സഭാവസ്ത്രം ധരിച്ച് രാജ്യത്ത് സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്നു -മാർ ആൻഡ്രൂസ് താഴത്ത്

കൊച്ചി: ഛത്തീസ്ഗഡിലെ ദുർഗ് റെയിൽവേ സ്റ്റേഷനിൽ മനുഷ്യക്കടത്ത് ആരോപിച്ച് രണ്ട് കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് ജയിലിടച്ച് സംഭവം അത്യന്തം പ്രതിഷേധാർഹവും വേദനാജനകവും ആണെന്ന് സിബിസിഐ പ്രസിഡന്റും തൃശൂർ അതിരൂപത അധ്യക്ഷനുമായ മാർ ആൻഡ്രൂസ് താഴത്ത്. സന്യസ്തർക്ക് സഭ വസ്ത്രം ധരിച്ച് രാജ്യത്ത് സ്വതന്ത്രമായി സഞ്ചരിക്കാനുള്ള സ്വാതന്ത്ര്യം പോലും നിഷേധിക്കുന്ന തുടർ സംഭവങ്ങളിൽ ഒന്നു മാത്രമാണ് ദുർഗ് സംഭവം.

രാജ്യത്തെ മതേതര ഭരണഘടന ഉറപ്പു നൽകുന്ന ന്യൂനപക്ഷ അവകാശങ്ങളുടെയും മതസ്വാതന്ത്ര്യത്തിന്റെയും നഗ്നമായ ലംഘനമാണിത് എന്നതിൽ സംശയമില്ല. ദുർഗ് സംഭവം രാജ്യത്ത് ക്രൈസ്തവ മതന്യൂനപക്ഷങ്ങൾക്കിടയിൽ ഭീതി സൃഷ്ടിച്ചിരിക്കുകയാണ്. മതന്യൂനപക്ഷങ്ങൾക്ക് ഭയമില്ലാതെ പ്രവർത്തിക്കുന്നതിന് ആവശ്യമായ സംരക്ഷണം നൽകാൻ പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും മാർ താഴത്ത് ആവശ്യപ്പെട്ടു.

ഈ വിഷയത്തെ രാഷ്ട്രീയ ആയുധമാക്കുന്നതിനോട് സഭ യോജിക്കുന്നില്ല. രാഷ്ട്രീയ പ്രേരിതമായ കുറ്റപ്പെടുത്തലുകളല്ല, ക്രൈസ്തവ ന്യൂനപക്ഷത്തിന് സംരക്ഷണം ഉറപ്പാക്കുന്ന നടപടികളാണ് ഉണ്ടാവേണ്ടത്. അതിന് എല്ലാ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെയും പിന്തുണ ആവശ്യമാണ്. കാക്കനാട് സീറോ മലബാർ സഭയുടെ ആസ്ഥാനമായ മൌണ്ട് സെന്റ് തോമസിൽ നടത്തിയ വാർത്താസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സീറോ മലബാർ മീഡിയ കമ്മീഷൻ ചെയർമാൻ മാർ തോമസ് തറയിൽ, എ.കെ.സി.സി പ്രസിഡന്റ് രാജീവ്‌ കൊച്ചുപറമ്പിൽ, സീറോ മലബാർ സഭ പി.ആർ.ഒ ഫാ ടോം ഒലിക്കാരോട്ട് എന്നിവരും സംസാരിച്ചു.

Tags:    
News Summary - Mar Andrews Thazhath against nuns arrest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.