‘നമ്മൾ വീട് നിർമിക്കാനുദ്ദേശിക്കുന്ന ഭൂമി പരിസ്ഥിതി ലോല പ്രദേശമാണോ എന്നറിയാം, ഒന്നുരണ്ട് ക്ലിക്കിൽ’ -അറിയാം, കെ-സ്മാർട്ടിനെക്കുറിച്ച്

ഏത് കോണിലിരുന്നും ഇനി കേരള സർക്കാർ സേവനങ്ങൾ എളുപ്പം ഉപയോഗപ്പെടുത്താം. ജനന-മരണ-വിവാഹ രജിസ്ട്രേഷൻ മുതൽ വസ്തുനികുതി, കെട്ടിട നിർമാണ പെർമിറ്റ് വരെ ഓൺലൈനായി ലഭ്യമാക്കുന്ന കേരള സർക്കാർ പദ്ധതിയായ കെ-സ്മാർട്ടിനെക്കുറിച്ച് അറിയാം.

എന്താണ് കെ-സ്മാർട്ട്?

കേരളത്തിലെ തദ്ദേശ സ്ഥാപനങ്ങളിൽനിന്നുള്ള സേവനങ്ങൾ ഡിജിറ്റലായി ലഭ്യമാക്കുന്ന സംസ്ഥാന സർക്കാർ പദ്ധതിയാണ് ‘കെ-സ്മാർട്ട്’ അഥവാ കേരള സൊലൂഷൻസ് ഫോർ മാനേജിങ് അഡ്മിനിസ്ട്രേറ്റിവ് റിഫർമേഷൻ ആൻഡ് ട്രാൻസ്ഫർമേഷൻ. കെ-സ്മാർട്ട് വെബ് പോർട്ടലും മൊബൈൽ ആപ്ലിക്കേഷനും നിലവിലുണ്ട്.

ആദ്യഘട്ടത്തിൽ കോർപറേഷനുകളിലും മുനിസിപ്പാലിറ്റികളിലും മാത്രം ലഭ്യമാക്കിയിരുന്ന കെ-സ്മാർട്ട് സേവനങ്ങൾ ഇപ്പോൾ ത്രിതല പഞ്ചായത്തുകളിലും ലഭ‍്യമാണ്. തദ്ദേശ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട സേവനങ്ങൾ കെ-സ്മാർട്ട് എന്ന ഒറ്റ പ്ലാറ്റ്ഫോമിലൂടെ ജനങ്ങളിലേക്ക് എത്തുകയാണ്. ഇനി, ഓഫിസുകൾ സന്ദർശിക്കാതെ തന്നെ ഒറ്റ ക്ലിക്കിൽ സേവനങ്ങൾ ലഭിക്കും.

https://ksmart.lsgkerala.gov.in/ui/web-portal എന്ന ലിങ്ക് വഴി കെ-സ്മാർട്ട് പോർട്ടലിലെത്താം. ആപ്പിൾ സ്റ്റോറിലും പ്ലേ സ്റ്റോറിലും മൊബൈൽ ആപ് ലഭ്യമാക്കിയിട്ടുണ്ട്. ഇൻഫർമേഷൻ കേരള മിഷനാണ് കെ-സ്മാർട്ട് പ്ലാറ്റ്ഫോം വികസിപ്പിച്ചത്.


സേവനങ്ങൾ

● സിവിൽ രജിസ്ട്രേഷൻ (ജനന, മരണ, വിവാഹ രജിസ്ട്രേഷൻ)

● ബിസിനസ് ഫെസിലിറ്റേഷൻ (വ്യാപാരങ്ങൾക്കും വ്യവസായങ്ങൾക്കുമുള്ള ലൈസൻസുകൾ)

● വസ്തുനികുതി

● യൂസർ മാനേജ്മെന്‍റ്

● ഫയൽ മാനേജ്മെന്‍റ് സിസ്റ്റം

● ഫിനാൻസ് മൊഡ്യൂൾ

● കെട്ടിട പെർമിറ്റ്

● പൊതുജന പരാതി പരിഹാരം

ഇവ കൂടാതെ, മീറ്റിങ് മാനേജ്മെന്‍റ്, വാടക/പാട്ടം, പാരാമെഡിക്കൽ ട്യൂട്ടോറിയൽ രജിസ്ട്രേഷൻ, പെറ്റ് ലൈസൻസ്, പ്ലാൻ ഡെവലപ്മെന്‍റ്, സേവന പെൻഷൻ, കോൺഫിഗറേഷൻ മൊഡ്യൂൾ, നോ യുവർ ലാൻഡ് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കിയിട്ടുണ്ട്.

അപേക്ഷകളും പരാതികളും സമർപ്പിക്കുന്നതോടൊപ്പം അവയുടെ സ്റ്റാറ്റസുൾപ്പെടെയുള്ള വിവരങ്ങളും ഓൺലൈനായിത്തന്നെ കെ-സ്മാർട്ടിലൂടെ അറിയാനാവും. ഇതിനായി അപേക്ഷകളുടെയും പരാതികളുടെയും കൈപ്പറ്റ് രസീത് ലോഗിനിലും വാട്സ്ആപ്പിലും ഇ-മെയിലിലും ലഭ്യമാകുന്ന മെസേജിങ് സംവിധാനവും ഒരുക്കിയിട്ടുണ്ട്.

സംശയനിവാരണത്തിനായി പ്രത്യേക ഹെൽപ് ഡെസ്ക് സംവിധാനവും സർക്കാർ സജ്ജമാക്കിയിട്ടുണ്ട്. സാങ്കേതിക പ്രശ്നപരിഹാരത്തിനായി കേന്ദ്രീകൃത റാപ്പിഡ് റെസ്പോൺസ് ടീമിനെയും വിന്യസിച്ചിട്ടുണ്ട്.

കെ-സ്മാർട്ട് വെബ് പോർട്ടൽ

കെ-സ്മാർട്ട് പോർട്ടലിലെ സേവനങ്ങൾ ഉപയോഗിക്കുന്നതിനായി രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്.

● പോർട്ടൽ സന്ദർശിച്ച് രജിസ്റ്റർ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്ത് ‘സിറ്റിസൺ രജിസ്ട്രേഷൻ’ തിരഞ്ഞെടുക്കുക. ലൈസൻസി രജിസ്ട്രേഷൻ, ഇൻസ്റ്റിറ്റ്യൂഷൻ രജിസ്ട്രേഷൻ എന്നീ ഓപ്ഷനുകളും ലഭ്യമാണ്.

● ആധാർ നമ്പർ നൽകി ‘ഗെറ്റ് ഒ.ടി.പി’ എന്ന ബട്ടണിൽ ക്ലിക്ക് ചെയ്യുക. ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി നൽകി രജിസ്റ്റർ ചെയ്യാം.

● പാൻ കാർഡ്, വോട്ടർ ഐഡി, പാസ്പോർട്ട് എന്നിവ ഉപയോഗിച്ചും രജിസ്ട്രേഷൻ നടത്താം. ഇതിനായി ‘രജിസ്റ്റർ വിത്ത് അതർ മെതേഡ്’ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കാം.

രജിസ്ട്രേഷനുശേഷം സ്വന്തം ലോഗിൻ ഉപയോഗിച്ച് വെബ് പോർട്ടലിലെ അതത് മൊഡ്യൂളുകളിലെത്തി സേവനങ്ങൾ ഉപയോഗപ്പെടുത്താം.

ആപ്ലിക്കേഷൻ ഉപയോഗിക്കുന്നത് എങ്ങനെ?

● ആപ് തുറക്കുമ്പോൾ കാണുന്ന ‘ക്രിയേറ്റ് അക്കൗണ്ട്’ എന്ന ഓപ്ഷനിൽ ക്ലിക്ക് ചെയ്യുക.

● ആധാർ നമ്പറും ആധാറുമായി ലിങ്ക് ചെയ്ത മൊബൈൽ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പിയും നൽകുക.

● പിന്നീട് തുറന്നുവരുന്ന വിൻഡോയിൽ നിങ്ങളുടെ പേര് ദൃശ്യമാകും. അവിടെ മൊബൈൽ നമ്പർ ടൈപ് ചെയ്ത്, ആ നമ്പറിൽ ലഭിക്കുന്ന ഒ.ടി.പി ഉപയോഗിച്ച് വെരിഫിക്കേഷൻ പൂർത്തിയാക്കണം.

● തുടർന്ന് വാട്സ്ആപ് നമ്പർ, ഇ-മെയിൽ വിലാസം എന്നിവ ടൈപ് ചെയ്ത് രജിസ്റ്റർ എന്ന ഓപ്ഷൻ തിരഞ്ഞെടുക്കുന്നതോടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാവും. ആധാർ മൊബൈൽ നമ്പറുമായി ബന്ധിപ്പിക്കാത്തവർക്ക് ‘ക്രിയേറ്റ് അക്കൗണ്ട്’ എന്ന ബട്ടൺ ക്ലിക്ക് ചെയ്ത ശേഷം, ‘ട്രൈ അനതർ വേ’ എന്ന ഓപ്ഷൻ തിരഞ്ഞെടുത്ത് രജിസ്ട്രേഷൻ നടത്താം.

രജിസ്ട്രേഷനുശേഷം ലോഗിൻ ചെയ്ത് കെ-സ്മാർട്ട് ഉപയോഗിക്കാം. ലോഗിൻ നടപടികളും വിഡിയോ കെ.വൈ.സിയും പൂർത്തിയാക്കി പ്രവാസികൾക്കും ഈ സേവനങ്ങൾ ആക്സസ് ചെയ്യാനാകും.

ഓൺലൈൻ പേമെന്റ് സംവിധാനം

അപേക്ഷ ഫീസുകൾ, നികുതി തുടങ്ങിയവ ഓൺലൈനായി അടക്കാനുള്ള സംവിധാനവും കെ-സ്മാർട്ടിലുണ്ട്. നിലവിലുള്ള അപേക്ഷ ഫീസിന് പുറമെ കെ-സ്മാര്‍ട്ട് വഴിയുള്ള സേവനങ്ങൾക്ക് ‘ഡിജിറ്റൽ കോസ്റ്റ്’ ഇനത്തിൽ അഞ്ചോ പത്തോ രൂപ വീതം അധികം നൽകണം.

ജനന-മരണ സര്‍ട്ടിഫിക്കറ്റുകള്‍, മറ്റു പൗരസേവനങ്ങള്‍ എന്നിവക്ക് അഞ്ചു രൂപയാണ് അധിക ഫീസ്. വിവാഹ സര്‍ട്ടിഫിക്കറ്റ്, റെസിഡൻഷ്യൽ സർട്ടിഫിക്കറ്റ് (തെരഞ്ഞെടുപ്പാവശ്യത്തിന് ഒഴികെയുള്ളവ), കെട്ടിടത്തിന്റെ കാലപ്പഴക്കം, നികുതി ഒഴിവാക്കൽ, കുടിശ്ശികയില്ലെന്ന രേഖ, കെട്ടിട ഉപയോഗ സര്‍ട്ടിഫിക്കറ്റ്, ഫ്ലോർ ആൻഡ് റൂഫ് സർട്ടിഫിക്കറ്റ്, ഉടമസ്ഥത സർട്ടിഫിക്കറ്റ്, വസ്‌തു നികുതിയുമായി ബന്ധപ്പെട്ട സേവനങ്ങൾ (നികുതി അടക്കുന്നത് ഒഴികെ), ലൈസൻസിന് അപേക്ഷിക്കാനും പുതുക്കാനും, കെട്ടിട പെർമിറ്റ് സേവനങ്ങൾ തുടങ്ങിയവക്ക് പത്ത് രൂപ ഈടാക്കും.

വിവരാവകാശ സർട്ടിഫിക്കറ്റ്, ബി.പി.എല്‍ സര്‍ട്ടിഫിക്കറ്റ് എന്നിവക്ക് അധിക ഫീസില്ല.

നോ യുവർ ലാൻഡ്

ഒരു സ്ഥലത്ത് ഏതെല്ലാം തരത്തിലുള്ള കെട്ടിടങ്ങൾ നിർമിക്കാമെന്ന് കെ-സ്മാർട്ടിലെ ‘നോ യുവർ ലാൻഡ്’ എന്ന ഫീച്ചറിലൂടെ അറിയാൻ സാധിക്കും. കെ-സ്മാർട്ട് നോ യുവർ ലാൻഡ് (കെ-സ്മാർട്ട് ജി.ഐ.സ്) എന്ന പേരിൽ ഇതിനായി മൊബൈൽ ആപ്ലിക്കേഷൻ ലഭ്യമാക്കിയിട്ടുണ്ട്.

ജി.ഐ.എസ് സാങ്കേതികവിദ്യയുടെ സഹായത്തോടെ പ്ലോട്ടുകളുടെയും കെട്ടിടങ്ങളുടെയും വിവരങ്ങൾ ഡിജിറ്റൽ രൂപത്തിൽ ലഭ്യമാകും. ഇതു വഴി കെട്ടിടം പണിയാൻ ഉദ്ദേശിക്കുന്ന സ്ഥലം തീരപരിപാലന നിയമ പരിധി, റെയിൽവേ എയർപോർട്ട് സോണുകൾ, പരിസ്ഥിതി ലോല പ്രദേശം, അംഗീകൃത മാസ്റ്റർ പ്ലാനുകൾ തുടങ്ങിയവയിൽ ഉൾപെട്ടതാണോ എന്ന് എളുപ്പത്തിൽ അറിയാനും ആവശ്യ മുന്നൊരുക്കങ്ങൾ നടത്താനും സാധിക്കും.

കെ-സ്മാർട്ട് വെബ് പോർട്ടൽ വഴിയോ ആപ്പ് വഴിയോ രജിസ്റ്റർ ചെയ്തവർക്കാണ് ഈ ആപ്പ് ഉപയോഗിക്കാനാവുക.

● ആപ്പ് തുറക്കുമ്പോൾ കാണുന്ന സെലക്ട് യൂസർ എന്ന ഓപ്ഷനിൽ പൊതുജനങ്ങൾക്ക് ‘സിറ്റിസൺ’ എന്ന് നൽകി മുന്നോട്ടു പോകാം.

● രജിസ്റ്റർ ചെയ്ത മൊബൈലും അതിൽ ലഭിക്കുന്ന ഒ.ടി.പിയും നൽകി ലോഗിൻ ചെയ്യാം.

● ശേഷം നോ യുവർ ലാൻഡ് എന്ന ഐക്കൺ ക്ലിക്ക് ചെയ്യുക.

● തുടർന്ന് ലഭിക്കുന്ന ഗൂഗിൾ മാപ്പിന് സമാനമായ മാപ്പിൽ നിങ്ങൾക്ക് ആവശ്യമുള്ള സ്ഥലം മാർക്ക് ചെയ്യുക. ഇതിനായി ആപ്പിലെ വരക്കാനുള്ള ടൂൾ ഉപയോഗിക്കാം.

● നിർമിക്കാനുദ്ദേശിക്കുന്ന കെട്ടിടത്തിന്റെ പേരും ഉയരവും നൽകിയാൽ സ്ഥലത്തിന്റെ സോൺ, കെട്ടിടം എത്ര ഉയരത്തിൽ നിർമിക്കാം, സെറ്റ് ബാക്ക് എത്ര മീറ്റർ എന്നു തുടങ്ങി എല്ലാ വിവരങ്ങളും ലഭിക്കും. ആ സ്ഥലത്തു പോയി ആപ്പ് മുഖേന സ്‌കാൻ ചെയ്തും വിവരങ്ങളെടുക്കാം.

കൂടുതൽ വിവരങ്ങൾക്ക് +91 471 2773160 എന്ന ഹെൽപ് ഡെസ്ക് നമ്പറിലും കെ-സ്മാർട്ട് പോർട്ടലിലെ സപ്പോർട്ട് സംവിധാനത്തിലും ബന്ധപ്പെടാം.

Tags:    
News Summary - know about k-smart

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.