സീമ ജി. നായർ

സർജറി കഴിഞ്ഞ് അമ്മ സ്റ്റേജിൽ കയറി അഭിനയിക്കുമ്പോൾ കുപ്പായം നിറയെ ചോരകൊണ്ട് മൂടിയിരുന്നു -നടി സീമ ജി. നായർ

അമ്മക്ക് ഞങ്ങൾ മൂന്ന് മക്കളായിരുന്നു. ഒരുപാട് ബുദ്ധിമുട്ടുകളും കഷ്ടപ്പാടുകളും നിറഞ്ഞ ജീവിതമായിരുന്നു ഞങ്ങളുടേത്. അന്ന് ഏക ഉപജീവന മാർഗവും നാടകംതന്നെ.

ഒമ്പതാമത്തെ വയസ്സിൽ നാടക രംഗത്തേക്ക് വന്നതാണ് അമ്മ. പ്രസവ ശേഷം വിശ്രമിക്കാതെ അമ്മ തട്ടിൽ കയറി അഭിനയിച്ചിട്ടുണ്ട്. സ്റ്റേജിന് അടിയിൽ തൊട്ടിൽ കെട്ടിയാണ് അമ്മ ഞങ്ങളെ വളർത്തിയത്. അതുകൊണ്ടാവും മക്കൾക്കും കല തന്നെ ജീവവായുവായത്. ഞങ്ങളാരും ഒരിക്കലും അഭിനയ രംഗത്തേക്ക് വരരുത് എന്നായിരുന്നു അമ്മയുടെ ആഗ്രഹം.

അമ്മയുടെ അനുവാദമില്ലാതെ കൊച്ചിൻ സംഘമിത്രയിൽ 10 ദിവസത്തേക്ക് നാടകത്തിൽ അഭിനയിച്ചാണ് എന്‍റെ തുടക്കം. അതറിഞ്ഞപ്പോൾ അമ്മ പൊട്ടിത്തെറിച്ചിരുന്നു. പക്ഷേ, ഒരിക്കലും അഭിനയിക്കരുതെന്ന് പറഞ്ഞ് എന്നെ വിലക്കിയിട്ടില്ല. മികച്ച നാടക നടിക്കുള്ള അവാർഡ് എന്നെ തേടിയെത്തിയപ്പോഴേക്കും അമ്മ അർബുദം ബാധിച്ച് നാടകരംഗത്തുനിന്ന് മാറിനിൽക്കുകയായിരുന്നു.

അമ്മ ചേർത്തല സുമതി

കൊല്ലത്ത് രണ്ട് നാടകം നടക്കുന്ന സമയമായിരുന്നു അത്. അമ്മയുടെ ഓപറേഷൻ കഴിഞ്ഞ് നേരെ ഞങ്ങൾ കയറിയത് നാടക വണ്ടിയിലാണ്. പ്രധാന കഥാപാത്രമായി അഭിനയിക്കേണ്ട സൗദാമിനിയെ ചേർത്തലയിൽനിന്ന് വാഹനത്തിൽ കയറ്റാൻ ഡ്രൈവറോട് പറയാൻ മറന്നത് എല്ലാവരിലും ആശങ്ക ജനിപ്പിച്ചു.

നാടകത്തിന് രണ്ട്, മൂന്ന് മണിക്കൂർ മുമ്പായിരുന്നു ഈ സംഭവം. പ്രധാന കഥാപാത്രം ചെയ്യാൻ ആളില്ലാതായതോടെ നാടകം ഒഴിവാക്കാം എന്ന തീരുമാനത്തിൽ എത്തി. അപ്പോഴാണ് ഞാൻ അഭിനയിക്കാം എന്ന് പറഞ്ഞ് അമ്മ മുമ്പോട്ടുവന്നത്.

സർജറി കഴിഞ്ഞ് മാറിടം ഒഴിവാക്കിയ അവസ്ഥയിലാണത്. പച്ച കുപ്പായമിട്ട് തട്ടിൽ കയറിയ അമ്മയുടെ അഭിനയം ഞങ്ങൾ കണ്ടുതീർത്തത് ശ്വാസം വിടാതെയായിരുന്നു. അമ്മ ഓരോ സംഭാഷണങ്ങളും പറയുമ്പോഴും ട്യൂബ് തള്ളി വന്ന് കുപ്പായം നിറയെ ചോരകൊണ്ട് മൂടിയിരുന്നു. എന്നിട്ടും ആ രണ്ടു നാടകവും അഭിനയിച്ചുതീർത്തു.

അമ്മയുടെ 52 വർഷം കടന്നുപോയത് അഭിനയമെന്ന കലയിലൂടെയാണ്. അതേ അർപ്പണബോധം തന്നെയാണ് എനിക്കും കിട്ടിയത്. കലയിൽ മാത്രമല്ല ജീവിതത്തിലും ഞാൻ അമ്മയെ പോലെയാണെന്ന് പറയാൻ അഭിമാനമേയുള്ളൂ.

Tags:    
News Summary - seema g nair talks

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.