മുട്ടം(ഇടുക്കി): മറയൂരിൽ വിനോദ യാത്രക്ക് എത്തിയ യുവാക്കളിൽ നിന്ന് 90,000 രൂപ കൈക്കൂലി വാങ്ങിയെന്ന പരാതിയിൽ രണ്ട് എക്‌സൈസ് ഉദ്യോഗസ്ഥർക്ക് സസ്‌പെൻഷൻ. മറയൂർ അസി. എക്‌സൈസ് ഇൻസ്‌പെക്ടർ (ഗ്രേഡ്) കിഷോർ കുമാർ, സിവിൽ എക്‌സൈസ് ഓഫിസർ അരുൺ ടി. നായർ എന്നിവരെയാണ് സസ്‌പെൻഡ് ചെയ്തത്.
കൊല്ലത്ത് നിന്ന് മറയൂർക്ക് പോകാൻ എത്തിയ നാല് യുവാക്കളിൽ നിന്ന് മദ്യക്കുപ്പി പിടിച്ചെടുത്തതിനെ തുടർന്നാണ് സംഭവം. ഇവർ മദ്യപിച്ചിരുന്നതായും പറയുന്നു. യുവാക്കളെ സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ട് പോയ എക്‌സൈസ് ഉദ്യോഗസ്ഥർ ലക്ഷം രൂപ തന്നാൽ കേസ് ഒഴിവാക്കാമെന്ന് അറിയിച്ചു. അല്ലാത്ത പക്ഷം കഞ്ചാവ് കേസിൽ പെടുത്തുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതെ തുടർന്ന് ലക്ഷം രൂപ നൽകാൻ ഇവർ തയാറാവുകയായിരുന്നു.
എന്നാൽ 90,000 മാത്രമേ പിൻവലിക്കാൻ കഴിഞ്ഞുള്ളു. ഗൂഗിൾ പേ വഴി പണം വാങ്ങാൻ എക്‌സൈസ് വിസമ്മതിച്ചതോടെ ടൗണിൽ എത്തി എ.ടി.എമ്മിൽ നിന്ന് 40,000 രൂപയും മറ്റൊരു മണി ട്രാൻസ്ഫർ ഏജൻസിയിൽ നിന്ന് 50,000 രൂപയും സംഘടിപ്പിച്ച് സ്റ്റേഷനിൽ എത്തിച്ച് നൽകി. ഈ സംഭവങ്ങൾ ഒരാൾ രഹസ്യമായി മൊബൈൽ കാമറയിൽ റെക്കോർഡ് ചെയ്തിരുന്നു. സംശയം തോന്നിയ എക്‌സൈസ് സംഘം നാല് പേരുടെയും ഫോൺ പിടിച്ചു വാങ്ങി പരിശോധിച്ചു. ചിത്രീകരിച്ച വിഡിയോ കണ്ടതോടെ രോഷാകുലരായി ഇവരെ മർദിച്ചതായി പറയുന്നു. ഈ സമയം ഒരാൾ ഇറങ്ങി ഓടി. അയാൾ പുറത്ത് നിന്ന് ഓട്ടോറിക്ഷ വിളിച്ച് കൊല്ലത്തിന് പുറപ്പെട്ടു. സംഭവം കുരുക്ക് ആകുമെന്ന് മനസിലാക്കിയ എക്‌സൈസ് അധികൃതർ മറ്റ് മൂന്ന് പേരെയും അവരുടെ ഫോണും കൊടുത്ത് പറഞ്ഞയച്ചു.
എന്നാൽ വിഡിയോ ചിത്രീകരിച്ച ഫോൺ തിരികെ നൽകിയില്ല. ലക്ഷത്തിലധികം വില വരുന്നതാണ് ഫോൺ. ഫോൺ തിരികെ നൽകിയാൽ അതിലെ ദൃശ്യങ്ങൾ വീണ്ടെടുക്കാൻ സാധ്യതയുള്ളതിനാൽ അത് ഒളിപ്പിച്ചിരിക്കുകയാണ്. നാട്ടിലെത്തിയ യുവാക്കൾ വിജിലൻസ് സംഘത്തിന് പരാതി നൽകിയതോടെയാണ് സംഭവങ്ങളുടെ ചുരുളഴിഞ്ഞത്. വിജിലൻസ് സംഘം എക്‌സൈസ് ഓഫിസിൽപരിശോധന നടത്തിയെങ്കിലും ഫോൺ കണ്ടെത്താൻ കഴിഞ്ഞില്ല. എന്നാൽ സംഭവങ്ങൾ ശരിയാണെന്ന് ബോധ്യപ്പെട്ടു. തുടർ നടപടികൾ സ്വീകരിക്കാൻ ഇരിക്കെയാണ് എക്‌സൈസ് ഉദ്യോഗസ്ഥരെ ബുധനാഴ്ച വൈകിട്ടോടെ സസ്‌പെൻഡ് ചെയ്തത്. ഇടുക്കി വിജിലൻസ് ഡി.വൈ.എസ്.പി ഷാജു ജോസിന്‍റെ നേതൃത്വത്തിൽ അന്വേഷണം നടത്തി റിപ്പോർട്ട് തയാറാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.