മകന് എൻജിനീയറിങ് പ്രവേശനത്തിന് പണം നൽകാനില്ല, അധ്യാപികയായ ഭാര്യക്ക് 14 വര്‍ഷമായി ശമ്പളമില്ല; ഭർത്താവ് ജീവനൊടുക്കി

റാന്നി: എയ്ഡഡ് സ്‌കൂള്‍ അധ്യാപികയായ ഭാര്യയ്ക്ക് 14 വര്‍ഷമായി ശമ്പളം ലഭിക്കാത്ത മനോവിഷമത്തില്‍ ഭര്‍ത്താവ് ജീവനൊടുക്കി. അത്തിക്കയം - നാറാണംമൂഴി വടക്കേച്ചരുവിൽ വി.എൻ ത്യാഗരാജന്‍റെ മകൻ ഷിജോ വി.റ്റി. (47) ആണ് ജീവനൊടുക്കിയത്. കൃഷിവകുപ്പിൽ ഫീൽഡ് സ്റ്റാഫ് ആണ് ഷിജോ ത്യാഗരാജൻ.

നാറാണംമൂഴി സെന്റ് ജോസഫ് സ്‌കൂളിലെ അധ്യാപികയാണ് ഷിജോയുടെ ഭാര്യ. ഇവർക്ക് 14 വര്‍ഷമായി ശമ്പളം ലഭിച്ചിരുന്നില്ല. തുടര്‍ന്ന് ഇവര്‍ ഹൈകോടതിയെ സമീപിക്കുകയും അനുകൂല ഉത്തരവ് ലഭിക്കുകയും ചെയ്തു. എന്നാല്‍ ഡി.ഇ.ഒ ഓഫീസ് തുടര്‍നടപടിയെടുത്തില്ല. ഇതില്‍ മനംനൊന്താണ് ഷിജോ ജീവനൊടുക്കിയതെന്ന് ഷിജോയുടെ പിതാവ് ത്യാഗരാജന്‍ പറഞ്ഞു.

മകന് എൻജിനീയറിങ് പ്രവേശനത്തിന് പണം നൽകാനും സാധിക്കാത്ത വിഷമം ഇദ്ദേഹത്തിന് ഉണ്ടായിരുന്നു.

ഞായറാഴ്ച വൈകുന്നേരം ആറു മുതല്‍ ഷിജോയെ കാണാനില്ലായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീടിന് ഒന്നര കിലോമീറ്റര്‍ അകലെ വനമേഖലയില്‍ മരത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്.

മാതാവ്: കോമളം, ഭാര്യ: ലേഖ രവീന്ദ്രൻ. മകൻ: വൈഷ്ണവ് വി.എസ്., സഹോദരൻ: ഷിബിൻ രാജ്. സംസ്കാരം പിന്നീട്. 

Tags:    
News Summary - Ranni man committed suicide

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.