‘വേറെങ്ങുമില്ല മലയാളക്കരയിലെ കാഴ്ച വൈവിധ‍്യം’ -കേരളത്തിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിതാ

കാഴ്ചകളുടെ, പ്രകൃതിസൗന്ദര്യത്തിന്‍റെ അവസാനിക്കാത്ത കലവറയാണ് കേരളം. പുഴയും തോടും കായലും കടലും മലയും കുന്നും പുൽമേടും തേയിലത്തോട്ടങ്ങളും കാടും മുതൽ മഴയും മഞ്ഞും തണുപ്പും എണ്ണമറ്റ അനേകം ഭക്ഷണ സാധ്യതകൾ വരെ നിറയുന്നതാണ് ഓരോ ഇടങ്ങളും. കുട്ടികൾക്കും യുവതക്കും വയോജനങ്ങൾക്കും മുതൽ കപ്പിൾസ് ഫ്രണ്ട്ലി വരെ നീളുന്ന ടൂറിസം കേന്ദ്രങ്ങൾ നമുക്ക് സ്വന്തം. കേരളത്തിലെ 14 ജില്ലകളിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളിൽ ചിലത് പരിചയപ്പെടാം...

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലയിൽ കണ്ടിരിക്കേണ്ട പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങളെ പരിചയപ്പെടാം.

* കുട്ടിപ്പടയുടെ ഇഷ്ടയിടങ്ങൾ:

-കാഴ്ചബംഗ്ലാവ്

-മൃഗശാല

-നേപ്പിയര്‍ മ്യൂസിയം

-മാജിക് പ്ലാനറ്റ്

-പ്ലാനറ്റോറിയം

* പ്രായഭേദമന്യേ പോകാവുന്ന ഇടങ്ങൾ

- കോവളം ബീച്ച്

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: തിരുവനന്തപുരം സെന്‍ട്രല്‍, 16 കി.മീ. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം, 10 കി.മീ.

- ശംഖുംമുഖം ബീച്ച്

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷന്‍ (ഏഴു കി.മീ), കെ.എസ്.ആര്‍.ടി.സി (ഏഴു കി. മീറ്റര്‍)

- വർക്കല ബീച്ച്

വര്‍ക്കല റെയില്‍വേ സ്റ്റേഷനില്‍നിന്ന് മൂന്ന് കിലോമീറ്റര്‍ അകലെ.

- പൂവാർ

അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍: തിരുവനന്തപുരം, 23 കി. മീ.

* ഫാമിലി ട്രിപ്പ്

- വേളി ടൂറിസ്റ്റ് ഹോം

- പുഞ്ചക്കരി പാടം

തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽനിന്ന് എട്ടു കി.മീ

- നെയ്യാര്‍ ഡാം

തിരുവനന്തപുരം നഗരത്തില്‍നിന്ന് 30 കിലോമീറ്റര്‍ അകലെ

* സാഹസിക പ്രിയരേ ഇതിലേ

- പൊന്മുടിയും മീന്‍മുട്ടി വെള്ളച്ചാട്ടവും

പൊന്മുടി വ്യൂ പോയന്‍റ് വരെ കെ.എസ്.ആര്‍ടി.സി ബസ് സര്‍വിസുമുണ്ട്. തിരുവനന്തപുരം റെയില്‍വേ സ്റ്റേഷനിൽ നിന്ന് 58 കി.മീറ്ററാണ് ഇവിടേക്കുള്ള ദൂരം.

പൊന്മുടിയിലേക്കുള്ള പാതയിലാണ് മീന്‍മുട്ടി വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സാഹസിക നടത്തത്തിനും കാട്ടിനുള്ളില്‍ തമ്പടിക്കാനും അവസരമുണ്ട്. തിരുവനന്തപുരം നഗരത്തില്‍ നിന്ന് ഏകദേശം 40 കിലോമീറ്റര്‍ അകലെയാണിത്.

-ചിറ്റിപ്പാറ

തിരുവനന്തപുരം-പൊന്മുടി റൂട്ടില്‍ വിതുര എത്തുംമുമ്പ് തൊളിക്കോടിന് ശേഷം ഇരുതലമൂലയില്‍ നിന്ന് വലത്തേക്ക് ഏകദേശം രണ്ടു കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ ആയിരവല്ലി ക്ഷേത്രത്തിലെത്താം. ഇവിടെ വാഹനം നിര്‍ത്തി 15 മിനിറ്റ് മുകളിലേക്ക് നടന്നാല്‍ ചിറ്റിപ്പാറയിലെത്താം. തിരുവനന്തപുരത്തുനിന്ന് ഏകദേശം 30 കി.മീറ്റർ


കൊല്ലം

* കൊല്ലം ബീച്ച്

നഗര ഹൃദയഭാഗത്തുനിന്ന് രണ്ട്‌ കിലോമീറ്റര്‍ അകലെ കൊച്ചുപുളിമൂടിലാണ്‌ മനോഹരമായ കൊല്ലം ബീച്ച്.

* മറ്റു പ്രധാന ആകര്‍ഷണങ്ങൾ

- തിരുമുല്ലവാരം ബീച്ച്

- പാലരുവി വെള്ളച്ചാട്ടം

- തെന്മല

-ശാസ്താംകോട്ട

- പുനലൂർ തൂക്കുപാലം

- നീണ്ടകര തുറമുഖം

* തെന്മല, ശെന്തുരുണി വന്യജീവി സങ്കേതങ്ങൾ

പുനലൂരിൽനിന്ന് അരമണിക്കൂർ സഞ്ചരിച്ചാൽ തെന്മലയിലെത്താം. വിവരങ്ങൾക്ക്​: തെന്മല ഇക്കോടൂറിസം പ്രമോഷൻ സൊസൈറ്റി, കൊല്ലം. ഫോൺ: 0475-2344800,

ഇ മെയിൽ: info@thenmalaecoourism.com, info@teps.in

വെബ്സൈറ്റ്: https://www.thenmalaecotourism.com/

ഒരു വൃക്ഷത്തിന്‍റെ പേരിൽ അറിയപ്പെടുന്ന ഏക വന്യജീവി സംരക്ഷണ കേന്ദ്രമാണ് ശെന്തുരുണി വന്യജീവി സങ്കേതം.

* മീൻപിടിപ്പാറ

കൊല്ലം ചെങ്കോട്ട റോഡിൽ കൊട്ടാരക്കര പുലമൺ ജങ്ഷനിലാണ് ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്​ കീഴിലുള്ള മീൻപിടിപ്പാറ ടൂറിസം സെന്‍റർ പ്രവർത്തിക്കുന്നത്.

* പിനാക്കിൾ വ്യൂ പോയന്‍റ്​

മലയോര ഹൈവേയിലെ വലിയ കുരുവിക്കോണം-വെഞ്ചേമ്പ്-തടിക്കാട് റോഡില്‍ ചേറ്റുകുഴിക്കും ഒരുനടക്കും മധ്യേ, ഏക്കര്‍കണക്കായി പരന്നുകിടക്കുന്ന റബര്‍ എസ്റ്റേറ്റിന് മധ്യത്തായാണ് പ്രകൃതിയുടെ ഈ വിസ്മയ കാഴ്ച.

* സായിപ്പിന്‍റെ ഗുഹയും കുടുക്കത്തുപാറയും

ആനക്കുളം കാട്ടിലൂടെ ഏകദേശം ഒരു കിലോമീറ്റർ ദൂരം സഞ്ചരിച്ചാൽ കുടുക്കത്തുപാറയിൽ എത്തിച്ചേരാം. 100 പടവുകൾ കയറി ചെല്ലുമ്പോൾ സായിപ്പിന്‍റെ ഗുഹ കാണാം.

* ജടായുപ്പാറ

സമുദ്രനിരപ്പില്‍നിന്ന് 850 അടി ഉയരത്തില്‍ ലോകത്തിലെ തന്നെ ഏറ്റവും വലിയ പക്ഷിശില്‍പങ്ങളിലൊന്ന്​ നിർമിക്കപ്പെട്ടിരിക്കുന്ന ജടായുപ്പാറ ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട സഞ്ചാര കേന്ദ്രമാണ്. ടിക്കറ്റുക്കൾ ഓൺലൈനിലൂടെ മാത്രമാണ് ലഭ്യമാവുക. ഇതിനായി www.jatayuadventurecenter.com സന്ദർശിക്കുക. അടുത്തുള്ള റെയിൽവേ സ്​റ്റേഷൻ: കൊല്ലം (38 കി.മീ ദൂരെ). എയർപോർട്ട്​: തിരുവനന്തപുരം (51 കി.മീ).

* മൺറോതുരുത്ത്

കൊല്ലത്തുനിന്ന്‌ 27 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ഇവിടേക്ക് റോഡ്‌ മാർഗവും കായല്‍ മാർഗവും എത്താം.

* സാമ്പ്രാണിക്കോടി

തടാകങ്ങളാല്‍ ചുറ്റപ്പെട്ട അഷ്ടമുടിക്കായലിന്‍റെ തെക്കേ അറ്റത്ത് സ്ഥിതി ചെയ്യുന്ന സാമ്പ്രാണിക്കോടി മനോഹരമായ ഒരു ദ്വീപാണ്. രണ്ട്​ മുതല്‍ നാല്​ കിലോമീറ്റര്‍ വരെ ആഴം കുറഞ്ഞ തടാകത്തിലൂടെ നടക്കാമെന്നതാണ് ഇവിടുത്തെ സവിശേഷത.

* തങ്കശ്ശേരി ലൈറ്റ് ഹൗസ്

കേരളത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ വിളക്കുമാടമാണ് തങ്കശ്ശേരി.

* കുംഭാവുരുട്ടി വെള്ളച്ചാട്ടം

ഉള്‍ക്കാടിനുള്ളിൽ സ്ഥിതി ചെയ്യുന്നു.

* കാപ്പില്‍ ബീച്ച്

തിരുവനന്തപുരം, കൊല്ലം ജില്ലകളുടെ അതിര്‍ത്തിയിലാണ് കാപ്പില്‍ തീരം.


പത്തനംതിട്ട

സംസ്ഥാനത്തെ തീർഥാടന സഞ്ചാരികളുടെ ആസ്ഥാനമെന്ന്​ പത്തനംതിട്ടയെ വിശേഷിപ്പിക്കാം. എല്ലാ വർഷവും കോടിക്കണക്കിന് തീർഥാടകരെത്തുന്ന ശബരിമല മുതൽ കോഴഞ്ചേരി മാരാമൺ കൺവെൻഷൻ എന്നറിയപ്പെടുന്ന ഏഷ്യയിലെ ഏറ്റവും വലിയ ക്രൈസ്തവ മതസമ്മേളന നഗരിയും കേരളത്തിലെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രങ്ങളിലൊന്നായ ആറന്‍മുള ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രവുമാണ് ഇതിൽ പ്രധാനം.

* ശബരിമല

അയ്യപ്പന്‍റെ വാസസ്ഥാനമായ ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത് പശ്ചിമഘട്ട മലനിരകളിലെ കുന്നിൻമുകളിൽ നിബിഡ വനത്തിന് നടുവിലാണ്. പത്തനംതിട്ടയിൽനിന്ന് 64ഉം തിരുവനന്തപുരത്തുനിന്ന് 168ഉം കൊച്ചിയിൽനിന്ന് 150ഉം കിലോമീറ്ററാണ് ശബരിമലയിലേക്കുള്ള ദൂരം.

വിവിധ വന്യജീവികളുടെ വാസ സ്ഥലം കൂടിയാണ് ശബരിമല. ശബരിമലയിലേക്കുള്ള പരമ്പരാഗത റൂട്ട് എരുമേലി വഴിയാണ്​ (45 കി.മീ).

* ഗവി

സ്വന്തം വാഹനത്തിൽ ഗവിയിലെത്താൻ ആദ്യം ഓൺലൈനില്‍ രജിസ്റ്റർ ചെയ്യണം. ആങ്ങമൂഴി ചെക്പോസ്റ്റിൽ നിന്നാണ് പാസ് കിട്ടുക. ആങ്ങമൂഴിയിൽനിന്ന് ഏകദേശം 80 കിലോമീറ്ററുണ്ട് ഗവിക്ക്. ഗവിയിൽനിന്നു തിരിച്ച് ആങ്ങമൂഴിയിലേക്ക് യാത്ര അനുവദിക്കില്ല.

ഗവിയിൽനിന്ന് പിന്നീടു പോകേണ്ടത് വള്ളക്കടവ് ചെക്പോസ്റ്റ് വഴിയാണ്. രാവിലെ എട്ടരക്ക്​ മാത്രമേ കടത്തി വിടൂ. ഉച്ചക്ക്​ 12 വരെയാണ് കടത്തിവിടുന്നത്. വൈകീട്ട്​ അഞ്ചരക്ക്​ മുമ്പായി വള്ളക്കടവ് ചെക്ക് പോസ്റ്റ് കടന്നിരിക്കണം.

പത്തനംതിട്ടയിൽ നിന്ന്​ ഗവിയിലേക്ക് ഏകദേശം 40 കിലോമീറ്റർ ദൂരമുണ്ട്. കുമളി റോഡിലൂടെ യാത്ര ചെയ്ത് വണ്ടിപ്പെരിയാർ വഴി ഗവിയിലെത്താം.

കുമളിയിൽനിന്ന് 14 കിലോമീറ്ററും ഇടുക്കി ജില്ലയിലെ വണ്ടിപ്പെരിയാറിൽനിന്ന് 28 കിലോമീറ്ററും അകലെയാണ് ഗവി. കേരളത്തിലെ വിവിധ കെ.എസ്​.ആർ.ടി.സി ഡിപ്പോകളിൽ നിന്ന്​ ജംഗിൾ സഫാരി ബസ്​ സർവിസ്​ ഗവിയിലേക്ക്​ നടത്തിവരുന്നുണ്ട്​.

* കോന്നി ആനത്താവളം

പത്തനംതിട്ടയിൽ നിന്ന്​ ഏകദേശം 12 കി.മീ അകലെയാണ് ഈ ആനത്താവളം.

* ത്രിവേണി സംഗമം

ശബരിമലയിലേക്കുള്ള വഴിയിലാണ് ത്രിവേണി സംഗമം.

* കവിയൂർ ഗുഹ ക്ഷേത്രം

തിരുവല്ല റെയിൽവേ സ്റ്റേഷനിൽനിന്ന് നാല് കിലോമീറ്റർ മാത്രമാണ്​ ദൂരം.


ആലപ്പുഴ

* ആലപ്പുഴ ബീച്ച്

ആലപ്പുഴ ടൗണിനോട്​ ചേർന്ന ആലപ്പുഴ ബീച്ച് സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമാണ്. ബീച്ചിന്​ സമീപമാണ് ലൈറ്റ് ഹൗസും അഡ്വഞ്ചർ പാർക്കും.

* കൃഷ്ണപുരം കൊട്ടാരം

കൊല്ലം, ആലപ്പുഴ ജില്ല അതിർത്തിയോട്​ ചേർന്ന് തിരുവനന്തപുരം-കായംകുളം ദേശീയപാതയിൽ കൃഷ്ണപുരത്താണ് ഈ കൊട്ടാരം. തിരുവനന്തപുരത്തുനിന്ന്​ വരുമ്പോൾ ദേശീയപാതയിൽ ഓച്ചിറ കഴിഞ്ഞ് കൃഷ്ണപുരം ജങ്​ഷനിൽനിന്ന് ഇടത്തോട്ട് 300 മീറ്റർ വന്നാൽ കൊട്ടാരത്തിലെത്താം.

* കുമാരകോടി

മഹാകവി കുമാരനാശാൻ അന്ത്യവിശ്രമം കൊള്ളുന്ന സ്ഥലം. കൃഷ്ണപുരത്ത്​ നിന്ന്​ വരുമ്പോൾ തിരുവനന്തപുരം-ആലപ്പുഴ ദേശീയപാതയിൽ കരുവാറ്റ ജങ്​ഷനിൽനിന്ന് ഇടത്തോട്ട് ഏതാണ്ട് അഞ്ച്​ കിലോമീറ്റർ വന്നാൽ കുമാരകോടിയിൽ എത്താം. തോട്ടപ്പള്ളി-പല്ലന വഴിയും എത്താം.

* തോട്ടപ്പള്ളി ബീച്ച്

കുമാരകോടിയിൽനിന്ന് തീരദേശ റോഡ് വഴി രണ്ട്​ കിലോമീറ്റർ.

* കരുമാടിക്കുട്ടൻ മണ്ഡപം

അമ്പലപ്പുഴ കരുമാടി പാടശേഖരത്തിൽനിന്ന്​ കിട്ടിയ ബുദ്ധവിഗ്രഹമാണ് കരുമാടിക്കുട്ടൻ എന്ന പേരിൽ അറിയപ്പെടുന്നത്. തോട്ടപ്പള്ളിയിൽനിന്ന്​ ദേശീയപാതയിലേക്കു കയറി, അമ്പലപ്പുഴ ജങ്​ഷനിൽനിന്ന് തിരുവല്ല സംസ്ഥാനപാതയിലേക്ക് അഞ്ച്​ കിലോമീറ്റർ സഞ്ചരിച്ചാൽ എത്തിച്ചേരാം.

* തകഴി മ്യൂസിയം

കരുമാടിക്കുട്ടൻ മണ്ഡപത്തിൽനിന്ന്​ തിരുവല്ല സംസ്ഥാനപാതയിലൂടെ മൂന്ന്​ കിലോമീറ്റർ പോയാൽ തകഴി റെയിൽവേ ക്രോസിന്​ സമീപം വലതുവശത്ത്​.

* മാരാരി ബീച്ച്

ആലപ്പുഴ-എറണാകുളം ദേശീയപാതയിൽ കളിത്തട്ട് ജങ്​ഷനിൽനിന്ന് ഇടത്തോട്ട് മൂന്ന്​ കിലോമീറ്റർ വന്നാൽ മാരാരി ബീച്ചായി.

* പാതിരാമണൽ ദ്വീപ്

തണ്ണീർമുക്കത്തിനും കുമരകത്തിനും ഇടയിലുളള ദ്വീപിലെത്താൻ ബോട്ടുമാർഗ്ഗം വരണം. ആലപ്പുഴയിൽ നിന്ന് ഒന്നര മണിക്കൂർ ബോട്ട് യാത്രയുണ്ട്. റോഡ് മാർഗം മുഹമ്മയിലെത്തി കായിപ്പുറത്ത്​ നിന്ന് നാടൻവള്ളത്തിലും പോകാം. ഇതിന് 10 മിനിറ്റ്​ മതി.


കോട്ടയം

* ഇല്ലിക്കൽ കല്ല്

കുത്തനെയുള്ള കയറ്റമായതിനാൽ നടന്നുകയറാൻ മടിയുള്ളവർക്കായി ജീപ്പ് സർവിസുണ്ട്.

* അയ്മനം

കോട്ടയം-ചേർത്തല റോഡിൽ കവണാറ്റിൻകരയിൽനിന്ന്​ ശിക്കാര വള്ളത്തിലാണ് യാ​ത്ര ആരംഭിക്കുന്നത്.

* നാലുമണിക്കാറ്റ്

മണർകാട്-ഏറ്റുമാനൂർ ബൈപാസിലാണ് ഈ വഴിയോര വിനോദ സഞ്ചാര പദ്ധതി.

* കുമരകം

* മറവൻതുരുത്ത്

* മുതുകോരമല

സാഹസികയാത്രികരുടെ ഇഷ്ടയിടമാണിത്​.

* ഇലവീഴാപ്പൂഞ്ചിറ

* തണ്ണീർമുക്കം ബണ്ട്

* മലരിക്കൽ

സൂര്യോദയവും അസ്തമയവും കാണാൻ മികച്ചൊരിടമാണ് മലരിക്കൽ സൺ സെറ്റ് പോയന്‍റ്​.


ഇടുക്കി

*മൂന്നാർ

മൂന്നാറിൽ വരുമ്പോൾ പോകുന്ന രണ്ട്​ റൂട്ടാണ് ടോപ്സ്റ്റേഷൻ-വട്ടവട റൂട്ടും മറയൂർ-കാന്തല്ലൂർ റൂട്ടും. കൂടാതെ മൂന്നാമത് ഒരു റൂട്ട് കൂടിയുണ്ട്, ദേവികുളം-തേക്കടി. വട്ടവട റൂട്ടിൽ എല്ലാ സ്പോട്ടുകളും പോകുന്ന വഴികളിൽ തന്നെയാണ്. റോസ് ഗാർഡൻ, കാർമൽ ഗിരി ആന പാർക്ക്​, കാർമൽഗിരി ബൊട്ടാണിക്കൽ ഗാർഡൻ, ഫോട്ടോ പോയന്‍റ്​, മാട്ടുപ്പെട്ടി ഡാം, ബോട്ടിങ് പോയന്‍റ്​, എക്കോ പോയന്‍റ്​, കുണ്ടള ഡാം, എല്ലപ്പെട്ടി വഴി ടോപ് സ്റ്റേഷൻ.

* ലക്കം വാട്ടർ ഫാൾസ്

* ദേവികുളം, ചിന്നക്കനാൽ, പൂപ്പാറ, തേക്കടി റൂട്ട്

ഈ വഴിയിലാണ്​ ഗ്യാപ് റോഡ് എന്ന മനോഹര റോഡ് യാത്ര.

* ഇരവികുളം നാഷണൽ പാർക്ക്

* വാഗമൺ

നിബിഢമായ പൈന്‍കാടുകളാണ് ഇവിടുത്തെ മറ്റൊരു പ്രധാന ആകര്‍ഷണം. തങ്ങള്‍ ഹില്‍, മുരുഗന്‍ ഹില്‍, കുരിശുമല എന്നിവയാണ് ഇവിടുത്തെ പ്രധാന കേന്ദ്രങ്ങള്‍.

* ഇടുക്കി ആർച്ച് ഡാം

* തേക്കടി

കൊടൂര വനത്തിന് നടുവിലൂടെ രണ്ട് മണിക്കൂർ നീളുന്ന ബോട്ട് യാത്ര ആരെയും ആകർഷിക്കും.

* തൊമ്മൻകുത്തും ആനച്ചാടികുത്തും

തൊടുപുഴയിൽനിന്ന്​ ഉടുമ്പന്നൂർ വഴി 19 കിലോമീറ്റർ സഞ്ചരിച്ചാൽ മനമാകെ കുളിർപ്പിക്കുന്ന രണ്ട്‌ വെള്ളച്ചാട്ടങ്ങൾ കാണാം. തൊമ്മൻകുത്തിലേക്കുള്ള വഴി കാടിന്‍റെ മനസ്സറിഞ്ഞുള്ളതാണെങ്കിൽ ആനച്ചാടിക്കുത്തിൽ നമുക്ക്‌ നീരാടാൻ പാറക്കൂട്ടങ്ങൾക്കിടയിൽ ഒരു വിസ്മയം തന്നെ ഒരുക്കിവെച്ചിരിക്കുന്നു.


എറണാകുളം

ആദിശങ്കരാചാര്യര്‍ ജനിച്ച കാലടിയും ക്രിസ്തു ശിഷ്യനായ സെന്‍റ് തോമസ് പ്രാർഥിച്ചുവെന്ന് കരുതപ്പെടുന്ന കുന്നിൻ മുകളില്‍ സ്ഥിതിചെയ്യുന്ന മലയാറ്റൂര്‍ പള്ളിയും ആലുവ മണപ്പുറവും ക്ഷേത്രവും ജില്ലയിലാണ്​.

* ഫോർട്ട് കൊച്ചി

ചീന വലകള്‍, വാസ്‌കോ ഡ ഗാമ ചത്വരം, സാന്താക്രൂസ് ബസിലിക്ക, സെന്റ് ഫ്രാന്‍സിസ് ചര്‍ച്ച് (വാസ്കോ ഡ ഗാമയെ ആദ്യം അടക്കം ചെയ്ത പള്ളി), വി.ഒ.സി കവാടം, ബാസ്റ്റ്യണ്‍ ബംഗ്ലാവ്, മട്ടാഞ്ചേരി പാലസ് തുടങ്ങിയവയാണ് പ്രധാന ആകര്‍ഷണം.

മട്ടാഞ്ചേരി കൊട്ടാരം, ജൂതപ്പള്ളി എന്നിവ അടുത്താണ്‌. എറണാകുളം നഗരകേന്ദ്രത്തിൽനിന്ന്​ റോഡ്‌ മാർഗം 12 കി.മീ അകലെയാണിത്. എറണാകുളം ജങ്​ഷൻ റെയിൽവേ സ്റ്റേഷനിൽനിന്ന് ഏകദേശം 12.5 കിലോമീറ്ററും എറണാകുളത്തുനിന്ന് ഫെറി വഴിയാണെങ്കിൽ 15 മിനിറ്റ് അകലെയുമാണ്.

* മറൈൻ ഡ്രൈവ്​

റെയിൻബോ ബ്രിഡ്ജും വാക്ക്​വേയും ടൂറിസം ബോട്ട് ജെട്ടി കോംപ്ലക്സും ഹൈകോർട്ട്​ ജല മെട്രോ ജട്ടിയും പ്രധാന ആകർഷണങ്ങളാണ്. എറണാകുളം മേനകയില്‍ ഇറങ്ങി ജി.സി.ഡി.എ കോംപ്ലക്സ് വഴി മറൈന്‍ ഡ്രൈവില്‍ എത്താം. തൊട്ടടുത്ത്​ മഹാരാജാസ് കോളജിന് സമീപത്തെ സുഭാഷ് പാര്‍ക്ക് കുട്ടികളുമൊത്ത്​ സായാഹ്​നം ചെലവിടാൻ പറ്റിയ മറ്റൊരു കേന്ദ്രമാണ്​.

* ചെറായി ബീച്ച്

എറണാകുളത്തുനിന്ന്​ 13 കിലോമീറ്റർ അകലെ. കൊച്ചി മുതൽ വൈപ്പിൻ ദ്വീപ് വരെ ഫെറി വഴിയും പിന്നീട് ലോക്കൽ ബസിൽ ചെറായി ജങ്​ഷനിലും അവിടെ നിന്ന് ചെറായി ബീച്ചിലേക്ക്​ ഓട്ടോറിക്ഷ ലഭിക്കും.

* ഭൂതത്താൻകെട്ട്

തട്ടേക്കാട് സലിം അലി പക്ഷി സങ്കേതത്തിനടുത്തുള്ള പ്രശസ്തമായ വിനോദ കേന്ദ്രമാണ് കോതമംഗലത്തിന് സമീപത്തെ ഭൂതത്താൻകെട്ട്. ആലുവ-മൂന്നാർ റോഡ് വഴി ഏകദേശം രണ്ട്​ മണിക്കൂർ (61 കി. മീ.)

* ഹിൽ പാലസ്

എറണാകുളത്തുനിന്ന് 12 കിലോമീറ്ററേ അകലമുള്ളൂവെങ്കിലും സദാസമയവും തിരക്കേറിയ ഈ റൂട്ടിലെ റോഡ്​ യാത്ര ചിലപ്പോൾ മണിക്കൂറുകളെടുത്തേക്കാം എന്നത്​ കണക്കാക്കി വേണം യാത്ര പ്ലാൻ ചെയ്യാൻ.

* തട്ടേക്കാട്

കോതമംഗലത്ത് പെരിയാറിന് അടുത്തായി സ്ഥിതി ചെയ്യുന്ന ഇവിടം വ്യത്യസ്തയിനം കിളികളുടെ വിഹാര രംഗവും പക്ഷി സ്നേഹികളുടെ ആകര്‍ഷണ കേന്ദ്രവുമാണ്.

* മംഗളവനം

കൊച്ചി നഗര ഹൃദയഭാഗത്തെ ദ്വീപിലാണ് കേരളത്തിലെ പക്ഷിസങ്കേതങ്ങളിൽ നഗര പ്രദേശത്ത് സ്ഥിതി ചെയ്യുന്ന മംഗളവനം സ്ഥിതി ചെയ്യുന്നത്.



തൃശൂർ

വടക്കുന്നാഥനും തൃശൂർ പൂരവും നൊസ്റ്റാൾജിയയും നിറയുന്ന ലോകമെമ്പാടുമുള്ള സഞ്ചാരികളുടെ ഹൃദയം തൊടുന്ന ഇടമാണ് ‘കേരളത്തിന്‍റെ സാംസ്കാരിക തലസ്ഥാന’ പദവി അലങ്കരിക്കുന്ന തൃശൂർ. ചരിത്ര പ്രാധാന്യമുള്ള ഗുരുവായൂരടക്കമുള്ള ക്ഷേത്രങ്ങൾ, പള്ളികൾ, പൈതൃക സ്ഥലങ്ങൾ എന്നിവയാൽ കേരളത്തനിമ വിളിച്ചോതുന്ന ജില്ല. കേരള സംഗീത നാടക അക്കാദമി, കേരള ലളിതകല അക്കാദമി, കേരള സാഹിത്യ അക്കാദമി തുടങ്ങിയ സ്ഥാപനങ്ങൾ കൂടാതെ നിരവധി മനോഹര വിനോദ സഞ്ചാര കേന്ദ്രങ്ങളും ഇവിടെയുണ്ട്​.

* തൃശൂർ നഗരം

65 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന തേക്കിൻകാട് മൈതാനം എന്ന ചെറിയ കുന്നിന്​ ചുറ്റുമാണ് തൃശൂർ നഗരത്തിന്‍റെ പെരുമ നീളുന്നത്​. കുന്നിൻ നെറുകിലാണ് നഗര ചൈതന്യമായ കേരളത്തിലെ ഏറ്റവും പുരാതന ക്ഷേത്രങ്ങളിൽ ഒന്നായ വടക്കുന്നാഥ ക്ഷേത്രം. ഈ മൈതാനത്താണ് പ്രസിദ്ധമായ തൃശൂർ പൂരം അരങ്ങേറുന്നത്. കുന്നിനെ അതിരിടുന്നത് സ്വരാജ് റൗണ്ടാണ്.

* അതിരപ്പിള്ളി വെള്ളച്ചാട്ടം

തൃശൂർ നഗരത്തിൽ നിന്ന്​ 52.7 കി.മീ മാറി ജില്ലയിലെ അതിരപ്പിള്ളി പഞ്ചായത്തിലാണ് കേരളത്തിലെ ഏറ്റവും വലിയ വെള്ളച്ചാട്ടം സഞ്ചാരികളെ ആകർഷിക്കുന്നത്. ചാലക്കുടിയിൽനിന്ന്​ 33 കിലോമീറ്റർ ആനമല റോഡിലൂടെ സഞ്ചരിച്ചാൽ അതിരപ്പിള്ളിയിലെത്താം. ഇവിടെ നിന്ന്​ രണ്ട് കിലോമീറ്റർ അകലെ ഷോളയാർ ചെക്പോസ്റ്റിൽനിന്ന്​ അതിരപ്പിള്ളിയിലേക്കുള്ള ടിക്കറ്റുകൾ ലഭിക്കും.

* വാഴച്ചാൽ വെള്ളച്ചാട്ടം

അതിരപ്പിള്ളിയിൽനിന്ന്​ അഞ്ച് കിലോമീറ്ററും ചാലക്കുടി ടൗണിൽനിന്ന്​ 36 കിലോമീറ്ററും ദൂരമാണ്​ വാഴച്ചാൽ വെള്ളച്ചാട്ടത്തിലേക്ക്​. വെള്ളത്തിന്‍റെ അളവ് പ്രവചനാതീതമായതിനാൽ മഴക്കാലത്ത് പ്രവേശനമില്ല. നിബിഡ വനങ്ങൾക്കിടയിലൂടെ ശുദ്ധവായു ശ്വസിച്ചുള്ള യാത്രയാണ്​ ഹൈലൈറ്റ്​​.

* ചിമ്മിനി ഡാം

സ്വകാര്യ ബസുകളാണ് വരന്തരപ്പിള്ളി, പാലപ്പിള്ളി, ചിമ്മിനി റൂട്ടിൽ സർവിസ് നടത്തുന്നവയിൽ ഭൂരിഭാഗവും. ചിമ്മിനിയിലേക്ക് നേരിട്ട്​ ബസ്​ കുറവാണെങ്കിലും തൊട്ടടുത്ത അങ്ങാടിയായ പാലപ്പിള്ളിയിലേക്ക് ബസ് സർവിസുണ്ട്.

* ചാവക്കാട് ബീച്ച്

കണ്ടാലും കണ്ടാലും മതിവരാത്തതും എണ്ണിയാലുമെണ്ണിയാലും തീരാത്തതുമാണ്​ കടൽത്തീരങ്ങളുടെ വൈബ്​.

* ചേരമാൻ ജുമാമസ്ജിദ്‌

തൃശൂർ നഗരത്തിൽനിന്ന്​ 40 കിലോമീറ്റർ അകലെ കൊടുങ്ങല്ലൂരിലാണ് സ്ഥിതി ചെയ്യുന്നത്.

* പുത്തൂർ മൃഗശാല

ഇന്ത്യയിലെ ആദ്യ ഡിസൈനര്‍ മൃഗശാലയെന്ന ലേബൽ അലങ്കരിക്കുന്നതാണ്​​ തൃശൂരിലെ പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്ക്.


പാലക്കാട്

ഭാരതപ്പുഴയും കുന്തിപ്പുഴയും കണ്ണാടിപ്പുഴയും കല്‍പ്പാത്തിപ്പുഴയും തൂതപ്പുഴയും ഗായത്രിയും ശിരുവാണിയും ഭവാനിപ്പുഴയും പരന്നൊഴുകുന്ന പാലക്കാട്. വേലയും പൂരവും കുമ്മാട്ടിയും രഥോത്സവങ്ങളും പള്ളി നേര്‍ച്ചകളുമൊക്കെ ജാതിമത ഭേദമില്ലാതെ കൊണ്ടാടുന്ന പച്ച മനുഷ്യരുടെ നാട്. കേരളത്തിന്‍റെ നെല്ലറ കൂടിയാണിവിടം​.

* കൊല്ലങ്കോട്

പാലക്കാട്ടുനിന്ന്​ ഏതാണ്ട്​ 25 കിലോമീറ്ററാണ്​ ദൂരം. ഇവിടെ നിർബന്ധമായും കണ്ടിരിക്കേണ്ട നിരവധി സ്ഥലങ്ങളുണ്ട്​. കുടിലിടം, താമരപ്പാടം, സീതാർകുണ്ട് വെള്ളച്ചാട്ടം/ വ്യൂപോയന്‍റ്​, പെരിങ്ങോട്ടുശ്ശേരി കളം, മുതലമട റെയിൽവേ സ്റ്റേഷൻ എന്നിവ ഇതിൽപ്പെടുന്നു.

* മലമ്പുഴ

പാലക്കാട്ടുനിന്ന്​ 17 കിലോമീറ്ററാണ്​ ദൂരം. പ്രസിദ്ധമായ അണക്കെട്ടും ഉദ്യാനവുമാണ് ഇവിടെ കാണാനുള്ളത്.

* സൈലന്‍റ് വാലി

ആനകള്‍, കടുവകള്‍, സിംഹവാലന്‍ കുരങ്ങുകള്‍, മലയണ്ണാന്‍, പുള്ളിപ്പുലി, പാമ്പുകള്‍, കാട്ടുപോത്ത്, വിവിധ തരം പക്ഷികള്‍, ചിത്രശലഭങ്ങള്‍ തുടങ്ങിയവയുടെ ആവാസ കേന്ദ്രം.

* പാലക്കാടൻ കോട്ട

കടുത്ത വേനലിലും വെള്ളം കെട്ടി നിൽക്കുന്ന കിടങ്ങാണ് കോട്ടയുടെ പ്രധാന ആകർഷണം. പാലക്കാട് സിവില്‍ സ്‌റ്റേഷന് എതിര്‍വശമാണ് ഈ കോട്ട.

* കവ

പാലക്കാട്​ ടൗണിൽനിന്ന്​ 14 കിലോമീറ്റർ മാറിയുള്ള പ്രകൃതിഭംഗി നിറഞ്ഞ ‘കവ’ മഴക്കാലത്ത് പോയി കാണേണ്ടയിടമാണ്. കോടയും മൂടൽമഞ്ഞും പാറക്കൂട്ടങ്ങളും ചേരുന്ന കാഴ്ചയാണ് കവ വ്യൂ പോയന്‍റിൽ നിന്നാൽ കാണാനാവുക.

* ചൂലനൂര്‍ മയില്‍സങ്കേതം

പ്രകൃതിസൗഹൃദ വിനോദസഞ്ചാര ഇടമാണ് പെരിങ്ങോട്ടുകുറിശ്ശിയിൽ മയിലുകളെ സ്വാഭാവിക ആവാസവ്യവസ്ഥയില്‍ സംരക്ഷിക്കുന്ന ചൂലനൂര്‍ മയില്‍സങ്കേതം​. ആലത്തൂര്‍ വഴിയും കുഴല്‍മന്ദം വഴിയും തിരുവില്വാമല വഴിയും എത്താം. സന്ദര്‍ശനസമയം രാവിലെ ഒമ്പതുമുതല്‍ വൈകീട്ട്​ നാലുവരെ. ട്രക്കിങ് സൗകര്യവുമുണ്ട്.

* ചിതലി മലയപ്പൊതി

ഒ.വി. വിജയന്‍ ‘ഖസാക്കിന്‍റെ ഇതിഹാസ’ത്തില്‍ പരാമര്‍ശിക്കുന്ന ചിതലിമല മരങ്ങളും പാറക്കെട്ടും നിറഞ്ഞ വനമേഖലയാണ്​. പാലക്കാട്-തൃശൂര്‍ ദേശീയപാതയില്‍ ചിതലിയില്‍നിന്ന് അഞ്ചുകിലോമീറ്ററാണ് ദൂരം.

* നെല്ലിയാമ്പതി

സീതാര്‍കുണ്ട്, കാരപ്പാറ തൂക്കുപാലം, ഓറഞ്ച് ഫാം എന്നിവയാണ് പ്രധാന ആകര്‍ഷണം. യാത്രക്കിടെ പോത്തുണ്ടി ഡാമും ഭംഗിയും ആസ്വദിക്കാം. 467 മീറ്റര്‍ മുതല്‍ 1572 മീറ്റര്‍ വരെയാണ് കടല്‍ നിരപ്പില്‍നിന്ന് ഉയരം.

* പറമ്പിക്കുളം കടുവ സങ്കേതം

പാലക്കാട് ടൗണില്‍നിന്ന്​ 76 കിലോമീറ്ററാണ്​ ദൂരം. ജില്ല പാലക്കാടാണെങ്കിലും തമിഴ്‌നാട്ടിലൂടെ കടന്നുവേണം ഇവിടെയെത്താന്‍. തമിഴ്‌നാട്ടിലെ സേത്തുമടയിലൂടെയാണ് ഇങ്ങോട്ടേക്കുള്ള പ്രധാനപാത.

തമിഴ്‌നാട് ചെക്ക്പോസ്‌റ്റ് പിന്നിട്ടാല്‍ ആനമല കടുവ സങ്കേതത്തിലൂടെ ടോപ്പ്‌സ്ലിപ്പ് ഹില്‍ സ്‌റ്റേഷനിലെത്താം. ഇവിടെ നിന്ന്​ മുന്നോട്ട് സഞ്ചാരിച്ചാല്‍ പറമ്പിക്കുളമായി. തൃശൂര്‍ ഭാഗത്തുനിന്ന്​ വരുന്നവരാണെങ്കില്‍ വടക്കഞ്ചേരിയില്‍നിന്ന്​ നെന്മാറ, കൊല്ലങ്കോട്, ഗോവിന്ദാപുരം വഴി സുങ്കത്തെത്താം. അവിടെ നിന്ന്​ സേത്തുമടയിലേക്കും പിന്നെ നേരെ പറമ്പിക്കുളത്തേക്കും.

സാഹസികത ഇഷ്‌ടപ്പെടുന്നവര്‍ക്കും പറ്റിയയിടമാണ് പറമ്പിക്കുളം. ബാംബൂ റാഫ്‌റ്റിങ്, ട്രെക്കിങ്, സഫാരി എന്നിങ്ങനെ വിവിധ പരിപാടികളും വനം വകുപ്പ് ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. തൂണക്കടവ് അണക്കെട്ട്, കന്നിമര തേക്ക്, ഡാം വ്യൂ പോയന്‍റ്, വാലി വ്യൂ പോയന്‍റ് തുടങ്ങിയവയും കാണാം.

* ധോണി വെള്ളച്ചാട്ടം

പാലക്കാട്ടുനിന്ന്​ 10 കി.മീ സഞ്ചരിച്ചാൽ ധോണി വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്ന പുതുപ്പരിയാരമെത്താം. കാനന ഭംഗി ആസ്വദിച്ച് നാല് കിലോമീറ്റര്‍ മലകയറിയാല്‍ കാടിനുള്ളില്‍ ഒളിപ്പിച്ച ഈ തെളിനീരുറവ കാണാം.


മലപ്പുറം

കാൽപന്തിനപ്പുറം മനോഹാരിതയും സാംസ്കാരിക പൈതൃകവും ഒരുമിക്കുന്ന വിനോദ സഞ്ചാര കേന്ദ്രങ്ങളുള്ള ജില്ല കൂടിയാണ്​ മലപ്പുറം.

* കോട്ടക്കുന്ന്

മലപ്പുറം നഗരത്തിന്‍റെ ഹൃദയഭാഗത്തായി സ്ഥിതിചെയ്യുന്ന കോട്ടക്കുന്ന് മനോഹര ഹിൽ സ്റ്റേഷനാണ്. കുട്ടികളുടെ പാർക്ക്, അഡ്വഞ്ചർ പാർക്ക്, സൈക്കിൾ ട്രാക്ക്, അരങ്ങ് ഓപ്പൺ എയർ ഓഡിറ്റോറിയം, 9D തിയേറ്റർ, ബലൂൺ പാർക്ക്, ബമ്പർ പാർക്ക് എന്നിവ കോട്ടക്കുന്നിലെ വിനോദങ്ങളാണ്​. പാർക്കിൽ 30ലധികം റൈഡുണ്ട്​.

* തുഞ്ചൻപറമ്പ്

മലപ്പുറത്തുനിന്ന്​ 28 കിലോമീറ്റര്‍ അകലെയാണിത്​. ഭാഷാപിതാവിന് അര്‍ഹമായ ആദരം എന്ന നിലയില്‍ സ്മാരകവും മ്യൂസിയവും ഇവിടെ ഒരുക്കിയിട്ടുണ്ട്.

* തിരുനാവായ

ചരിത്രപരമായ പ്രാധാന്യമുള്ള ഈ സ്ഥലം, സാംസ്കാരികവും മതപരവുമായ ഒരു പ്രധാന കേന്ദ്രമാണ്. ശ്രാദ്ധപൂജകൾക്ക് പ്രസിദ്ധിയാർജിച്ചതാണ് ഇവിടുത്തെ നിളാതീരം. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്നും തിരൂർ ബസ് സ്റ്റാൻഡിൽനിന്നും 11 കി. മീറ്റർ അകലെ.

* നിലമ്പൂര്‍

തേക്കിൽ തോട്ടങ്ങളും കാടും ഇരുണ്ട വഴികളും ഒക്കെയായി സഞ്ചാരികളെ രസിപ്പിക്കുന്ന യാത്രാനുഭവമാണ് നിലമ്പൂർ നിങ്ങൾക്ക് തരിക. ചാലിയാറും നീലഗിരി മലയും ഉൾപ്പെടുന്ന കാഴ്ചകൾ. ലോകത്തിലെ തന്നെ ഏറ്റവും പഴക്കമേറിയ തേക്കിന്‍ തോട്ടമായ കനോലി പ്ലോട്ട് പ്രധാന ആകർഷണമാണ്. കോഴിക്കോട്ടുംനിന്ന്​ 63ഉം മലപ്പുറത്തുനിന്ന്​ 42ഉം കി.മീറ്റർ അകലെ.

* ട്രക്കിങ്ങിന്​ പോകാം, വരീൻ...

മലപ്പുറത്തെ ഏതാനും ട്രക്കിങ്ങ്​ ഇടങ്ങൾ കാണാം, കാലാവസ്​ഥാ മാറ്റങ്ങൾ ബാധിക്കാത്ത നടക്കാനും ചാടാനും മടിയില്ലാത്തവർക്കുമായി ഇതാ:

- കൊടികുത്തിമല

ഊട്ടിയിലേത്​ പോലെ കോടമഞ്ഞും പച്ചപ്പും നിറഞ്ഞ ഇടം. സാഹസിക വിനോദങ്ങൾക്കും ട്രെക്കിങിനും സൂര്യോദയ-അസ്തമന കാഴ്ചകൾക്കും അനുയോജ്യം​. ഒരു കിലോമീറ്ററോളം ദൂരം നടന്നുകയറിയാലാണ് ഈ കാഴ്ചകളിലേക്ക് എത്താനാവുക. പെരിന്തൽമണ്ണയിൽനിന്ന്​ പാലക്കാട്​ റൂട്ടിൽ അമ്മിണിക്കാട്ടുനിന്ന്​ അഞ്ച്​ കി.മീറ്റർ പോയാൽ താഴേക്കാട്​-കൊടികുത്തിമല എത്താം.

- ആഢ്യൻപാറ വെള്ളച്ചാട്ടം

നിലമ്പൂർ റെയിൽവേ സ്​റ്റേഷനിൽ നിന്ന്​ 16 കിലോമീറ്റര്‍ ദൂരെയുള്ള ഇവിടം കാടിനോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നത്.

-നാടുകാണി ചുരം

കോഴിക്കോട്-ഗൂഡല്ലൂർ-നിലമ്പൂർ അന്തർസംസ്ഥാന പാത കടന്നുപോകുന്നത്​ വഴിക്കടവിന് സമീപം സ്ഥിതി ചെയ്യുന്ന നാടുകാണി ചുരം വഴിയാണ്​. കേരളത്തെയും തമിഴ്നാടിനെയും ബന്ധിപ്പിക്കുന്ന ചുരമാണിവിടം.

-കക്കാടംപൊയിൽ

കോഴിക്കോടും മലപ്പുറവുമായി അതിർത്തി പങ്കിടുന്ന കോടമഞ്ഞ്​ പുതച്ച പ്രകൃതി രമണീയ ട്രക്കിങ്​ ഹിൽസ്റ്റേഷൻ. കുരിശുമല, കോഴിപ്പാറ വെള്ളച്ചാട്ടം, സ്വർഗക്കുന്ന് തുടങ്ങിയവയും ഇവിടെ കാണാം. നിലമ്പൂരിൽനിന്ന് ഏകദേശം 23ഉം കോഴിക്കോട്ടുനിന്ന് 48ഉം കിലോമീറ്റർ ദൂരം.

* മായാത്ത അതിരുകൾ

കേരളത്തിലല്ലെങ്കിലും മലപ്പുറം ജില്ലയിൽനിന്ന് ഒറ്റദിന യാത്രക്ക്​ പറ്റിയ ഇടങ്ങളുമുണ്ട്. മനോഹര റോഡും കാനന സൗന്ദര്യവും ഒത്തുചേർന്ന സാഹസികരുടെ പ്രിയയിടമാണ് മലപ്പുറത്ത് നിന്ന്​ 113 കിലോമീറ്റർ അകലെയുള്ള മസിനഗുഡി. ഊട്ടി-മൈസൂർ പാതയിലെ ഒരിടത്താവളമാണ് മസിനഗുഡി.

പൂപ്പാടങ്ങളും കൃഷിയിടങ്ങളും നിറഞ്ഞ ഗുണ്ടൽപ്പേട്ടിലേക്ക് മലപ്പുറത്തുനിന്ന്​ 114 കിലോമീറ്ററാണ്​ ദൂരം​. മലപ്പുറത്തുനിന്ന്​ 166 കിലോമീറ്ററാണ് കോത്തഗിരിയിലേക്ക്​ ദൂരം. ഊട്ടിയുടെ അത്രയും പ്രശസ്തമല്ലെങ്കിലും സുന്ദരമാണ് കോത്തഗിരി.


കോഴിക്കോട്​

കലയുടെ, സംസ്കാരത്തിന്‍റെ, രുചിപ്പെരുമയുടെ നാടാണ്​ കോഴിക്കോട്​. യുനെസ്കോ സാഹിത്യനഗരമായി പ്രഖ്യാപിച്ച സുന്ദരയിടം.

* കോഴിക്കോട്​ ബീച്ച്

നഗരത്തിലെത്തുന്നവര്‍ക്ക് എളുപ്പത്തില്‍ എത്താവുന്ന ഇടമായ കോഴിക്കോട് ബീച്ച് ഇന്ത്യയിൽ നഗരത്തോട് ചേർന്നുകിടക്കുന്ന ഏറ്റവും വലിയ രണ്ടാമത്തെ ബീച്ചാണ്​. നൂറ്റാണ്ടിന്‍റെ പഴക്കമുള്ള കടൽപ്പാലം ഇവിടെയുണ്ട്​. ഫ്രീഡം സ്ക്വയറും ഓപ്പൺ മ്യൂസിയവും ബീച്ചിൽ തന്നെയാണ്.

* കുട്ടികളുടെ ഫേവറിറ്റ്​ നഗരി

എരഞ്ഞിപ്പാലത്തുള്ള സരോവരം ബയോപാര്‍ക്ക്​. കാരപ്പറമ്പ് വഴി ഈസ്റ്റ് ഹില്ലിലേക്കെത്തിയാല്‍ കൃഷ്ണമേനോന്‍ മ്യൂസിയവും കുട്ടികള്‍ക്കായി ശലഭോദ്യാനവും. കുട്ടികള്‍ക്കായി വിവിധ ശാസ്ത്രകൗതുകങ്ങള്‍ ഒരുക്കിയിട്ടുള്ള റീജനൽ സയൻസ് സെന്‍റർ ആൻഡ് പ്ലാനറ്റോറിയം കോഴിക്കോട് പുതിയ ബസ് സ്റ്റാൻഡിന് സമീപം ജാഫർ ഖാൻ കോളനി റോഡിലാണ്​.

എസ്.കെ. പൊറ്റക്കാടിന്‍റെ ‘ഒരു തെരുവിന്‍റെ കഥ’ പറയുന്ന മിഠായി തെരുവും കോഴിക്കോട് ജില്ലയുടെ ഹൃദയഭാഗത്താണ്​.

3.49 ഏക്കർ വരുന്ന ചതുരാകൃതിയിലുള്ള കുളമായ മാനാഞ്ചിറക്ക് ചുറ്റുമാണ് കോഴിക്കോട് നഗരം സ്ഥിതി ചെയ്യുന്നത്. കുട്ടികൾക്കുള്ള പാർക്കും ഓപൺ ജിമ്മുമെല്ലാം ഇവിടെയുണ്ട്.

ഒളവണ്ണ പഞ്ചായത്തിൽ 45 ഏക്കറിൽ സ്ഥിതിചെയ്യുന്ന മലബാർ ബൊട്ടാണിക്കൽ ഗാർഡൻ ആൻഡ്‌ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്ലാന്‍റ്​ സയൻസ് സസ്യലോകത്തെക്കുറിച്ച് മനസ്സിലാക്കാൻ വിദ്യാർഥികളെ സഹായിക്കും. നഗരത്തിൽനിന്ന് എട്ടുകിലോമീറ്റർ അകലെയാണ് ഒളവണ്ണ.

* കടലുണ്ടി പക്ഷിസങ്കേതം

കടലുണ്ടിപ്പുഴയുടെ തീരത്ത് സ്ഥിതിചെയ്യുന്ന കടലുണ്ടി പക്ഷിസങ്കേതം, പക്ഷിപ്രിയരായ സഞ്ചാരികളുടെ സ്വർഗ്ഗമാണ്. മലപ്പുറത്തുനിന്ന് 43ഉം കോഴിക്കോട്ടുനിന്ന്​ 19ഉം കിലോമീറ്റർ അകലെയുള്ള കടലുണ്ടി നൂറിലധികം ഇനം നാടൻ പക്ഷികളുടെയും 60ലധികം ദേശാടന പക്ഷികളുടെയും വാസസ്ഥലമാണ്. കടലുണ്ടി റെയില്‍വേ സ്റ്റേഷനില്‍നിന്ന് 750 മീറ്റർ മാത്രമാണ് ദക്ഷിണേന്ത്യയിലെ ആദ്യ കമ്യൂണിറ്റി റിസര്‍വായ ഇവിടേക്കുള്ള ദൂരം.

* ബേപ്പൂര്‍

കേരളത്തിലെ പുരാതന തുറമുഖങ്ങളിൽ ഒന്ന്. കോഴിക്കോട് നഗരത്തില്‍നിന്ന് 10 കിലോമീറ്റര്‍ അകലെ.

* കാപ്പാട് ബീച്ച്

കോഴിക്കോട് ടൗണിൽനിന്ന് ഏകദേശം 18 കിലോമീറ്റർ ദൂരമുണ്ട് ചരിത്രപ്രാധാന്യമുള്ള ഇവിടേക്ക്​.

* തുഷാരഗിരി

കാപ്പാട്-തുഷാരഗിരി-അടിവാരം ടൂറിസം ഹൈവേയിൽ കോടഞ്ചേരി ടൗണിൽനിന്ന് 10 കിലോമീറ്റർ സഞ്ചരിച്ചാൽ തുഷാരഗിരിയിലെത്താം. കോഴിക്കോട്ടുനിന്ന് താമരശ്ശേരി വഴിയും ഓമശ്ശേരി വഴിയും എത്താം.

* വയലട

കോടമഞ്ഞും സൂര്യാസ്തയവും ആസ്വദിക്കാനാകുന്ന ‘കോഴിക്കോടിന്‍റെ ഗവി’യാണ്​​ പനങ്ങാട് പഞ്ചായത്തിലെ മലയോരമേഖലയിൽ സ്ഥിതിചെയ്യുന്ന പ്രകൃതിരമണീയമായ വയലട വ്യൂ പോയന്‍റ്​. അതിനോടുചേർന്ന്​ ചുരത്തോടുമലയും കാണാം. വയലട മലമുകളിലെ മുള്ളൻപാറയാണ് ഏറെ ആകർഷണീയം. ബാലുശ്ശേരിയിൽനിന്ന് കുറുമ്പൊയിൽ വഴി ഏഴു കിലോമീറ്റർ സഞ്ചരിച്ചാൽ വയലടയിലെത്താം. കെ.എസ്.ആർ.ടി.സി സർവിസുണ്ട്. തലയാട് അങ്ങാടിയിൽനിന്ന് മണിച്ചേരി മലവഴിയും വയലടയിലെത്താം. ജീപ്പ് സർവിസുണ്ട്.


വയനാട്​

താമരശ്ശരി ചുരം കയറി തുടങ്ങിയാൽ പിന്നെ കണ്ണും കാതും മനസ്സും തുറന്ന്​ വെക്കണം. നൂല്‍മഴയും കോടമഞ്ഞും പെയ്തിറങ്ങുന്ന ഈ പച്ചപ്പറുദീസ നിറയെ കാഴ്ചകളുടെ സ്വർiമാണ്​ കാത്തിരിക്കുന്നത്​.

* താമരശ്ശേരി ചുരം

കോഴിക്കോട് ജില്ലയിലെ താമരശ്ശേരിക്കടുത്ത് അടിവാരത്തുനിന്ന്​ വയനാട്​ ജില്ലയിലേക്ക്​ കടക്കുന്ന 12 കിലോമീറ്ററോളം ദൈർഘ്യമുള്ള ഈ വഴിയിൽ കഠിനമായ ഒമ്പത്​ ഹെയർപിൻ വളവാണുള്ളത്. ദേശീയപാത 766ന്‍റെ ഭാഗമായ ചുരം പക്ഷേ, കോഴിക്കോട് ജില്ലയുടെ ഭാഗമാണ്​. ചുരം കയറി മുകളിലെത്തിയാലേ വയനാടാകൂ.

* പൂക്കോട് തടാകം

കൽപ്പറ്റയിൽനിന്ന് 15 കിലോമീറ്റർ അകലെ ലക്കിടിക്കടുത്താണിത്​.

* മുത്തങ്ങ

സുല്‍ത്താന്‍ ബത്തേരിയില്‍നിന്ന് മൈസൂരിലേക്ക് പോകുന്ന വഴിയിലാണ് കേരളത്തിലെ രണ്ടാമത്തെ വലിയ വന്യജീവി സംരക്ഷണകേന്ദ്രമായ മുത്തങ്ങ. വനംവകുപ്പിന്‍റെ ജീപ്പ് സഫാരിയുണ്ട്​.

* ബാണാസുര സാഗർ മല

ചെങ്കുത്തായ മലനിരകളാണ് ഇവിടുത്തെ ആകർഷണം. കൽപറ്റയിൽനിന്ന് 20 കിലോമീറ്റർ സ‍ഞ്ചാരിച്ചാൽ പടിഞ്ഞാറത്തറ, അവിടെനിന്ന് അൽപദൂരം മാത്രമാണ്​ ഡാമിലേക്ക്​.

* കുറുവ ദ്വീപ്

വയനാട്ടില്‍ ഏറ്റവും കൂടുതല്‍ സഞ്ചാരികളെത്തുന്ന ഇടമാണ് കേരളത്തിൽ നിന്ന്​ കിഴക്കോട്ട് ഒഴുകുന്ന നദിയായ കബനിക്ക്​ ചുറ്റുമായി ചിതറിക്കിടക്കുന്ന കുറുവ ദ്വീപ്. സാധാരണ മഴക്കാലത്ത് ഇവിടെ അടയ്ക്കും. മാനന്തവാടിയിൽനിന്ന്​ മൈസൂര്‍ പോകുന്ന വഴിയിലാണ് ഈ ദ്വീപ്‌. മാനന്തവാടിയില്‍നിന്ന് 15ഉം കൽപറ്റയില്‍നിന്ന് 32ഉം ബത്തേരിയില്‍ നിന്ന് 47ഉം കിലോമീറ്ററുമാണ് ഇങ്ങോട്ടേക്കുള്ളത്​.


കണ്ണൂർ

കണ്ണൂരിലെ തെയ്യക്കാഴ്ചകൾ അതിമനോ​ഹരമാണ്. പൈതൽമലയും പയ്യാമ്പലം ബീച്ചും തലശ്ശേരിയും മാഹിയും ജില്ലയുടെ സാംസ്കാരിക പൈതൃകം വിളിച്ചോതുന്ന അടയാളങ്ങളാണ്.

* പയ്യാമ്പലം ബീച്ചും മുഴുപ്പിലങ്ങാട്​ ഡ്രൈവ്-ഇൻ ബീച്ചും

ഇന്ത്യയിലെ ഏറ്റവും നീളം കൂടിയ ഡ്രൈവ് ഇൻ ബീച്ച് മുഴുപ്പിലങ്ങാടാണ്. ഏകദേശം അഞ്ച്​ കിലോമീറ്റർ ദൂരം മുഴുപ്പിലങ്ങാട് ബീച്ചിലൂടെ വാഹനം ഓടിക്കാനാകും. അഴീക്കോട് ഭാഗത്തേക്കുള്ള റോഡിന് അരികിലാണ് മീൻകുന്ന് ബീച്ച്. പയ്യാമ്പലം ബീച്ചിന്‍റെ ഭാഗമെന്നുവിളിക്കാവുന്ന നിറയെ തെങ്ങുകളുള്ള ഈ ബീച്ച് കണ്ണൂരിൽനിന്ന്​ 10 കിലോമീറ്റർ അകലെയാണ്. മനോഹരമായ പാർക്കാണ് പയ്യാമ്പലം ബീച്ചിലെ പ്രധാന ആകർഷണം. രാത്രിയും സജീവമാണ്​ പയ്യാമ്പലം.

* പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം

കണ്ണൂർ നഗരത്തിൽനിന്ന് ഏകദേശം 21 കിലോമീറ്റർ അകലെയാണ് പറശ്ശിനിക്കടവ് പാമ്പ് വളർത്തൽ കേന്ദ്രം.

* സാഹസിക പ്രേമികൾക്ക്​

- ധർമടം ദ്വീപ്

ധർമ്മടം കടപ്പുറത്ത് നിന്ന് ഏകദേശം 100 മീറ്റർ അകലെയായാണ് ധർമടം ദ്വീപ് സ്ഥിതി ചെയ്യുന്നത്. ഏഴിമല നാവിക അക്കാദമിയും മാടായിപ്പാറയുമാണ് ഇവിടുത്തെ പ്രധാന ആകർഷണങ്ങൾ.

- പൈതൽമല

സമുദ്രനിരപ്പിൽനിന്ന് 4,500 അടി (1,372 മീറ്റർ) മുകളിലാണ് പൈതൽമല. കണ്ണൂരിൽനിന്ന് 58 കിലോമീറ്റർ ദൂരം. പ്രവേശനകവാടത്തിൽ എത്തിക്കഴിഞ്ഞാൽ ടിക്കറ്റെടുത്ത്​ നിബിഡവനത്തിലൂടെ നടക്കണം. ഇതാണ് പൈതൽമലയുടെ ഏറ്റവും വലിയ ആകർഷണവും. പൈതൽമലയുടെ ഏറ്റവും ഉയരത്തിലെത്താൻ ആറു കിലോമീറ്റർ നടക്കണം.

- കോട്ടതലച്ചി മല

ഓഫ് റോഡ് പോകാൻ ആഗ്രഹിക്കുന്നവർക്ക് പോകാൻ പറ്റിയ സ്ഥലമാണ് കോട്ടതലച്ചി മല. ‘മലബാറിന്‍റെ മലയാറ്റൂർ’ എന്നറിയപ്പെടുന്ന ഈ മല ക്രിസ്ത്യൻ തീർഥാടന കേന്ദ്രം കൂടിയാണ്.

- പാലക്കയം തട്ട്

സമുദ്രനിരപ്പിൽനിന്ന് 3,500 അടി മുകളിൽ സ്ഥിതി ചെയ്യുന്ന ഹിൽ സ്റ്റേഷനാണ് പാലക്കയം തട്ട്. സിപ് ലൈൻ, റോപ് ക്രോസ്, സോർബിങ് ബോൾ, ആർചറി തുടങ്ങി നിരവധി സാഹസിക വിനോദങ്ങൾ ഇവി​ടെ കാത്തിരിക്കുന്നു.

* അറയ്ക്കൽ കൊട്ടാരം

കണ്ണൂർ നഗരത്തിൽനിന്ന് രണ്ടു കിലോമീറ്റർ അകലെ അഴീക്കലിലാണ് കേരളം ഭരിച്ചിരുന്ന ഏക മുസ്​ലിം രാജവംശത്തിന്‍റെ ഓർമകളുള്ള അറക്കൽ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊട്ടാരം ഇന്ന് അറയ്ക്കൽ മ്യൂസിയമാണ്.

* തലശ്ശേരി സെന്‍റ്​ ആഞ്ചലോ കോട്ടകൾ

ബ്രിട്ടീഷ് കൊളോണിയൽ ഭരണത്തിന്‍റെ അവശേഷിപ്പ് കൂടിയാണ് ഈ കോട്ട. മലമുകളിൽ സ്ഥിതി ചെയ്യുന്ന ഈ കോട്ട അറബിക്കടലിന്‍റെ മനോഹര കാഴ്ച സമ്മാനിക്കുന്നു.

* കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടം

കർണാടക വനങ്ങളിൽ നിന്നാണ് കാഞ്ഞിരക്കൊല്ലി അളകാപുരി വെള്ളച്ചാട്ടം ഉത്ഭവിക്കുന്നതെങ്കിലും ഒഴുകിയെത്തുന്നത് കേരളത്തിലേക്കാണ്. കണ്ണൂർ ജില്ലയുടെ കിഴക്കേ അറ്റം കർണാടക അതിർത്തിയോട് ചേർന്ന വെള്ളച്ചാട്ടമാണ് സമുദ്രനിരപ്പിൽ നിന്ന് ഏകദേശം 4000 അടി ഉയരത്തിലുള്ള കാഞ്ഞിരക്കൊല്ലിയിലെ അളകാപുരി. കണ്ണൂരിൽ നിന്ന്​ ഏതാണ്ട്​ 60 കിലോമീറ്റർ ദൂരം. കൂത്തുപറമ്പ്-ഇരിട്ടി-ഉളിക്കൽ എന്നീ വഴിയിലൂടെയാണ് കാഞ്ഞിരക്കൊല്ലിയിലെത്തുന്നത്.


കാസർകോട്​

കേരളത്തിന്‍റെ വടക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സമ്പന്നമായ സാംസ്കാരിക പൈതൃകവും പ്രകൃതിദൃശ്യങ്ങളും നിറഞ്ഞ ജില്ലയാണ്​ കാസർകോട്​.

* ബേക്കൽ കോട്ട

ചന്ദ്രഗിരി കോട്ടയിൽനിന്ന് ഏകദേശം 12 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കോട്ടയിൽനിന്ന് ഒരു കിലോമീറ്റർ മാത്രം അകലെയാണ് കേരളത്തിലെ വൃത്തിയുള്ള ബീച്ചുകളിൽ ഒന്നായ ബേക്കൽ ബീച്ച് അഥവാ പള്ളിക്കര ബീച്ച്​.

* ചന്ദ്രഗിരി കോട്ട

കാസർകോട് നഗരത്തിൽനിന്ന് ഏകദേശം മൂന്ന്​ കിലോമീറ്റർ മാത്രം അകലെയാണ്​ ചരിത്ര സ്മാരകമായ ചന്ദ്രഗിരി കോട്ട സ്ഥിതി ചെയ്യുന്നത്.

* ട്രക്കിങ് സ്പോട്ടുകൾ

- പൊസ്സടി ഗുംബൈ കുന്നുകൾ

ബേക്കൽ കോട്ടയിൽനിന്ന് 45 കിലോമീറ്റർ വടക്കാണ്​ സമുദ്രനിരപ്പിൽനിന്ന് 1060 അടി ഉയരത്തിലുള്ള പൊസ്സടി ഗുംബൈ കുന്നുകൾ സ്ഥിതി ചെയ്യുന്നത്. ഈ കുന്നിൻമുകളിലേക്കുള്ള ട്രക്കിങ്ങിൽ ഒരു ഭാഗത്ത് പശ്ചിമഘട്ട മലനിരകളും മറുഭാഗത്ത് അറബിക്കടലും കാണാനാകും. മലമുകളിൽ എത്തിയാൽ മംഗലാപുരവും കുദ്രേമുഖും കാണാൻ കഴിയും.

- റാണിപുരം മലനിരകൾ

കാഞ്ഞങ്ങാട്ടുനിന്ന് 44 കിലോമീറ്റർ അകലെയാണ് ജൈവവൈവിധ്യ ഹോട്ട്സ്പോട്ടായ സമുദ്രനിരപ്പിൽനിന്ന് 750ഓളം മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന റാണിപുരം മലനിരകൾ. റാണിപുരം ട്രക്കിങ്ങിന്‍റെ ആകെ ദൂരം അഞ്ചു കിലോമീറ്ററാണ്. കാഞ്ഞങ്ങാട് വഴിയും പനത്തടി വഴിയും റാണിപുരത്തെത്താം. വിനോദസഞ്ചാരികൾക്കായി ജില്ല ടൂറിസം പ്രമോഷൻ കൗൺസിൽ കോട്ടേജുകൾ ക്രമീകരിച്ചിട്ടുണ്ട്.

* തളങ്കര മാലിക് ദീനാർ വലിയ ജുമുഅത്ത് പള്ളി

ഇന്ത്യയിലേക്ക് ആദ്യമായി ഇസ്​ലാംമതം കൊണ്ടുവന്നവരിൽ ഒരാളായ മാലിക് ബിൻ ദീനാർ ഏഴാം നൂറ്റാണ്ടിൽ പണി കഴിപ്പിച്ചതാണ് കേരളത്തിൽ നിർമിച്ച ആദ്യകാല മുസ്​ലിം പള്ളികളിൽ ഒന്നായ കാസർകോട്​ ടൗണിനടുത്ത തളങ്കരയിലെ മാലിക് ബിൻ ദിനാർ മോസ്ക്.

Tags:    
News Summary - Major tourist spots in Kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.