കോട്ടയം: കടുത്തുരുത്തിയിൽ സി.ബി.ഐ ഉദ്യോഗസ്ഥൻ ചമഞ്ഞ് വയോധികനായ വൈദികന്റെ 11 ലക്ഷം തട്ടിയ കേസിൽ ഗുജറാത്തിൽ നിന്നും പ്രതി അറസ്റ്റിൽ. ഗുജറാത്ത് വഡോദര ന്യൂ സാമ റോഡിൽ പഞ്ചം ഹൈറ്റ്സിന് സമീപം ഹരികപൂർ സൊസൈറ്റി 108ൽ മന്ദീപ് സിങ്ങിനെയാണ് കോട്ടയം കടുത്തുരുത്തി സ്റ്റേഷൻ ഇൻസ്പെക്ടർ റെനീഷ് ഇല്ലിക്കലിന്റെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്.
ആഗസ്റ്റ് ആറിനായിരുന്നു കേസിനാസ്പദമായ സംഭവം. കടുത്തുരുത്തിയിലെ വയോധികനായ വൈദികനെയാണ് സി.ബി.ഐ ചമഞ്ഞ് വെർച്വൽ അറസ്റ്റിന് വിധേയനാക്കിയത്. അക്കൗണ്ട് വഴി കള്ളപ്പണ ഇടപാട് നടന്നതായി പറഞ്ഞ് വ്യാജ രേഖകൾ കാട്ടി ഭീഷണിപ്പെടുത്തിയാണ് തട്ടിപ്പ് സംഘം വൈദികനെ കുടുക്കിയത്. തുടർന്ന് അക്കൗണ്ടിൽ നിന്നും 11 ലക്ഷം രൂപ ട്രാൻസ്ഫർ ചെയ്ത് എടുക്കുകയും ചെയ്തു.
രണ്ടാം ദിവസവും തടിപ്പ് സംഘം വൈദികനെ ഫോണിൽ ബന്ധപ്പെടുകയും പണം ആവശ്യപ്പെടുകയും ചെയ്തു. ഇതേ തുടർന്ന് വൈദികൻ കടുത്തുരുത്തി പൊലീസിനെ വിവരം അറിയിച്ചു. ഇതോടെ ജില്ലാ പൊലീസ് മേധാവി എ. ഷാഹുൽ ഹമീദിന്റെ നിർദേശാനുസരണം കേസ് അന്വേഷിക്കുന്നതിനായി പ്രത്യേക സംഘം രുപീകരിക്കുകയായിരുന്നു. ജില്ലാ പൊലീസ് മേധാവിയുടെ നിർദ്ദേശാനുസരണം വൈക്കം ഡി.വൈ.എസ്.പി ടി.ബി. വിജയന്റെ മേൽനോട്ടത്തിൽ സി.ഐ. റെനീഷ് ഇല്ലിക്കൽ, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ഇ.എ അനീഷ്, അജീഷ് പി, സുമൻ ടി മണി എന്നിവർ ഗുജറാത്തിലേയ്ക്ക് തിരിച്ചു.
ഗുജറാത്ത് വഡോദരയിലെ ആക്സിസ് ബാങ്കിലെ അക്കൗണ്ടിലാണ് വൈദികന്റെ പണം എത്തിയിരുന്നത്. തുടർന്ന് ഈ അക്കൗണ്ട് പരിശോധിച്ചപ്പോൾ 11 ലക്ഷം രൂപ പിൻവലിച്ചതായി കണ്ടെത്തി. ഗുജറാത്തിൽ താമസിക്കുന്ന ഹരിയാന സ്വദേശിയായ മന്ദീപ് സിങ്ങാണ് പണം പിൻവലിച്ചത്. രണ്ട് ചെക്കുകൾ ഉപയോഗിച്ച് ബാങ്കിൽ നേരിട്ട് എത്തി ഇയാൾ പണം പിൻവലിക്കുകയായിരുന്നു. തുടർന്ന് പൊലീസ് സംഘം ഇയാളെ അറസ്റ്റ് ചെയ്തു. പ്രതിയെ ഗുജറാത്ത് കോടതിയിൽ ഹാജരാക്കിയ ശേഷം കേരളത്തിലേക്ക് എത്തിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.