വിനയ് ഫോർട്ട് അമ്മ സുജാതക്കൊപ്പം

‘പൊതിച്ചോറിൽ പൊതിഞ്ഞ സ്നേഹമാണ് എനിക്ക് അമ്മ’ -വിനയ് ഫോർട്ട്‌

അമ്മ, മകൻ എന്നതിലുപരി ഞങ്ങൾ നല്ല സുഹൃത്തുക്കളാണ്. 99 ശതമാനം കാര്യവും എനിക്ക് ഫ്രീയായി അമ്മയോട് പങ്കിടാം. നാലാം ക്ലാസ് മുതൽ നാടക രംഗത്തെത്തിയ എന്നെ കലാകാരൻ എന്ന നിലയിൽ സമൂഹം അംഗീകരിച്ചത് സിനിമയിൽ വന്ന ശേഷം മാത്രമാണ്.

എന്നാൽ, അതിനു മുമ്പേ അംഗീകരിച്ചതും കൂടെ നിന്നതും അച്ഛനും അമ്മയുമാണ്. ഞാൻ ചെയ്തിട്ടുള്ള സിനിമയുടെ തിരക്കഥകളെല്ലാം അമ്മയും വായിക്കാറുണ്ട്, അഭിപ്രായം പറയാറുമുണ്ട്.

70 സിനിമകൾ ചെയ്ത ശേഷവും ആത്മവിശ്വാസക്കുറവ് എന്നെ അലട്ടിയിരുന്നു, അപ്പോഴും ‘നിന്നെക്കൊണ്ട് പറ്റും, നീ ഇപ്പോൾ ചെയ്തത് നിന്‍റെ കഴിവിന്‍റെ 10 ശതമാനം മാത്രമാണ്’ എന്നൊക്കെ പറഞ്ഞു കൂടെ നിന്നത് അമ്മയാണ്. ഒരു കെടാവിളക്കുപോലെ അന്നും ഇന്നും എന്നെ മുമ്പോട്ട് നയിക്കുന്നയാളാണ് അമ്മ.

പഠനകാലത്ത് ദിവസവും ഉച്ചക്ക് കഴിക്കാൻ പൊതിച്ചോറുമായി അമ്മ സ്കൂളിലേക്ക് വരുമായിരുന്നു. ഒരു മഞ്ഞ വോയൽ സാരി ഉടുത്ത് കൈയിൽ ഭക്ഷണപ്പൊതിയുമായി നടന്നുവരുന്നതാണ് അമ്മ എന്നു കേട്ടാൽ എന്‍റെ മനസ്സിൽ ആദ്യം വരുന്ന ചിത്രം.

അമ്മയുടെ ജീവിതം മുഴുവൻ ത്യാഗങ്ങളായിരുന്നു. ടീച്ചറാവാനായിരുന്നു അമ്മക്ക് ആഗ്രഹം. സാമ്പത്തിക ബുദ്ധിമുട്ടുകൾക്കിടയിലും ഞങ്ങൾ മൂന്നുപേരെ വളർത്തുന്നതിന്‍റെ തിരക്കിൽ അതെല്ലാം മാറ്റിവെക്കേണ്ടി വന്നു. ജീവിതത്തിൽ വിശ്രമമെന്തെന്ന് അമ്മ അറിയാൻ 67 വർഷം വേണ്ടിവന്നു.

അമ്മ ഇല്ലാതിരുന്നെങ്കിൽ സ്നേഹം, മനുഷ്യത്വം, കരുണ, മര്യാദ തുടങ്ങിയ മൂല്യങ്ങൾക്കൊന്നും എന്‍റെ ജീവിതത്തിൽ അർഥവും വിശ്വാസവും ഉണ്ടാവില്ലായിരുന്നു. അല്ലെങ്കിൽ ഇവയെല്ലാം എന്നെ സംബന്ധിച്ച് പാഴ്വാക്കുകളായേനെ.

Tags:    
News Summary - My mother is love -Vinay Fort

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.