ന്യൂഡൽഹി: നിയമസഭ പാസാക്കുന്ന ബില്ലുകളിൽ തീരുമാനം എടുക്കാൻ സമയപരിധി നിശ്ചയിച്ച സുപ്രീംകോടതി വിധിയിൽ രാഷ്ട്രപതി ദ്രൗപദി മുർമു നൽകിയ റഫറൻസ് ഉത്തരം നൽകാതെ മടക്കണമെന്ന് കേരളം. ആവശ്യം ഉന്നയിച്ച് സുപ്രീം കോടതിയിൽ സംസ്ഥാന സര്‍ക്കാറിന്റെ സ്റ്റാൻഡിങ് കോണ്‍സല്‍ സി.കെ. ശശിയാണ് അപേക്ഷ സമർപ്പിച്ചത്.
നിയമസഭ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ ഗവർണർമാർക്കും രാഷ്ട്രപതിക്കും സമയപരിധി നിശ്ചയിച്ച വിധിയുമായി ബന്ധപ്പെട്ട് 14 വിഷയങ്ങളിലാണ് രാഷ്ട്രപതി ദ്രൗപദി മുര്‍മു സുപ്രീം കോടതിയിൽ നിന്ന് വ്യക്തത തേടിയത്. ഭരണഘടനയുടെ 143 (1) വകുപ്പ് പ്രകാരമായിരുന്നു രാഷ്ട്രപതിയുടെ നടപടി. ഭരണഘടനയുടെ 200, 201 വകുപ്പുകള്‍ പ്രകാരം നിയമസഭകള്‍ പാസാക്കുന്ന ബില്ലുകളില്‍ തീരുമാനമെടുക്കാന്‍ സമയപരിധി ഇല്ലെന്ന് സുപ്രീം കോടതിക്ക് കൈമാറിയ റഫറൻസിൽ രാഷ്ട്രപതി ദ്രൗപദി മുര്‍മു ചൂണ്ടിക്കാട്ടിയിരുന്നു.
ചീഫ് ജസ്റ്റിസ് ബി.ആര്. ഗവായ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് രാഷ്ട്രപതിയുടെ റഫറൻസ് പരിഗണിക്കുന്നത്. ചീഫ് ജസ്റ്റിസിന് പുറമെ ജസ്റ്റിസുമാരായ വിക്രം നാഥ്, സൂര്യകാന്ത്, എ.എസ്. ചന്ദുര്‍കര്‍, പി.എസ്. നരസിംഹ എന്നിവരടങ്ങിയതാണ് ബെഞ്ച്. നേരത്തെ, റഫറൻസുമായി ബന്ധപ്പെട്ട് അഭിപ്രായമറിയിക്കാൻ സംസ്ഥാന സർക്കാറുകളോട് കോടതി നിർദേശിച്ചിരുന്നു. തുടർന്നാണ് റഫറൻസ് ഉത്തരം നൽകാതെ മടക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സർക്കാർ കോടതിയിൽ അപേക്ഷ സമർപ്പിച്ചത്.
രാഷ്ട്രപതിയുടെ റഫറൻസിന് നിയമസാധുതയില്ലെന്നാണ് കേരളത്തിന്റെ വാദം. രാഷ്ട്രപതി ഉന്നയിച്ച 14 ചോദ്യങ്ങളില്‍ 11 എണ്ണത്തിനും തമിഴ്നാട് ഗവര്‍ണര്‍ കേസില്‍ സുപ്രീംകോടതി ഉത്തരം നല്‍കിയിട്ടുണ്ട്. കേസിൽ കോടതി ഉത്തരവിനെതിരെ കേന്ദ്രസർക്കാർ തിരുത്തൽ ഹരജിയോ പുനഃപരിശോധന ഹരജിയോ നൽകിയിട്ടില്ല. ഇതു കൊണ്ടുതന്നെ കോടതി നിഷ്കർഷിച്ച സമയപരിധി കേന്ദ്രം അംഗീകരിച്ചിട്ടുണ്ടെന്നാണ് കരുതാനാവുക. ഈ പശ്ചാത്തലത്തിൽ രാഷ്ട്രപതിയുടെ റഫറൻസ് ഉത്തരം നൽകാതെ മടക്കണമെന്നും കേരളം അപേക്ഷയിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.