വൈദ്യുതി കമ്പിയിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണു; തൊഴിലാളിക്ക് ദാരുണാന്ത്യം

ആമ്പല്ലൂർ: ചിമ്മിനി ഡാമിൽ വൈദ്യുതി കമ്പിയിൽ വീണ മരം മുറിച്ചു നീക്കുന്നതിനിടെ മരത്തടി ദേഹത്ത് വീണ് തൊഴിലാളി മരിച്ചു. എച്ചിപ്പാറ ചക്കുങ്ങൽ വീട്ടിൽ അലവിയുടെ മകൻ അബ്ദുൽ ഖാദറാണ് (49) മരിച്ചത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയായിരുന്നു അപകടം. മരം വീണ് കമ്പികൾ താഴ്ന്നതോടെ മേശയിൽ കയറി നിന്ന് മുറിച്ചുമാറ്റിയ ശേഷം ഇറങ്ങുന്നതിനിടെ കമ്പിയിൽ കുടുങ്ങി നിന്ന തടി ഖാദറിന്‍റെ തലയിൽ വന്നിടിക്കുകയായിരുന്നു.

ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സ്ഥലത്തുണ്ടായിരുന്ന വനംവകുപ്പിന്റെ ജീപ്പിലാണ് ഉദ്യോഗസ്ഥർ ഖാദറിനെ ആശുപത്രിയിൽ എത്തിച്ചത്. ആദ്യം വേലൂപ്പാടത്തെ ആശുപത്രിയിലും പിന്നീട് തൃശൂരിലെ ആശുപത്രിയിലും എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. രണ്ടുദിവസം മുമ്പുണ്ടായ ശക്തമായ കാറ്റിലാണ് മരം കടപുഴകി വൈദ്യുതി കമ്പിയിൽ വീണത്. ഡാമിലേക്കുള്ള വിനോദ സഞ്ചാരികളുടെ വാഹനങ്ങൾ പാർക്ക് ചെയ്യുന്ന ഭാഗത്തേക്കുള്ള വഴിയിലാണ് മരം വീണത്. രണ്ട് ദിവസമായി ഡാമിലേക്കുള്ള വൈദ്യുതിബന്ധവും നിലച്ചിരിക്കുകയായിരുന്നു.

അതേസമയം, സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ മഴ തുടരുകയാണ്. ഒരാഴ്ചയായി തുടരുന്ന മഴക്ക് ശമനം ഉണ്ടാകുമെന്നാണ് റിപ്പോർട്ട്. നാല് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. കാസര്‍കോട്, കണ്ണൂര്‍, വയനാട്, കോഴിക്കോട് ജില്ലകളിലാണ് യെല്ലോ അലർട്ടുള്ളത്. തൃശൂര്‍, മലപ്പുറം ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടത്തരം മഴക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. ആലപ്പുഴ, എറണാകുളം, പാലക്കാട്, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ നേരിയ മഴക്കും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

Tags:    
News Summary - Worker dies in accident while cutting tree

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.