വിദ്വേഷ പ്രചാരണങ്ങൾക്ക് പിന്നിൽ സി.പി.എം; യു.ഡി.എഫ് ശക്തമായി എതിർക്കുമെന്നും വി.ഡി. സതീശൻ

മലപ്പുറം: യു.ഡി.എഫിനെ തിളക്കമാർന്ന വിജയത്തിൽ അധികാരത്തിൽ എത്തിക്കാൻ സാധിച്ചിലെങ്കിൽ വനവാസമെന്നാണ് പറഞ്ഞതെന്നും അത് ഞങ്ങളുടെ ആത്മവിശ്വാസമാണെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പാണക്കാട് സാദിഖലി തങ്ങളുടെ വസതിയിൽ കൂടിക്കാഴ്ചക്ക് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉജ്ജ്വല ഭൂരിപക്ഷത്തോടെ യു.ഡി.എഫിന് അധികാരത്തില്‍ തിരിച്ചു വരാനാകും. അതില്‍ നിര്‍ണായകമായ പങ്ക് വഹിക്കുന്ന രാഷ്ട്രീയ പ്രസ്ഥാനമാണ് ലീഗ്. അവര്‍ പൂര്‍ണമായും ഒപ്പമുണ്ട്. നിലമ്പൂരില്‍ ഒറ്റ പാര്‍ട്ടിയായാണ് യു.ഡി.എഫ് പ്രവര്‍ത്തിച്ചത്. ഇന്ത്യയിലെ മുഴുവന്‍ സഖ്യങ്ങള്‍ക്കും മാതൃകയാണ് യു.ഡി.എഫ്. ഇന്ത്യ മുന്നണിയും ദേശീയതലത്തില്‍ ഇതുപോലെ ആകണമെന്നാണ് ഞങ്ങള്‍ ആഗ്രഹിക്കുന്നത്. സമുദായത്തെയും ജില്ലയെയും രാഷ്ട്രീയ പ്രസ്ഥാനത്തെയും അധിക്ഷേപിച്ചപ്പോള്‍ അങ്ങനെ പറയരുതെന്ന് മിതമായ വാക്കുകളിലാണ് പറഞ്ഞത്. ശ്രീനാരായണ ഗുരുദേവന്‍ എന്ത് പറയരുതെന്നും എന്ത് ചെയ്യരുതെന്നും പറഞ്ഞിരിക്കുന്നത് പറയരുതെന്നാണ് വിനീതമായി പറഞ്ഞത്.

ആരോടും വ്യക്തിപരമായ പ്രശ്‌നങ്ങളില്ല. പക്ഷെ ഏതു തരത്തിലുള്ള വര്‍ഗീയതയെയും വിദ്വേഷ പ്രചരണത്തെയും യു.ഡി.എഫ് ഒറ്റക്കെട്ടായി എതിര്‍ക്കും. അത്തരം കാര്യങ്ങള്‍ പറയുന്ന ആരുമായും ഒത്തുതീര്‍പ്പിനില്ല. വിദ്വേഷ പ്രചാരണത്തിന് പിന്നില്‍ സി.പി.എമ്മുണ്ട്. മുസ്ലീം ലീഗിന്റെ പ്രസക്തി എന്താണെന്ന് സി.പി.എം തിരിച്ചറിയണം. ലീഗ് ഉണ്ടാക്കിയിരിക്കുന്ന ഒരു രാഷ്ട്രീയ പരിസരമുണ്ട്. ലീഗിന് തീവ്രത പോരെന്ന് പറഞ്ഞ് നിലവില്‍ വന്ന എല്ലാ ശക്തികളെയും പ്രോത്സാഹിപ്പിക്കുന്നത് സി.പി.എമ്മാണ്. ഐ.എന്‍.എല്ലിനെയും എന്‍.ഡി.എഫിനെയും സി.പി.എം പ്രോത്സാഹിപ്പിച്ചു. ലീഗിന് തീവ്രവാദം ഇല്ലെന്ന് പറഞ്ഞവരെ കൂട്ടിപ്പിടിച്ചവരാണ് സി.പി.എം. മതസൗഹാര്‍ദമുണ്ടാക്കാന്‍ എല്ലാ കാലത്തും പരിശ്രമിച്ച പ്രസ്ഥാനമാണ് ലീഗ്. ബാബരി മസ്ജിദ് പ്രശ്‌നം വന്നപ്പോഴും അത് കണ്ടതാണ്. അന്ന് ശിഹാബ് തങ്ങള്‍ ചെയ്തതു പോലെ മുനമ്പം വിഷയം വന്നപ്പോള്‍ സാദിഖലി തങ്ങളും നിലപാടെടുത്തു. മുനമ്പത്തെ സമര സമിതി ബി.ജെ.പിക്കാരെ ആട്ടിയോടിച്ചു. യു.ഡി.എഫും തങ്ങളും പറഞ്ഞതായിരുന്ന ശരിയെന്ന് യാഥാര്‍ഥ്യമായി. അത് വര്‍ഗീയതക്ക് എതിരായ പോരാട്ടമായിരുന്നു. വര്‍ഗീയ വിദ്വേഷമുണ്ടാക്കാന്‍ ആര് ശ്രമിച്ചാലും അതിനെ ശക്തമായി എതിര്‍ക്കും.

രാജ്യത്ത് ഉടനീളം ക്രൈസ്തവരും ക്രൈസ്തവ ദേവാലയങ്ങളും അവരുടെ സ്ഥാപനങ്ങളും ആക്രമിക്കപ്പെടുകയാണ്. ക്രിസ്മസ് കൂട്ടായ്മകളും പ്രാര്‍ഥനകളും തടസപ്പെടുത്തുന്നു. നിരവധി വൈദികരും പാസ്റ്റര്‍മാരും ജയിലിലാണ്. നിരവധി വൈദികര്‍ക്ക് മര്‍ദനമേറ്റു. 90 വയസുള്ള വൈദികന്റെ കൈ പിന്നില്‍ കെട്ടി മര്‍ദ്ദിച്ചു. ഇപ്പോള്‍ രണ്ടു കന്യാസ്ത്രീകള്‍ ജയിലിലാണ്. പാര്‍ലമെന്റില്‍ നിന്നും പ്രതിപക്ഷ പ്രതിനിധി സംഘം ഛത്തീസ്ഗഢിലേക്ക് പോയിട്ടുണ്ട്. കേരളത്തില്‍നിന്ന് എം.എല്‍.എമാരായ റോജി എം. ജോണും സജീവും ജോസഫും ഛത്തീസ്ഗഢിലേക്ക് പോയിട്ടുണ്ട്. അവിടെ കുഴപ്പം കാണിക്കുന്നവരാണ് ആട്ടിന്‍തോലിട്ട ചെന്നായ്ക്കളെ പോലെ കേരളത്തില്‍ കേക്കുമായി എത്തുന്നത്. ആ പൊള്ളത്തരമാണ് തുറന്നു കാട്ടപ്പെട്ടതെന്നും സതീശൻ പ്രതികരിച്ചു.

Tags:    
News Summary - CPM behind hate campaigns -VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.