അരൂർ: ഡോണാൾഡ് ട്രംപിന്റെ ചുങ്ക വർധന കേരളത്തിലെ മത്സ്യബന്ധന സംസ്കരണ മേഖലയെ ബാധിക്കുന്ന സാഹചര്യത്തിൽ മേഖലയെ സംരക്ഷിക്കുന്നതിനായി പ്രചാരണ പ്രക്ഷോഭപരിപാടികൾ ആവിഷ്കരിക്കുമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി സംയുക്തയോഗം. മത്സ്യ ഉത്പാദന മേഖലക്ക് നൽകുന്ന സാമ്പത്തിക സംരക്ഷണ നടപടികൾ സംസ്കരണ മേഖലക്കും ലഭ്യമാക്കണമെന്ന് മത്സ്യമേഖല സംരക്ഷണ സമിതി പറഞ്ഞു.
മുഖ്യമന്ത്രി, ധനകാര്യ മന്ത്രി, ഫിഷറീസ് വകുപ്പ് മന്ത്രി, കേന്ദ്ര ഫിഷറീസ് വകുപ്പ് സഹ മന്ത്രി ജോർജ് കുര്യൻ എന്നിവരെ വിഷയത്തിൽ നേരിൽകണ്ട് നിവേദനം സമർപ്പിക്കുമെന്നും സമിതി പറഞ്ഞു. ഓഗസ്റ്റ് 24ന് രണ്ടുമണിക്ക് ചന്തിരൂർ പാലത്തിൽ വച്ച് ബഹുജന കൺവെൻഷൻ നടത്തും .കൊച്ചിയിലെ എം.പി. ഇ ' ഡി .എ ആസ്ഥാനത്തിന് മുന്നിൽ ശ്രദ്ധ ക്ഷണിക്കൽ നടത്താനും തീരുമാനിച്ചിട്ടുണ്ട്.
യോഗത്തിൽ പള്ളുരുത്തി സുബൈർ അധ്യക്ഷത വഹിച്ചു. ഫിഷറീസ് കോ-ഓർഡിനേഷൻ കമ്മിറ്റി കൺവീനർ ചാൾസ് ജോർജ് വിഷയം അവതരിപ്പിച്ചു. 'അമേരിക്കൻ നടപടിയെ രാഷ്ട്രീയമായി പ്രതിരോധിക്കുമ്പോൾ തന്നെ സമാന്തരമായി നമ്മുടെ വിപണി മറ്റു രാജ്യങ്ങളിലേക്കും ആഭ്യന്തര മേഖലയിലേക്കും വികസിപ്പിക്കാനുള്ള തീവ്രയത്ന പരിപാടികൾക്ക് ഇന്ത്യൻ മുൻകൈ എടുക്കേണ്ടതുണ്ട്. സൈനിക മേഖലയിൽ അടക്കം ഭക്ഷണത്തിന്റെ ഭാഗമായി ചെമ്മീൻ ഉൾപ്പെടുത്തുന്ന നടപടികൾ അടിയന്തരമായി സ്വീകരിക്കണമെന്നും' അദ്ദേഹം പറഞ്ഞു.
യോഗത്തിൽ, ടി എം .ഇബ്രാഹിം , എ എ ഷൗക്കത്ത്, കെ എം സുലൈമാൻ, സി കെ രാജേന്ദ്രൻ, (ഐ.എൻ.ടിയു.സി.) പ്രദീപ്, കെ വി സാബു ( സി.ഐ.ടി.യു), എം കെ മോഹനൻ (എ.ഐ.ടി.യു.സി )ബിനീഷ് ബോയ് (ബി.എം.എസ് ) കെ. വി ഉദയഭാനു (ടി.യു.സി.ഐ) തുടങ്ങിയവർ സംസാരിച്ചു.
യോഗം മത്സ്യമേഖല സംരക്ഷണ സമിതിക്ക് രൂപം നൽകി. ദലീമ ജോജോ എം.എൽ.എ, ജെ ആർ അജിത്, അഷ്റഫ് പുല്ലുവേലി, സി.ബി ചന്ദ്രബാബു എന്നിവരാണ് രക്ഷാധികാരിമാർ. പള്ളുരുത്തി സുബൈർ ചെയർമാനും ചാൾസ് ജോർജ് ജനറൽ കൺവീനറും ആയി തെരഞ്ഞെടുത്തു. അസീസ് പായിക്കാട്, ബിനീഷ് ബോയ്, എം.കെ മോഹനൻ, കെ.വി ഉദയഭാനു തുടങ്ങിയവരാണ് വൈസ് ചെയർമാൻമാർ. കൺവീനർമാരായി ടി.എം ഇബ്രാഹിം, എ.എ .ഷൗക്കത്ത്, സി.കെ. രാജേന്ദ്രൻ തുടങ്ങിയവരെയും ഖജാൻജിയായി കെ.എം സുലൈമാനെയും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.