കേന്ദ്ര വിഹിതത്തിന്‌ കാത്തുനിൽക്കാതെ നെല്ല് സംഭരണത്തിന്‌ 33.89 കോടി രൂപ കൂടി അനുവദിച്ച് സംസ്ഥാന സർക്കാർ

തിരുവനന്തപുരം: കർഷകരിൽനിന്ന്‌ സംഭരിച്ച നെല്ലിന്റെ സബ്‌സിഡിയായി 33.89 കോടി രൂപ കൂടി അനുവദിച്ചതായി ധനകാര്യ മന്ത്രി കെ.എൻ. ബാലഗോപാൽ.  നെല്ല്‌ സംഭരണ ചുമതലയുള്ള സംസ്ഥാന സിവിൽ സപ്ലൈസ്‌ കോർപറേഷനാണ്‌ തുക അനുവദിച്ചത്‌.  നേരത്തെ രണ്ടു ഘട്ടങ്ങളിലായി 285 കോടി രൂപ അനുവദിച്ചിരുന്നു. ഈ സാമ്പത്തിക വർഷം ബജറ്റിൽ 606 കോടി രൂപയാണ്‌ വകയിരുത്തിയത്. 318.89 കോടി രൂപ ഇതിനകം ലഭ്യമാക്കി.

നെല്ലു സംഭരണത്തിനുള്ള കേന്ദ്ര സർക്കാറിന്റെ താങ്ങുവില സഹായ കുടിശ്ശിക അനുവദിക്കാത്ത സാഹചര്യത്തിലും സബ്‌സിഡി വിതരണം സംസ്ഥാന സർക്കാർ ഉറപ്പാക്കുകയാണ്‌. കേന്ദ്രത്തിന്റെ താങ്ങുവില, ചരക്കുകൂലി സഹായത്തിൽ 1100 കോടി രൂപയോളം കുടിശ്ശികയാണ്‌. 2017 മുതലുള്ള തുകകൾ ഇതിൽ ഉൾപ്പടുന്നു.

കേന്ദ്ര സർക്കാർ വിഹിതത്തിന്‌ കാത്തുനിൽക്കാതെ, നെല്ല്‌ സംഭരിക്കുമ്പോൾതന്നെ കർഷകർക്ക് വില നൽകുന്നതാണ്‌ കേരളത്തിലെ രീതി. സംസ്ഥാന സബ്‌സിഡിയും ഉറപ്പാക്കി നെല്ലിന്‌ ഏറ്റവും ഉയർന്ന തുക ലഭ്യമാക്കുന്നതും കേരളത്തിലാണ്‌. മറ്റ്‌ സംസ്ഥാനങ്ങളിൽ കേന്ദ്ര സർക്കാർ താങ്ങുവില നൽകുമ്പോൾ മാത്രമാണ്‌ കർഷകന്‌ നെൽവില ലഭിക്കുന്നത്‌. 

കേരളത്തിൽ പി.ആർ.എസ്‌ വായ്‌പാ പദ്ധതിയിൽ കർഷകന്‌ നെൽവില ബാങ്കിൽനിന്ന്‌ ലഭിക്കും. പലിശയും മുതലും ചേർത്തുള്ള വായ്‌പാ തിരിച്ചടവ്‌ സംസ്ഥാന സർക്കാർ നിർവഹിക്കും. കർഷകന്‌ നൽകുന്ന ഉൽപാദന ബോണസിന്റെയും വായ്‌പാ പലിശയുടെയും ബാധ്യത സംസ്ഥാന സർക്കാറാണ്‌ തീർക്കുന്നത്‌. ഇതിലൂടെ നെല്ല്‌ ഏറ്റെടുത്താൽ ഉടൻ കർഷകന്‌ വില ലഭിക്കുന്നുവെന്ന്‌ ഉറപ്പാക്കുന്നു. വായ്‌പാ ബാധ്യത കർഷകന്‌ ഏറ്റെടുക്കേണ്ടി വരുന്നതുമില്ല. കേരളത്തിൽ മാത്രമാണ്‌ നെൽ കർഷകർക്കായി ഇത്തരമൊരു പദ്ധതി നിലവിലുള്ളത്‌.

Tags:    
News Summary - government funding, paddy procurement, state government, agriculture support, crop procurement, rural development, food security, government budget, rice farming, agricultural subsidies

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.