പാറശ്ശാല: തമിഴ്നാട്ടിലെ കൃഷ്ണഗിരിയിൽ നിന്ന് തട്ടിക്കൊണ്ടുവന്ന് ഉദിയൻകുളങ്ങര മര്യാപുരത്തെ ആളൊഴിഞ്ഞ വീട്ടിൽ കെട്ടിയിട്ട വയോധികരെ പാറശ്ശാല പൊലീസ് മോചിപ്പിച്ചു. സംഭവത്തിൽ ബ്ലാക്മെയിൽ, ക്വട്ടേഷൻ സംഘത്തിൽപ്പെട്ട നാലുപേര്‍ പിടിയിലായി. കൃഷ്ണഗിരി സ്വദേശികളായ യൂസുഫ്, ജാഫർ എന്നിവരെയാണ് പൊലീസ് രക്ഷിച്ചത്. ഉദിയന്‍കുളങ്ങര കരിക്കിന്‍വിള ഗ്രേസ് ഭവനില്‍ സാമുവല്‍ തോമസ്, നെയ്യാറ്റിന്‍കര പുല്ലൂര്‍ക്കോണം മുട്ടയ്ക്കാട് സ്വദേശി ബിനോയ് അഗസ്റ്റിന്‍, നെയ്യാറ്റിന്‍കര കൃഷ്ണ തൃപ്പാദത്തില്‍ അഭിറാം, കമുകിന്‍കോട് ചീനി വിള പുത്തന്‍കരയില്‍ വിഷ്ണു എസ്. ഗോപന്‍ എന്നിവരാണ് പിടിയിലായത്.
കേരള പൊലീസിന്റെ യൂണിഫോം അണിഞ്ഞ് ലഹരി കടത്തുന്നു എന്ന രഹസ്യവിവരത്തെ തുടർന്ന് പ്രദേശത്ത് പൊലീസ് ജാഗ്രതയിലായിരുന്നു. ഈ അന്വേഷണവുമായി ബന്ധപ്പെട്ട് തമിഴ്‌നാട്ടില്‍ നിന്ന് വന്ന ഇരുചക്ര വാഹനം ഉദിയന്‍കുളങ്ങരക്ക് സമീപത്തെ കൊച്ചോട്ടുകണം കരിന്‍വിളയിലെ ആള്‍ പാര്‍പ്പില്ലാത്ത വീട്ടിലെത്തിയെന്ന സൂചന ലഭിച്ചു. ലഹരി ഉണ്ടെന്ന സംശയത്തിലാണ് പൊലീസ് പരിശോധന നടത്തിയത്. പുറത്തുനിന്ന് പൂട്ടിയ വീടിനകത്ത് ഫാന്‍ കറങ്ങിയത് പൊലീസിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതിനിടെയാണ് ഉള്ളിൽ നിന്ന് ‘രക്ഷിക്കണ‘മെന്ന നിലവിളി കേട്ടത്. മരക്കഷണങ്ങൾ കൊണ്ട് അടച്ചുവെച്ചിരുന്ന വാതിൽ വളരെ പ്രയാസപ്പെട്ടാണ് തുറന്നത്.
അകത്തു കടന്ന പൊലീസ് സംഘം ചങ്ങലയിൽ ബന്ധിച്ച നിലയിലാണ് യൂസഫിനെയും ജാഫറിനെയും കണ്ടെത്തിയത്. ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട ഒരാളുടെ നിര്‍ദ്ദേശപ്രകാരം കൃഷ്ണഗിരിയിലെ ഒരു വസ്തു ഇടപാടുമായി ബന്ധപ്പെട്ട് യൂസഫും ജാഫറും എത്തുമ്പോള്‍ കേരള പൊലീസ് വേഷം ധരിച്ച സംഘം പൊടുന്നനെ രംഗത്തെത്തുകയായിരുന്നുവത്രെ. ഇരുവർക്കുമെതിരെ കേരളത്തില്‍ കേസ് ഉണ്ടെന്നും എസ്.പിക്ക് മുമ്പില്‍ ഹാജരാക്കണമെന്നും ആവശ്യപ്പെട്ട് ഇരുവരെയും വിലങ്ങണയിച്ച ശേഷം മർദിച്ചു. യാത്രയില്‍ ഉടനീളം ക്രൂരമായി മര്‍ദനമായിരുന്നു. 50 ലക്ഷം രൂപ നല്‍കിയാല്‍ മാത്രമേ മോചിപ്പിക്കൂ എന്നു പറഞ്ഞ് ഉദിയന്‍കുളങ്ങരയിലെ വീട്ടില്‍ പൂട്ടിയിട്ടു.
ബെംഗളുരുവില്‍ യൂബര്‍ ടാക്‌സി ജീവനക്കാരനാണ് പിടിയിലായ സാമുവല്‍ തോമസ്. ഇയാളുടെ മാതൃ സഹോദരിയുടെ ഉടമസ്ഥതയിലുള്ളതാണ് വയോധികരെ ബന്ധികളാക്കിയ വീട്. ഈ വീട്ടില്‍ നിന്ന് ഇവര്‍ കടത്താന്‍ ഉപയോഗിച്ച വാഹനത്തിന്റെ നമ്പര്‍ പ്ലേറ്റ്, കേരള പോലീസിന്റെ വ്യാജ ഐ.ഡി. കാര്‍ഡുകള്‍, തോക്ക്, തിര, മൊബൈല്‍ ഫോണുകള്‍ എന്നിവ കണ്ടെടുത്തു. ജിം ട്രെയിനറാണ് ബിനോയ് അഗസ്റ്റിന്‍. മര്‍ച്ചന്റ് നേവി ജീവനക്കാരനാണ് അഭിരാം .
സംഭവത്തില്‍ കൊലക്കേസ് പ്രതി ഉള്‍പ്പെടെ രണ്ട് പ്രധാന പ്രതികള്‍ പിടിയിലാകാൻ ഉണ്ടെന്ന് പൊലീസ് വ്യക്തമാക്കി. പ്രതികളെ കൂടുതല്‍ ചോദ്യംചെയ്താല്‍ മാത്രമേ സംഭവത്തെ കുറിച്ചുള്ള ചിത്രം വ്യക്തമാകൂ എന്ന് പൊലീസ് വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.