സഹലും ഭാര്യ റെസ ഫർഹത്തും. ചി​​​ത്ര​​​ങ്ങ​​​ൾ: ​വിശാന്ത് പി. വേണു

‘ഇടക്ക് ടീം മാറേണ്ടിവരും. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് ലഭിച്ച ബന്ധങ്ങൾ ഇപ്പോഴും നിലനിൽക്കുന്നു’ -സഹൽ അബ്ദുൽ സമദ് മനസ്സുതുറക്കുന്നു

ഫുട്ബാള്‍ ആരാധകര്‍ക്ക് പരിചയപ്പെടുത്തൽ ആവശ്യമില്ലാത്ത മിഡ്ഫീല്‍ഡറാണ് കണ്ണൂര്‍ സ്വദേശിയായ സഹല്‍ അബ്ദുല്‍ സമദ്. കേരള ബ്ലാസ്റ്റേഴ്സിലൂടെ പ്രഫഷനല്‍ കരിയറിന് തുടക്കമിട്ട് കഴിഞ്ഞ രണ്ട് സീസണിലായി മോഹന്‍ ബഗാനും ഇന്ത്യൻ ടീമിനുമായി ബൂട്ടണിയുന്ന താരം വിശേഷങ്ങള്‍ പങ്കുവെക്കുന്നു.

കുടുംബത്തിന്റെ പിന്തുണ

ഫുട്ബാള്‍ യാത്രയില്‍ എനിക്ക് എല്ലായ്‌പോഴും കുടുംബത്തിന്‍റെ പിന്തുണയുണ്ട്. ചെറുപ്പം മുതല്‍ കളികാണാനും കുട്ടികളുടെ മത്സരത്തിന് വിടാനും വീട്ടുകാര്‍ മുന്‍കൈയെടുത്തിരുന്നു.

എനിക്കൊപ്പം സഹോദരനും കളിക്കളങ്ങളില്‍ എത്തുമായിരുന്നു. വിവാഹശേഷം സപ്പോര്‍ട്ട് ചെയ്യാന്‍ ബാഡ്മിന്റൺ താരം കൂടിയായ ഭാര്യ റെസ ഫർഹത്തും വീട്ടുകാരും കൂടി എത്തിയതോടെ ഇരട്ടി സന്തോഷം.

ഫുട്ബാള്‍ കരിയറിലേക്ക് നയിച്ചതും വീട്ടുകാര്‍ തന്നെയാണ്. മൂത്ത സഹോദരന്‍ വോളിബാള്‍ താരമാണ്. രണ്ടാമത്തെ സഹോദരൻ ഫാസില്‍ മികച്ച ഫുട്ബാള്‍ കളിക്കാരനാണ്. എന്‍റെ ടാലന്‍റ് തിരിച്ചറിഞ്ഞതും പ്രചോദിപ്പിച്ചതുമെല്ലാം അദ്ദേഹമാണ്.

ഇപ്പോഴും ഓരോ മത്സരത്തിനുമുമ്പും കളി കഴിഞ്ഞാലുമെല്ലാം ഫാസില്‍ വിളിക്കാറുണ്ട്. അതിനൊപ്പം ബാക്കിയുള്ളവരും നല്ല പിന്തുണയാണ് നല്‍കിവരുന്നത്.

സഹൽ അബ്ദുൽ സമദ്

മറക്കില്ല, ബ്ലാസ്റ്റേഴ്‌സിനെ

എന്‍റെ ഫുട്ബാള്‍ കരിയറിന്‍റെ തുടക്കവും വളര്‍ച്ചയും കേരള ബ്ലാസ്റ്റേഴ്‌സിലൂടെയാണ്. അവിടത്തെ ഓര്‍മകളും അനുഭവങ്ങളും എപ്പോഴും കൂടെയുണ്ടാകും. ഫുട്ബാള്‍ താരമെന്ന നിലയില്‍ സ്വാഭാവികമായും ഇടക്ക് ടീം മാറേണ്ടിവരും. എന്നാല്‍, ബ്ലാസ്‌റ്റേഴ്‌സില്‍നിന്ന് ലഭിച്ച ബന്ധങ്ങളെല്ലാം ഇപ്പോഴും നിലനിന്നുപോകുന്നു എന്നത് ഏറ്റവും ഭംഗിയുള്ള കാര്യമാണ്.

ബഗാനിലെത്തുമ്പോള്‍

ടീം മാറുമ്പോള്‍ സ്വാഭാവികമായും എല്ലാ ഫുട്ബാള്‍ താരങ്ങള്‍ക്കും ചില വ്യത്യാസങ്ങള്‍ നേരിടേണ്ടിവരും. പരിശീലകര്‍ മാറുന്നതോടെ മത്സരത്തെ നമ്മള്‍ സമീപിക്കുന്ന രീതിയില്‍ വലിയ മാറ്റംവരും. സ്വാഭാവികമായി നമ്മളിലുള്ള ഫുട്ബാളുമായി മറ്റൊരു ടീമിലെത്തുമ്പോള്‍, പിന്നീട് പരിശീലകരുടെ നിര്‍ദേശം അനുസരിച്ച് അതില്‍ മാറ്റങ്ങളുണ്ടാകും.

പുറത്തുള്ള ഒരു ടീമിലേക്ക് ആദ്യമായി എത്തിയപ്പോള്‍ ഉണ്ടായിരുന്ന അപരിചിതത്വം വൈകാതെതന്നെ മാറി. കഴിഞ്ഞ രണ്ടു വര്‍ഷമായി ബഗാനൊപ്പമാണ്. ഇപ്പോള്‍ അവരിലൊരാളാണ് ഞാനും.

ഛേത്രിയും സീനിയര്‍ താരങ്ങളും

ഛേത്രി ഭായിയെ (സുനിൽ ഛേത്രി) ആദ്യമായി കാണുന്നത് കൊച്ചിയിലെ ഹോട്ടലില്‍ വെച്ചാണ്. അന്ന് കൂടെനിന്ന് ഒരു ഫോട്ടോ എടുക്കാന്‍ അതിയായ ആഗ്രഹമായിരുന്നു. ഛേത്രിയുടെ നാട്ടുകാരനായ കരണ്‍ ഷോണി അന്ന് എന്‍റെ സഹതാരമാണ്. കരണ്‍ ഛേത്രിയുമായി സംസാരിച്ചു.

ഫോട്ടോ എടുക്കാനൊന്നും അദ്ദേഹത്തിന് ഒരു എതിര്‍പ്പും ഉണ്ടായിരുന്നില്ല. ഇന്ത്യകണ്ട ഏറ്റവും മികച്ച ഫുട്ബാള്‍ കളിക്കാരനാണെന്നതിന്‍റെ ഗര്‍വൊന്നും അദ്ദേഹത്തിനില്ല. വളരെ ഹൃദ്യമായ അനുഭവമായിരുന്നു അത്. അന്നത്തെ ഫോട്ടോ ഇന്‍സ്റ്റഗ്രാമിലൊക്കെ പങ്കുവെച്ചിരുന്നു.

പിന്നീട് ദേശീയ ക്യാമ്പിൽവെച്ചാണ് വീണ്ടും ഛേത്രിയെ കാണുന്നത്. അനസ് എടത്തൊടിക, സന്ദേശ് ജിങ്കന്‍, സി.കെ. വിനീത് തുടങ്ങിയ താരങ്ങളുമായി അടുത്ത് പരിചയപ്പെടുന്നത് അവിടെവെച്ചാണ്. അവരോടൊപ്പം കളിച്ചതെല്ലാം വലിയ അനുഭവങ്ങളാണ്.

നമ്മുടെ ഭാഗത്തുനിന്ന് ഉണ്ടാകുന്ന പിഴവുകള്‍ കൃത്യമായി ചൂണ്ടിക്കാണിക്കുന്നത് സീനിയേഴ്‌സാണ്. അതില്‍ തിരുത്താവുന്ന കാര്യങ്ങള്‍ തിരുത്തി കളിമികവ് വര്‍ധിപ്പിക്കാന്‍ അവരുടെ ഇടപെടലുകള്‍ സഹായിച്ചിട്ടുണ്ട്.


ആദ്യ കിരീടം

ഐ.എസ്.എല്ലിനുമുമ്പ് ഡ്യൂറന്‍റ് കപ്പ് ജയിച്ചിരുന്നു. ടീമിനൊപ്പമുള്ള ആദ്യ കിരീടമെന്നത് വലിയ അനുഭവമാണ്. ഐ.എസ്.എൽ കിരീടത്തേക്കാള്‍ കരിയറിലെ വലിയൊരു നേട്ടമായാണ് ആദ്യം നേടിയ ഡ്യൂറന്‍റ് കപ്പിനെ കാണുന്നത്. എല്ലാത്തിനുമൊരു സമയമുണ്ടെന്ന് വിശ്വസിക്കുന്നയാളാണ് ഞാന്‍.

പുറത്തുനിന്ന് നോക്കുമ്പോള്‍ വളരെ എളുപ്പമാണെന്ന് തോന്നും. എന്നെ സംബന്ധിച്ചിടത്തോളം ഫുട്ബാള്‍ കരിയറില്‍ നിരവധി വെല്ലുവിളികള്‍ നേരിടേണ്ടിവന്നിട്ടുണ്ട്. എല്ലാം ശരിയായി വരുന്നത് പടച്ചവന്‍റെ അനുഗ്രഹം കൊണ്ടാണെന്ന് വിശ്വസിക്കുന്നു.

പുതിയ താരങ്ങളെത്തുന്നത് പ്രതീക്ഷ നല്‍കുന്നു

മുന്‍കാലങ്ങളെ അപേക്ഷിച്ച് കേരളത്തില്‍നിന്ന് ഒരുപാട് ഫുട്ബാള്‍ കളിക്കാര്‍ ഉയര്‍ന്നുവരുന്നുണ്ട്. ഐ.എസ്.എല്ലിനു പുറമെ കെ.എസ്.എല്ലിലും കെ.പി.എല്ലിലുമെല്ലാം ഇപ്പോള്‍ അവസരമുണ്ട്. അതിനൊപ്പം മികച്ച കളിക്കാര്‍കൂടി വരുന്നുവെന്നത് സന്തോഷം പകരുന്നു.

സ്‌കൂള്‍, കോളജ് തലങ്ങളിലും ഫുട്ബാളിന് വലിയ പ്രാധാന്യം നല്‍കുന്നുവെന്നത് വലിയ പ്രതീക്ഷയാണ് നല്‍കുന്നത്.

എപ്പോഴും പെരുന്നാളിന് കുടുംബത്തോടൊപ്പം ചേരാനാകാറില്ല

പുത്തനുടുപ്പ് വാങ്ങുന്നതും പെരുന്നാളിനായുള്ള കാത്തിരിപ്പുമെല്ലാം കുട്ടിക്കാലത്തെ ഓര്‍മകളാണ്. എന്നാലിപ്പോള്‍ മുമ്പത്തേതുപോലെ എപ്പോഴും പെരുന്നാളിന് കുടുംബത്തോടൊപ്പം ചേരാനാകാറില്ല. പരിശീലനവും മത്സരങ്ങളുമായി മിക്കപ്പോഴും തിരക്കിലായിരിക്കും. എന്നിരുന്നാലും ഭാര്യ കൂടെയുണ്ടാകും. സഹതാരങ്ങളുടെ കുടുംബത്തോടൊപ്പം ചേര്‍ന്ന് പെരുന്നാള്‍ ആഘോഷിക്കും.

പെരുന്നാളിന് എനിക്ക് മാത്രമായി പ്രത്യേകിച്ച് ഇഷ്ടമുള്ള വിഭവമൊന്നുമില്ല. അന്നുപക്ഷേ ഡയറ്റ് മറന്ന് ഒരുനേരം എല്ലാവരെയും പോലെ ബിരിയാണി കഴിക്കും. ബലിപെരുന്നാളിന്‍റെ സന്ദേശങ്ങളായ ത്യാഗവും സമര്‍പ്പണവുമെല്ലാം ഫുട്ബാള്‍ ജീവിതത്തിലും അനിവാര്യമാണ്. ഇവയില്ലാതെ ഒന്നും നടക്കില്ല. നമ്മള്‍ എത്രത്തോളം സമര്‍പ്പിക്കാനും കഠിനാധ്വാനത്തിനും ശ്രമിക്കുന്നോ, അത്രയും ഫലം ലഭിക്കുമെന്നതില്‍ സംശയമില്ല.

ജീവിതം ആസ്വദിക്കണം

എല്ലാ സാധാരണക്കാര്‍ക്കുമുള്ള ആഗ്രഹങ്ങളും സ്വപ്‌നങ്ങളുമാണ് എനിക്കുമുള്ളത്. നല്ലൊരു കായികതാരം ആകുന്നതിനൊപ്പം നല്ലൊരു മനുഷ്യനുമാകണം എന്നാണ് ആഗ്രഹിക്കുന്നത്. നമ്മുടെ ചെറിയ ജീവിതം കുടുംബത്തോടൊപ്പം മനോഹരമായി ആസ്വദിക്കണം. അതല്ലാതെ പ്രത്യേകിച്ച് എന്തെങ്കിലും വലിയ കാര്യങ്ങളെ കുറിച്ച് ചിന്തിക്കാറില്ല.

തോല്‍വികള്‍ പ്രചോദനമാക്കണം

എല്ലാ മത്സരങ്ങളും ജയിക്കാന്‍ ആര്‍ക്കുമാകില്ല. തോല്‍വികളില്‍നിന്ന് പാഠമുള്‍ക്കൊണ്ട് പുതിയ തന്ത്രങ്ങളുമായി അടുത്ത മത്സരത്തിന് തയാറെടുക്കുകയെന്നതാണ് പ്രധാനം. ഒന്നില്‍ തോറ്റാല്‍, അടുത്തതില്‍ ജയിക്കാന്‍ നോക്കുക എന്ന രീതിയാണ് എല്ലായ്‌പോഴും സ്വീകരിച്ചിട്ടുള്ളത്.

പുതിയ കളിക്കാരും അങ്ങനെയാകണം. പരാജയം എപ്പോഴും വിജയത്തിന്‍റെ മുന്നോടിയാണെന്ന് വിശ്വസിക്കുക. സ്വയം മെച്ചപ്പെടുത്തി മുന്നേറുക.

Tags:    
News Summary - sahal abdul samad talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.