വി.ഡി. സതീശൻ

അഞ്ച് ലക്ഷം രൂപ അയച്ചു കിട്ടിയെന്ന് മേഴ്‌സിക്കുട്ടിയമ്മ സമ്മതിച്ചു; വിവാദ കത്തില്‍ സി.പി.എം നേതാക്കള്‍ മറുപടി പറയാതെ ഒളിച്ചു കളിക്കുന്നു -വി.ഡി. സതീശൻ

കൊച്ചി: സി.പി.എമ്മിനെതിരെ ഗുരുതര ആരോപണങ്ങള്‍ അടങ്ങിയ കത്തിന് മറുപടി പറയാതെ നേതാക്കൾ ഒളിച്ചുകളിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കത്തിന് ഒരു സി.പി.എം നേതാവും ഇതുവരെ മറുപടി പറഞ്ഞിട്ടില്ല. സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്റെ മകന് എതിരെയാണ് ഗുരുതര ആരോപണങ്ങളുള്ളത്. അദ്ദേഹവും മറുപടി പറഞ്ഞിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി.

മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ സാമ്പത്തിക കുറ്റകൃത്യം ചെയ്‌തെന്നാണ് ആരോപണം. ഹവാലയും റിവേഴ്‌സ് ഹവാലയുമുണ്ട്. ചെന്നൈയില്‍ കമ്പനിയുണ്ടാക്കി വിദേശത്ത് നിന്നു പണം എത്തിച്ച് അതേ കമ്പനിയുടെ അക്കൗണ്ടില്‍ നിന്ന് സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്ക് പണം അയച്ചെന്നാണ് ആരോപണം. അത്തരത്തില്‍ പണം കിട്ടിയിട്ടില്ലെന്ന് ആരും പറഞ്ഞിട്ടില്ല. തോമസ് ഐസക് മാത്രമാണ് പ്രതികരിച്ചത്. അദ്ദേഹത്തിനെതിരെ ഗുരുതര ആരോപണങ്ങളൊന്നും കത്തിലില്ല.

രാജേഷ് കൃഷ്ണയെ അറിയില്ലെന്ന് ആരോപണവിധേയരായ ആരും പറഞ്ഞിട്ടില്ല. എല്ലാവര്‍ക്കും അറിയാം. എന്താണ് അയാളുടെ റോള്‍ എന്നും വി.ഡി. സതീശൻ ചോദിച്ചു.

മുഖ്യമന്ത്രി ലണ്ടനില്‍ മണിയടിക്കാന്‍ പോയപ്പോഴും അയാള്‍ ഒപ്പമുണ്ടായിരുന്നു. അവിടെ അയാളുടെ പ്രസക്തി എന്തായിരുന്നു? പ്രവാസി ചിട്ടിഫണ്ടുമായി ബന്ധപ്പെട്ടും ഇയാളുടെ പ്രസക്തി എന്താണ്? ചെന്നൈയില്‍ കമ്പനി രൂപീകരിച്ച് സി.പി.എം നേതാക്കളുടെ അക്കൗണ്ടിലേക്ക് അയാള്‍ പണം അയച്ചത് എന്തിനാണ്? പിണറായിയുടെ ഭാഷയില്‍ പറഞ്ഞാല്‍ അയാള്‍ ഒരു അവതാരമാണ്. ഈ സര്‍ക്കാരിന്റെ കാലത്തുണ്ടായ അവതാരങ്ങളുടെ പേരുകള്‍ വിരലില്‍ എണ്ണാനാകില്ല. നിരവധി പേരുണ്ട്. അതില്‍ എറ്റവും അവസാനം വന്നിരിക്കുന്ന ആളാണ് രാജേഷ് കൃഷ്ണ. മധുര പാര്‍ട്ടി കോണ്‍ഗ്രസില്‍ നിന്നും പുറത്താക്കിയെന്ന ആരോപണം രാജേഷ് കൃഷ്ണ തന്നെ സമ്മതിച്ചിട്ടുണ്ട്. അയാള്‍ എങ്ങനെയാണ് പ്രതിനിധിയായത്? എന്തുകൊണ്ടാണ് അയാളെ പുറത്താക്കിയത്? അപ്പോള്‍ ഷംഷാദ് പറയുന്ന കത്തിലെ കുറെ ഭാഗങ്ങള്‍ ശരിയാണല്ലോ. പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധിയായി മധുരയില്‍ എത്തുകയും അവിടെ താമസിക്കുകയും ചെയ്തു. പിന്നീട് പ്രതിനിധി സ്ഥാനത്ത് നിന്നും പുറത്തായി. അതിന്റെ പേരിലാണ് രാജേഷ് കൃഷ്ണ ഡല്‍ഹി കോടതിയില്‍ മാനനഷ്ടത്തിന് കേസ് കൊടുത്തിരിക്കുന്നത്. ആ കേസിലാണ് ഈ കത്ത് ഹാജരാക്കിയിരിക്കുന്നത്. അങ്ങനെയാണ് ആ കത്ത് ആധികാരിക രേഖയായയത്. ഒരുപാട് ദുരൂഹതകള്‍ ഇതിന് പിന്നിലുണ്ട്. ആരെ രക്ഷിക്കാനാണ് കത്ത് പുറത്ത് വിട്ടത് എന്നൊക്കെ അന്വേഷിക്കേണ്ടി വരും.

കത്ത് നേരത്തെ പ്രചരിച്ചതാണെന്നു വാര്‍ത്ത നല്‍കിയ ദേശാഭിമാനി പത്രത്തെ ഷംഷാദ് വെല്ലുവിളിച്ചിട്ടുണ്ട്. കത്തിന്റെ കവര്‍ പേജ് മാത്രമാണ് നേരത്തെ പുറത്തുവന്നതെന്നാണ് അയാള്‍ പറയുന്നത്. ഇപ്പോഴാണ് ഡല്‍ഹിയിലെ കേസുമായി ബന്ധപ്പെട്ട് കത്ത് ആധികാരിക രേഖയായത്. ആരോപണവിധേയനാണ് കത്ത് ഹാജരാക്കിയിരിക്കുന്നത്. അതോടെ കത്തിന് വിശ്വാസ്യത വന്നു. എന്നിട്ടും കത്തില്‍ ആരോപണ വിധേയരായവര്‍ മറുപടി പറയാതെ ഒളിച്ചു കളിക്കുകയാണ്. സി.പി.എം നേതാക്കള്‍ മറുപടി പറയാത്തതു കൊണ്ടാണ് കത്തിന്റെ വിശ്വാസ്യത കൂടുന്നത്.

സര്‍ക്കാര്‍ പദ്ധതികളില്‍ തട്ടിപ്പ് നടത്തിയിട്ടുണ്ടെന്നാണ് ഷംഷാദ് ആരോപിക്കുന്നത്. ഒരു പരിപാടിക്ക് രാജേഷ് കൃഷ്ണ അഞ്ച് ലക്ഷം രൂപ അയച്ചു കൊടുത്തെന്ന് മേഴ്‌സിക്കുട്ടിയമ്മ ഇന്നലെ പറഞ്ഞിട്ടുണ്ട്. എന്തിനാണ് അയാള്‍ അഞ്ച് ലക്ഷം രൂപ അയച്ചു കൊടുത്തത്? കേരളത്തില്‍ നടപ്പാക്കുന്ന പ്രൊജക്ടുകളുടെ ഇടനിലക്കാരനാണോ അയാള്‍? സാമ്പത്തിക ഇടപാട് ആരും നിഷേധിച്ചിട്ടില്ല. സി.പി.എമ്മുകാര്‍ക്ക് പണം അയച്ചു കൊടുക്കലാണോ ലണ്ടനില്‍ ജോലി ചെയ്യുന്ന എസ്.എഫ്.ഐക്കാരനായ രാജേഷ് കൃഷ്ണയുടെ പണിയെന്നും പ്രതിപക്ഷ നേതാവ് ചോദിച്ചു.

എല്ലാ സി.പി.എം നേതാക്കളുമായും രാജേഷ് കൃഷ്ണയിക്ക് ബന്ധമുണ്ട്. ബന്ധത്തിലൊന്നും ഒരു കുഴപ്പവുമില്ല. പക്ഷെ സാമ്പത്തിക കുറ്റകൃത്യമാകുന്ന ഇടപാടുകള്‍ നടന്നതാണ് പ്രശ്‌നം. കൂടാതെ സംസ്ഥാനത്തിന്റെ പദ്ധതികളിലും ഇടപെട്ടിട്ടുണ്ട്. മേഴ്‌സിക്കുട്ടിയമ്മ ഫിഷറീസ് വകുപ്പിന്റെ ഒരു പ്രോജക്ട് തുടങ്ങുമ്പോള്‍ രാജേഷ് കൃഷ്ണ എന്തിനാണ് പണം അയയ്ക്കുന്നത്?

കിങ്ഡം സെക്യൂരിറ്റി സര്‍വീസസിന്റെ അക്കൗണ്ടില്‍ നിന്നും പണം നല്‍കിയിട്ടില്ലെന്ന് രാജേഷ് കൃഷ്ണയോ പണം കിട്ടിയിട്ടില്ലെന്ന് സി.പി.എം നേതാക്കളോ ഇതുവരെ നിഷേധിച്ചിട്ടില്ല. അതാണ് പ്രധാന ആരോപണം. ഒരു പൈസ പോലും കിട്ടിയിട്ടില്ലെന്ന് അവര്‍ പറയട്ടെ.

ക്രിമിനല്‍ കേസുള്ള പ്രതി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്ക് വിശ്വാസ്യത ഇല്ലെങ്കില്‍ സരിത സോളര്‍ കേസിലെ പരാതിക്കാരിയുടെ വിശ്വാസ്യത എന്തായിരുന്നു? അവരുടെ കയ്യില്‍ നിന്നും കത്ത് എഴുതി വാങ്ങി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരെ സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ട ആളാണ് പിണറായി വിജയന്‍. അതൊന്നും കൈരളിക്കാര്‍ പറയിപ്പിക്കരുതെന്നും വി.ഡി. സതീശൻ ഓർമിപ്പിച്ചു.

Tags:    
News Summary - CPM leaders are playing hide and seek without replying to the controversial letter - VD Satheesan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.