1. മുസദ്ദിഖ് ബഷീറും കെ‌.വൈ‌.സി വളന്‍റിയർമാരും 2. തെരുവിലെ മനുഷ‍്യനെ പരിചരിക്കുന്ന വളന്‍റിയർമാർ


കശ്മീരിലെ ഭവനരഹിതരെ സംരക്ഷിക്കാൻ 600 വളന്‍റിയർമാരെ അണിനിരത്തിയിരിക്കുകയാണ് ഈ 22കാരൻ

കശ്മീരിലെ ഭവനരഹിതരെയും മാനസിക വെല്ലുവിളി നേരിടുന്നവരെയും സംരക്ഷിക്കാൻ 600 വളന്‍റിയർമാരെ അണിനിരത്തിയിരിക്കുകയാണ് ഈ 22കാരൻ.

ഉറ്റവരാൽ തെരുവിൽ ഉപേക്ഷിക്കപ്പെട്ടവരെ പുനരധിവസിപ്പിക്കാനും അവരെ സാധാരണ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുമാണ് മുസദ്ദിഖ് ബഷീറിന്‍റെ നേതൃത്വത്തിൽ ‘കശ്മീർ യൂത്ത് കറേജ്’ വളന്‍റിയർമാർ പരിശ്രമിക്കുന്നത്.

റോഡരികിൽ കണ്ട, ആരും കൂട്ടിനില്ലാതെ മുഷിഞ്ഞ വസ്ത്രം ധരിച്ച് നിലവിളിക്കുന്ന മനുഷ‍്യൻ മുസദ്ദിഖ് എന്ന 10 വയസ്സുകാരനെ ഏറെക്കാലം അലട്ടിയിരുന്നു.

താൻ നല്ല ഭക്ഷണം കഴിച്ച്, വൃത്തിയുള്ള വസ്ത്രം ധരിച്ച്, അടച്ചുറപ്പുള്ള വീട്ടിൽ അന്തിയുറങ്ങുമ്പോൾ ആ മനുഷ‍്യൻ തെരുവിൽതന്നെയാണല്ലോ എന്നത് അവനെ അലട്ടി. 2022ൽ പുൽവാമയിൽ എൻജിനീയറിങ് പഠിക്കുന്ന കാലത്തും താൻ കുട്ടിക്കാലത്ത് കണ്ടതുപോലത്തെ അനേകം മനുഷ‍്യരെ കണ്ടുമുട്ടി. അങ്ങനെ മുസദ്ദിഖ് തെരുവുകളിലൂടെ നടക്കാൻ തുടങ്ങി.

ആരോരുമില്ലാത്ത മനുഷ‍്യരെ നോക്കി സഹതപിക്കുന്നതിന് പകരം അവർക്കായി എന്തെങ്കിലും ചെയ്യണം എന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. തന്‍റെ ചിന്ത കൂട്ടുകാരുമായി പങ്കുവെച്ചു. കൂടെയുണ്ടെന്ന് അവർ ഉറപ്പുനൽകി.

ഭക്ഷണം, സോപ്പ്, പുതപ്പുകൾ എന്നിവയുമായി മുസദ്ദിഖും കൂട്ടുകാരും തെരുവിലേക്കിറങ്ങി. തെരുവിലെ മനുഷ‍്യർക്ക് അവർ അത് കൈമാറി. അവരോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അതായിരുന്നു തുടക്കം. അങ്ങനെ കശ്മീർ യൂത്ത് കറേജ് (കെ‌.വൈ‌.സി) പിറന്നു. 21 സജീവ അംഗങ്ങളുള്ള ഈ കൂട്ടായ്മ ഇതിനകം കശ്മീരിലുടനീളം 45ലധികം മനുഷ‍്യരെ സാധാരണ ജീവിതത്തിലേക്ക് തിരികെ നടത്തിച്ചു. ചിലർ വീടുകളിലേക്ക് മടങ്ങി. മറ്റുള്ളവർക്ക് കെ‌.വൈ‌.സി അഭയം നൽകി.

ഇന്ന് കശ്മീരിലെ ഓരോ ജില്ലയിലുമായി സേവനസന്നദ്ധരായ 500 മുതൽ 600 വരെ വളന്‍റിയർമാർ ഈ കൂട്ടായ്മക്ക് കീഴിലുണ്ട്. വാടകക്കെട്ടിടത്തിലാണ് പുനരധിവാസ കേന്ദ്രം പ്രവർത്തിക്കുന്നത്. 10 മുതൽ 15 വരെ ആളുകളെ ഇവിടെ പാർപ്പിക്കുന്നു. ഭക്ഷണത്തിനും സുരക്ഷക്കുമൊപ്പം സ്നേഹവും ഇവർ നൽകുന്നു. എല്ലാ ദിവസവും കെ‌.വൈ‌.സി വളന്‍റിയർമാർ തെരുവിലിറങ്ങി, അരികുകളിൽ ഇടറിവീണ മനുഷ‍്യരെ കണ്ടെത്തി ജീവിതത്തിലേക്ക് തിരികെ കൈപിടിച്ചുയർത്തുന്നു.

Tags:    
News Summary - This young man has mobilized 600 volunteers to protect the homeless in Kashmir

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.