകളും തുറന്നിട്ടില്ല. മേച്ചേരി സ്കൂളിൽ പഠിക്കുന്ന വിദ്യാർഥികളും അവരുടെ രക്ഷിതാക്കളും അടഞ്ഞുകിടക്കുന്ന സ്കൂളിനു മുന്നിലെത്തി പ്രതിഷേധം നടത്തി മടങ്ങുകയാണ്. പകരം നിർദേശിച്ച രണ്ടര കിലോമീറ്റർ അകലെയുള്ള എടച്ചേരി സ്കൂളിലേക്ക് കുട്ടികളെ അയക്കാതെ പ്രതിഷേധവും നിയമപോരാട്ടവും നടത്തുകയാണ് രക്ഷിതാക്കളും സ്കൂൾ എസ്.എം.സിയും. ഇതുസംബന്ധിച്ച് കേരള ഹൈകോടതിയെയും സമീപിച്ചിട്ടുണ്ട്.
മെച്ചപ്പെട്ട ഭൗതിക സൗകര്യവും മാനവവിഭവശേഷിയും ഉറപ്പുവരുത്താനാണ് നിലവിലുള്ള രണ്ടു സ്കൂളുകളും അടച്ചുപൂട്ടി മറ്റുള്ളവയിൽ ലയിപ്പിക്കാൻ കാരണമായി ഉത്തരവിൽ പറയുന്നത്. അഗത്തി സൗത്ത് ഗവ. ജൂനിയർ ബേസിക് സ്കൂൾ കെട്ടിടത്തിന് ഫിറ്റ്നസ് പ്രശ്നമുണ്ടെന്ന് മരാമത്ത് വകുപ്പിൽ നിന്ന് റിപ്പോർട്ടും വാങ്ങി.
ഈ റിപ്പോർട്ടിന്റെ മറവിലാണ് 19ന് രാത്രിയിൽ ദ്വീപ് ഭരണകൂടം സ്കൂൾ കെട്ടിടം പൊളിച്ചുനീക്കിയത്. സ്കൂളുകളിലെ അധ്യാപകർ, ലയിപ്പിച്ച സ്കൂളുകളിലേക്ക് മാറിയെങ്കിലും കുട്ടികൾ മാറാൻ തയാറായിട്ടില്ല. നേരത്തെ ഒരു കിലോമീറ്റർ പരിധിയിൽ ലഭ്യമായിരുന്ന വിദ്യാഭ്യാസ സൗകര്യമാണ് മൂന്ന് കിലോമീറ്റർ വരെ സഞ്ചരിക്കേണ്ട രീതിയിലേക്ക് മാറ്റിയത്. മഹൽ, അറബി ഭാഷകൾ വിലക്കുന്ന രീതിയിൽ ദ്വീപിലെ സ്കൂളുകളിൽ കേന്ദ്രസർക്കാറിന്റെ ത്രിഭാഷ പദ്ധതി നടപ്പാക്കിയുള്ള ഉത്തരവ് ഹൈകോടതി തടഞ്ഞിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.