മുണ്ടക്കയം ഈസ്റ്റ് (കോട്ടയം): പെരുവന്താനം പഞ്ചായത്തിലെ മതമ്പയില്‍ റബര്‍ കര്‍ഷകനെ ടാപ്പിങ് ജോലിക്കിടെ കാട്ടാന തുമ്പിക്കൈകൊണ്ട് അടിച്ചുകൊന്നു. കാഞ്ഞിരപ്പള്ളി തമ്പലക്കാട് വണ്ടന്‍പുറം ഭാഗത്ത് കുറ്റിക്കാട്ട് പി.ജി. പുരുഷോത്തമനാണ് (64) കൊല്ലപ്പെട്ടത്.
ചൊവ്വാഴ്ച രാവിലെ 10.45ന് മതമ്പയില്‍ സ്വകാര്യ പാട്ടസ്ഥലത്തായിരുന്നു കാട്ടാന ആക്രമണം. മൂന്നുമാസംമുമ്പ് മതമ്പ കൊയ്‌നാട് റോഡിന് സമീപമുള്ള സ്വകാര്യ റബര്‍ തോട്ടം പാട്ടത്തിനെടുത്ത് ടാപ്പിങ് ജോലി നടത്തിവരുകയായിരുന്നു പുരുഷോത്തമന്‍. രാവിലെ പുരുഷോത്തമനും മകന്‍ രാഹുലും കൃഷിയിടത്തിലെത്തി ടാപ്പിങ് നടത്തുന്നതിനിടെ കാട്ടാന ചിന്നം വിളിച്ച് ഓടിയടുക്കുകയായിരുന്നു. ഇതുകണ്ട് രാഹുല്‍ ശബ്ദമുണ്ടാക്കി പിതാവിനെ വിളിച്ചെങ്കിലും പുരുഷോത്തമന്‍ കേട്ടിരുന്നില്ല.
ഇതിനിടയില്‍ പുരുഷോത്തമന്റെ അരികിലെത്തിയ ആന വയറിന് മുകള്‍ഭാഗത്തായി തുമ്പിക്കൈകൊണ്ട് അടിച്ചുതാഴെയിട്ടശേഷം കാട്ടിലേക്ക് കയറിപ്പോവുകയായിരുന്നു. ആന പോയതിന് തൊട്ടുപിന്നാലെ രാഹുല്‍ ഓടിയെത്തി പിതാവിനെ കോരിയെടുത്ത് സമീപത്തെ റബർ ഷെഡിലെത്തിച്ച് സമീപത്ത് തടിവെട്ടുന്ന തൊഴിലാളികളെ വിവരം അറിയിച്ചു.
അവര്‍ ജീപ്പുമായി എത്തി ഉടന്‍ 35ാംമൈലിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. പെരുവന്താനം പൊലീസ് ഇൻക്വസ്റ്റ് നടത്തി മൃതദേഹം കോട്ടയം മെഡിക്കല്‍ കോളജില്‍ പോസ്റ്റ്‌മോര്‍ട്ടം നടത്തി ബന്ധുക്കള്‍ക്ക് വിട്ടുനല്‍കി.
ഇന്ദിരയാണ് മരിച്ച പുരുഷോത്തമന്‍റെ ഭാര്യ. മറ്റൊരു മകൻ പ്രശാന്ത്. മരുമക്കള്‍: അനുമോള്‍, ഹരിത.
ഇതേ വാർഡിൽ കഴിഞ്ഞ ഫെബ്രുവരി 10ന് കാട്ടാന ആക്രമണത്തിൽ നെല്ലിവിള പുതുപ്പറമ്പിൽ ഇസ്മായിലിന്‍റെ ഭാര്യ സോഫിയ (46) കൊല്ലപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.