സ്നേഹ ഭാസ്കരൻ


പൈലറ്റുമാരുടെ ധൈര്യം പരീക്ഷിക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ചെന്നൈ സ്വദേശി

വെല്ലുവിളികൾ അതിജീവിക്കാനുള്ള പൈലറ്റുമാരുടെ കഴിവ് പരീക്ഷിക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ആദ്യ ഇന്ത്യക്കാരിയായി ചെന്നൈ സ്വദേശി. ന്യൂസിലൻഡ് അസോസിയേഷൻ ഓഫ് വിമൻ ഇൻ ഏവിയേഷൻ സംഘടിപ്പിച്ച വാർഷിക മത്സരത്തിൽ മൊറേൻ സോൾനിയർ റാലി ട്രോഫി കരസ്ഥമാക്കിയാണ് സ്നേഹ ഭാസ്കരൻ ഇന്ത്യയുടെ അഭിമാനമായത്.

2500 അടി ഉയരത്തിൽനിന്ന് എൻജിൻ പ്രവർത്തനരഹിതമാക്കി നിശ്ചിത സ്ഥലത്ത് വിമാനം ലാൻഡ് ചെയ്യിക്കുന്നതാണ് മത്സരം. റൺവേയിലെ നിശ്ചിത ഗ്രിഡിൽ വിമാനത്തിന്‍റെ ചക്രങ്ങൾ കൃത്യമായി സ്പർശിക്കുകയും വേണം.


പൈലറ്റുമാരുടെ ധൈര്യം കൂടി പരീക്ഷിക്കുന്ന മത്സരമാണിത്. 1963 മുതൽ നടക്കുന്ന മത്സരത്തിൽ വിജയിക്കുന്ന ആദ്യ രാജ്യാന്തര വിദ്യാർഥി എന്ന റെക്കോഡും സ്നേഹ സ്വന്തം പേരിലാക്കി.

2023 ജനുവരി മുതൽ ഒമാരുവിലെ ന്യൂസിലൻഡ് എയർലൈൻ അക്കാദമിയിൽ ട്രെയിനി പൈലറ്റായി എൻറോൾ ചെയ്ത സ്നേഹ ഭാസ്കരൻ കഴിഞ്ഞ ആഗസ്റ്റിൽ ന്യൂസിലൻഡിലെ കോമേഴ്‌സ്യൽ പൈലറ്റ് ലൈസൻസ് നേടി.

പൈലറ്റാകുക എന്നത് കുട്ടിക്കാലം മുതൽ സ്നേഹ മനസ്സിൽ താലോലിക്കുന്ന സ്വപ്നമായിരുന്നു. ശാസ്ത്രവും ഇഷ്ട മേഖലയായതിനാൽ ചെന്നൈയിലെ എസ്.ആർ.എം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് ആൻഡ് ടെക്നോളജിയിൽനിന്ന് ജനിതക എൻജിനീയറിങ്ങിൽ ബിരുദം നേടി.

പിന്നീട്, വ്യോമയാന മേഖലയിൽ കരിയർ പടുത്തുയർത്തുക എന്ന ലക്ഷ‍്യത്തോടെ ന്യൂസിലൻഡ് എയർലൈൻ അക്കാദമിയിൽ ചേർന്നു. പറക്കാനുള്ള തന്‍റെ സ്വപ്നങ്ങൾക്ക് ചിറക് നൽകിയതിൽ അക്കാദമിക്കും അധികൃതർക്കും പൈലറ്റുമാർക്കും നന്ദി പറയുകയാണ് സ്നേഹ.





Tags:    
News Summary - First Indian woman to win the test of pilots courage

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.