കൊച്ചി: ഛത്തീസ്ഗഢിൽ മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ ബി.ജെ.പിയെ വിമർശിച്ച് അറസ്റ്റിലായ സിസ്റ്റർ വന്ദനയുടെ സഹോദരൻ. പ്രധാനമന്ത്രി നരേന്ദ്രമോദിയോട് ഉണ്ടായിരുന്ന ബഹുമാനമെല്ലാം പോയെന്നും ചെറിയാൻ പറഞ്ഞു. ഇക്കാര്യത്തിൽ അന്വേഷണം നടത്തി സത്യം എന്താണെന്ന് അറിയാൻ മോദി ശ്രമം നടത്തിയില്ലെന്നും ചെറിയാൻ ആരോപിച്ചു.
കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത വിവരമറിഞ്ഞ ഉടൻ പ്രധാനമന്ത്രിയുടെ ഓഫിസുമായി ബന്ധപ്പെടാൻ ശ്രമിക്കുകയുണ്ടായി. കേന്ദ്രസഹമന്ത്രി ജോർജ് കുര്യനുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞില്ല. കോടതി വിധി വന്നതിന് ശേഷമേ പ്രതികരിക്കൂ എന്നാണ് അദ്ദേഹം ഇന്ന് പ്രതികരിച്ചിരിക്കുന്നത്. കേരളത്തിലെ ഒരു കന്യാസ്ത്രീയും പള്ളിലച്ചനും മറ്റ് സംസ്ഥാനങ്ങളിൽ പോയി ഒരു തെമ്മാടിത്തരവും കാണിക്കില്ലെന്ന കാര്യം എല്ലാവർക്കുമറിയാം. ജോർജ് കുര്യനും ബി.ജെ.പിക്കാർക്കും ഇതറിയാം. ജോർജ് കുര്യൻ കേന്ദ്രമന്ത്രിയായപ്പോൾ ജനങ്ങൾക്ക് വേണ്ടി എന്തെങ്കിലും ചെയ്യുമെന്നാണ് ഞങ്ങളൊക്കെ അന്ന് വിചാരിച്ചത്. എന്നാൽ ഇപ്പോൾ ജനങ്ങൾക്ക് വേണ്ടി അയാൾക്ക് പ്രതികരിക്കാൻ പോലും തയാറാകുന്നില്ല. ഞങ്ങളുടെ രാഷ്ട്രീയം അതല്ലെങ്കിൽ പോലും ഇന്നലെവരെ മോദിയോട് ബഹുമാനമുണ്ടായിരുന്നു. ഇപ്പോൾ ആ ബഹുമാനമെല്ലാം പോയി. ഇക്കാര്യത്തിൽ സത്യസന്ധമായി അന്വേഷിച്ച് നടപടിയെടുക്കാൻ മോദി തീരുമാനിച്ചാൽ സാധിക്കില്ലേയെന്നും ചെറിയാൻ ചോദിച്ചു.
വെള്ളിയാഴ്ചയാണ് മനുഷ്യക്കടത്ത് ആരോപിച്ച് വന്ദന ഫ്രാൻസിസ്, പ്രീതി മേരി എന്നിവരെയാണ് ഛത്തീസ്ഗഢിലെ ദുർഗിൽ നിന്ന് അറസ്റ്റ് ചെയ്തത്. 10 വർഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന മനുഷ്യക്കടത്ത്, മതപരിവർത്തന കുറ്റം എന്നിവയാണ് ഇവർക്കെതിരെ എഫ്.ഐ.ആറിലുള്ളത്.സഭക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി മൂന്ന് പെൺകുട്ടികളെ കൂട്ടിക്കൊണ്ടുപോകാൻ വന്നതായിരുന്നു ഇരുവരും. എന്നാൽ മനുഷ്യക്കടത്ത്, നിർബന്ധിത മതപരിവർത്തനം എന്നിവ ആരോപിച്ച് ഇവരെ ബജ്റംഗ്ദൾ പ്രവർത്തകർ ദുർഗ് റെയിൽവേ സ്റ്റേഷനിൽ തടഞ്ഞുവെക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.