ശഫീഖുൽ ഹസൻ വാർത്ത ക്ലിപ്പിങ്ങുകൾ തയാറാക്കുന്നു
എവിടെ കണ്ടു/വായിച്ചു, വാട്സ്ആപ്പിലാണോ? –കേട്ടത് തള്ളിക്കളയാൻ പിന്നെ മറ്റൊന്നും ആലോചിക്കാനില്ല. വിവരക്കേടുകളുടെയും അന്തംകെട്ട വിവരണങ്ങളുടെയും വാട്സ്ആപ് യൂനിവേഴ്സിറ്റിയെ കോടതിയടക്കം പുച്ഛത്തോടെ തള്ളിക്കളയുകയാണ്. അത്രക്കും ‘ഗുണംപിടിക്കാത്ത’ വാട്സ്ആപ്പിനെ ഗുണമൊത്തൊരു വാർത്ത വിതരണശാലയാക്കി മാറ്റിയാൽ എങ്ങനെയിരിക്കും? അത്തരമൊരു ഗുണാത്മകമാറ്റത്തിനാണ് ശഫീഖുൽ ഹസൻ എന്ന ഡൽഹിക്കാരൻ മുൻകൈയെടുത്തത്.
ഒരൊറ്റ ഐഫോണുമായി വാട്സ്ആപ് യൂനിവേഴ്സിറ്റിയിൽ ഒരു ‘ന്യൂസ് ഏജൻസി’ തന്നെ നടത്തുകയാണ് അമ്പതുകാരനായ ഈ മുൻ അച്ചടിമാധ്യമ പ്രവർത്തകൻ. വാർത്തകൾ വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെടുന്ന ക്ഷണത്തിൽ അതിനെ നേരിന്റെയും കൃത്യമായ നിലപാടിന്റെയും ഫിൽറ്ററിൽ അരിച്ചെടുത്ത് എഡിറ്റർമാർ, മാധ്യമപ്രവർത്തകർ, ബുദ്ധിജീവികൾ, കോളമിസ്റ്റുകൾ, രാഷ്ട്രീയക്കാർ, ആക്ടിവിസ്റ്റുകൾ, കലാകാരന്മാർ തുടങ്ങി സമൂഹത്തിലെ നാനാതുറകളിലേക്ക് ദിനേന രാവിലെ മുതൽ രാത്രിവരെ എത്തിച്ചുകൊണ്ടിരിക്കുന്നു അദ്ദേഹം.
ശഫീഖുൽ ഹസൻ മുൻ ഉപരാഷ്ട്രപതി ഹാമിദ് അൻസാരിക്കൊപ്പം
പലപ്പോഴും മാധ്യമങ്ങളുടെ ബ്രേക്കിങ്ങിനെ പോലും ഭേദിച്ച് ശഫീഖ് മുറത്തിൽ കയറി കൊത്താൻ തുടങ്ങിയപ്പോൾ വൻകിട ഇംഗ്ലീഷ് പത്രങ്ങൾ തന്നെ പരാതിയുമായെത്തി. തങ്ങളുടെ ഓൺലൈനിൽനിന്നു വാർത്തകളെടുത്തു തങ്ങൾക്കു മുന്നേ അത് ‘സ്വന്തം വരിക്കാർക്ക്’ വിതരണം ചെയ്തതിലായിരുന്നു അവർക്ക് പരിഭവം. അവരെ പിണക്കാൻ നിൽക്കാതെ അന്നന്നത്തെ ഇംഗ്ലീഷ് പത്രങ്ങളും വെബ്സൈറ്റുകളും വാർത്ത പ്രസിദ്ധീകരിച്ച ശേഷം ക്ലിപ്പിങ്ങുകൾ വിതരണം ചെയ്യാമെന്നായി അദ്ദേഹം. അങ്ങനെ ‘ന്യൂസ്മാൻ’ എന്നു മുതിർന്ന ഇംഗ്ലീഷ് മാധ്യമ പ്രവർത്തകരുടെ ഓമനപ്പേര് നേടിയ ശഫീഖിന്റെ വാട്സ്ആപ്പിലെ ന്യൂസിയം അഥവാ വാർത്താശാല എട്ടുവർഷം പൂർത്തിയാക്കിയിരിക്കുന്നു.
2017 ജൂൺ 23ന് പെരുന്നാൾ വസ്ത്രമെടുക്കാൻ സഹോദരങ്ങളുടെ കൂടെ ഡൽഹിയിൽ പോയി മടങ്ങും വഴി ഹരിയാനയിലെ ബല്ലഭ് ഗഢ് സ്റ്റേഷനിൽ വെച്ച് ഹിന്ദുത്വഭീകരർ കുത്തിക്കൊന്ന ഹാഫിള് ജുനൈദിന്റെ വാർത്ത പിറ്റേന്നാൾ ‘ഇന്ത്യൻ എക്സ്പ്രസ്’ ദിനപത്രത്തിൽ വായിച്ച ശഫീഖിന്റെ മനസ്സിൽ നീറ്റലടങ്ങിയില്ല. മുസ്ലിംകളെ പൈശാചികവത്കരിക്കാനുള്ള പ്രചണ്ഡമായ പ്രചാരവേലകളുടെ ദുരന്തങ്ങൾ സ്വന്തം വാതിൽപ്പടിയിൽ മുട്ടിവിളിക്കാൻ തുടങ്ങിയെന്ന് ശഫീഖ് ഉറപ്പിച്ചു.
പ്രതിഷേധം സങ്കടമായി പറഞ്ഞിരിക്കാനല്ല, ഫലപ്രദമായ പ്രതിവിധിയാക്കി മാറ്റാനായിരുന്നു പഴയ പത്രപ്രവർത്തകൻകൂടിയായ ശഫീഖിന്റെ തീരുമാനം. അതിന് കണ്ടെത്തിയ വഴി, വസ്തുനിഷ്ഠവും ആധികാരികവുമായ എതു വാർത്തയും താമസംവിനാ പരമാവധി ആളുകൾക്കും മാധ്യമങ്ങൾക്കും എത്തിക്കുകയാണ്. ബാലിശമായ വിവരങ്ങൾ ഷെയർ ചെയ്യുന്നതിനു പകരം ആധികാരികവും ക്രിയാത്മകവുമായ വാർത്തകൾ വിവിധ പത്രങ്ങളിൽനിന്നും ഓൺലൈൻ പോർട്ടലുകളിൽനിന്നും തെരഞ്ഞെടുത്ത് പരമാവധി പ്രചാരം കൊടുക്കുക. അതിനായി വാട്സ്ആപ് ബ്രോഡ്കാസ്റ്റ് ഗ്രൂപ്പുകൾ തുടങ്ങി.
‘‘കുഞ്ഞു ജുനൈദിന്റെ കൊലപാതക വാർത്ത എന്നെ തകർത്തുകളഞ്ഞു. ഒരു കുഞ്ഞിനുപോലും രക്ഷയില്ലാത്ത മട്ടിൽ വെറുപ്പ് ഈ സമൂഹത്തിൽ വേരോടിയല്ലോ. അതു പിഴുതുകളയാൻ എന്തുചെയ്യാൻ കഴിയും എന്ന ചിന്തയിൽനിന്നാണ് വെറുപ്പുൽപാദിപ്പിക്കാത്ത അതിനെ ചെറുക്കാൻ കഴിയുന്ന നല്ല വാർത്തകളും സംഭവങ്ങളും പരമാവധി പ്രചരിപ്പിക്കുക എന്ന ദൗത്യം ഏറ്റെടുക്കുക. അങ്ങനെയാണ് ഞാൻ ഈ രംഗത്ത് ഇറങ്ങിത്തിരിക്കുന്നത്. അറിഞ്ഞവരും എന്റെ വാർത്തകൾ കൈപ്പറ്റുന്നവരുമൊക്കെ എന്നെ കാര്യമായി പ്രോത്സാഹിപ്പിച്ചു. അതു തനിക്ക് കൂടുതൽ ആവേശം പകർന്നു’’ –സാരായ് ജുലേനയിലെ ഓഫിസിലിരുന്ന് അദ്ദേഹം ‘ശഫീഖ് ന്യൂസ് സർവീസി’ന്റെ അനുഭവം വിവരിച്ചു. വിവിധ മണ്ഡലങ്ങളിലെ അഭിപ്രായ രൂപവത്കർത്താക്കളായ നൂറോളം പ്രമുഖരുടെ അഭിനന്ദന സന്ദേശം അദ്ദേഹം കാണിച്ചു തന്നു. അതെല്ലാം സമാഹരിച്ച് ഒരു വലിയ പുസ്തകംതന്നെ തയാറാക്കിയിട്ടുണ്ട്.
പുലർച്ചെ അഞ്ചു മണിയോടെ ജോലി തുടങ്ങും. ‘ദ ടെലിഗ്രാഫ്’, ‘ഇന്ത്യൻ എക്സ്പ്രസ്’, ‘ദ ഹിന്ദു’, ‘ടൈംസ് ഓഫ് ഇന്ത്യ’, ‘ഹിന്ദുസ്താൻ ടൈംസ്’, ‘ദ ട്രിബ്യൂൺ’, ‘ദ സ്റ്റേറ്റ്സ്മാൻ’, ‘ഡെക്കാൻ ക്രോണിക്ൾ’, ‘ഇൻഖിലാബ്’, ‘സഹാറ’ തുടങ്ങി 20-25 ഇംഗ്ലീഷ്, ഉർദു, ഹിന്ദി പത്രങ്ങളുടെ ഇ-പേപ്പറുകൾ വായിച്ച് പ്രസക്തവും പ്രധാനവുമായ നൂറോളം സ്റ്റോറികൾ തെരഞ്ഞെടുക്കും. പിന്നെ സൂക്ഷ്മമായി അരിച്ച് അതിൽ നിന്നു പരമാവധി 40 വരെ സ്റ്റോറികൾ പെറുക്കിയെടുക്കും. അവ ക്ലിപ്പിങ്ങുകളായി വാട്സ്ആപ് ഗ്രൂപ്പുകളിൽ ഷെയർചെയ്യും.
പ്രതിദിനം 30 മുതൽ 40 വരെ സ്റ്റോറികൾ ഗ്രൂപ്പുകളിൽ ബ്രോഡ്കാസ്റ്റ് ചെയ്യും. എന്റെ മൊബൈൽ, എന്റെ പത്രങ്ങൾ, പിന്നെ ഞാനും –അതാണ് മുടക്കുമുതൽ. രോഗവും ഉറക്കവുമൊന്നും കാര്യമാക്കാതെയാണ് ശഫീഖുൽ ഹസന്റെ മുന്നോട്ടുപോക്ക്. ഉറക്കമില്ലായ്മയും അതു തീർത്ത മാനസികസമ്മർദവും കാരണം ഒരു മാസത്തോളം അവധിയെടുത്ത നാളുകളൊഴിച്ച് ഇന്നോളം ഈ ന്യൂസ് ഏജൻസി മുടങ്ങിയിട്ടില്ല. വിതരണക്കാരന്റെ ആവേശത്തിലും കവിഞ്ഞ ആകാംക്ഷയിലാണ് ഓരോ നാളും അടുത്ത ഡിസ്പാച്ചിനു വേണ്ടി വായനക്കാർ കാത്തിരിക്കുന്നത്.
സിനിമ സംവിധായകൻ മഹേഷ് ഭട്ട് മുതൽ ശശി തരൂർ, മുൻ ഡൽഹി ലഫ്. ഗവർണർ നജീബ് ജംഗ്, മൗലാന ആസാദ് യൂനിവേഴ്സിറ്റി മുൻ വി.സി പർവേസ് അഹ്മദ്... തുടങ്ങി ആ പരമ്പരയിൽ വിവിധ തുറകളിലെ പ്രമുഖരുണ്ട്. ബർമിങ്ഹാം മുതൽ യു.പിയിലെ ബാറാബങ്കി വരെ, സിയാറ്റിൽ മുതൽ സിംഗപ്പൂർ വരെ ഭൂഖണ്ഡങ്ങളിൽ വിസ്തരിച്ചു കിടക്കുന്നു ആ വായനവൃത്തം. പല എഡിറ്റർമാരും ഈ ക്ലിപ്പിങ്ങുകൾ വാർത്ത ശേഖരണത്തിന്റെ ഭാഗമാക്കി മാറ്റിയിരിക്കുന്നു. എഴുത്തുകാർ ശഫീഖ് നൽകുന്ന വിവരങ്ങൾ ഡേറ്റ ബാങ്ക് നിക്ഷേപമാക്കി ഉപയോഗപ്പെടുത്തുന്നു.
എല്ലാ നാളും ഉണർന്നെണീറ്റ് അൽപനേരം പ്രഭാതസവാരി കഴിഞ്ഞാൽ ജോലി തുടങ്ങുകയായി. പുസ്തകപ്രസാധനത്തിനും പരസ്യവിപണനത്തിനുമുള്ള ഒരു സ്ഥാപനം സാരായ് ജുലേനയിൽ കൊണ്ടുനടത്തുന്നുണ്ട് അദ്ദേഹം. അതുകൊണ്ട് രാവിലെയാണ് ശഫീഖിന്റെ ന്യൂസ്റൂം സജീവമാകുക. ആദ്യ അഞ്ചു വർഷം ഒരു ദിനംപോലും മുടക്കം വരാതെ അദ്ദേഹം ജോലി നിർവഹിച്ചു.
വിദേശയാത്രയിലാണെങ്കിൽ ഇന്ത്യൻ സമയം കൃത്യപ്പെടുത്തി പോസ്റ്റിങ് മുടങ്ങാതെ നോക്കി. ഉറങ്ങാൻ കിടന്നാലും വാർത്തകൾ പരതിയെടുക്കുന്നതിലും അതിനെ പോസ്റ്റുകളിലേക്ക് സെലക്ട് ചെയ്യുന്നതിലുമുള്ള ബേജാറും വെപ്രാളവുമൊക്കെയായി രോഗാതുരനായി. ഡോക്ടർമാർ വിശ്രമം നിർബന്ധമാണെന്നു നിഷ്കർഷ വെച്ചു. അങ്ങനെ അഞ്ചുകൊല്ലം മുമ്പ് ഒരു മുടക്കം വന്നത്. വ്യാജവാർത്തകളിൽനിന്ന് ഗുണമൊത്ത വാർത്തകളിലേക്ക് വഴികാട്ടുന്ന ഈ സേവനം ജീവിതാവസാനം വരെ കൈയൊഴിയാനാവില്ലെന്ന് ശഫീഖുൽ ഹസൻ.
മൂന്നു വർഷം മുമ്പ് കോൺഗ്രസ് എം.പിയായിരുന്ന കുൻവർ ദാനിഷ് അലി തന്റെ ഔദ്യോഗികവസതിയിൽ ഒരുക്കിയ സ്നേഹവിരുന്ന് ശഫീഖിന്റെ സ്വീകാര്യത വിളിച്ചറിയിക്കുന്നതായിരുന്നു. ശഫീഖ് ചെയ്യുന്ന അനന്യമായ സേവനത്തെ പുകഴ്ത്തിയ എല്ലാവരും അദ്ദേഹത്തിന്റെ വാർത്ത സംഭാവനകളുടെ ഗുണഭോക്താക്കളായാണ് സംസാരിച്ചത്. ഡൽഹിയിലെ പ്രശസ്തമായ ഇന്ത്യ ഇസ്ലാമിക് കൾചറൽ സെന്ററും നിരവധി എൻ.ജി.ഒകളും ശഫീഖിന്റെ സേവനത്തിന് ആദരമർപ്പിച്ചിട്ടുണ്ട്.
വാർത്തകളുടെ ഈ വിപണനത്തിന് ഇതര ന്യൂസ് ഔട്ട്ലെറ്റുകളെ പോലെ ചാർജ് ഈടാക്കിക്കൂടേ എന്ന ഗുണകാംക്ഷികളായ സുഹൃത്തുക്കളുടെ ന്യായമായ ചോദ്യത്തിന് ലളിതമാണ് ശഫീഖിന്റെ മറുപടി: ഇതു വിറ്റ് കാശുണ്ടാക്കാൻ ഉദ്ദേശ്യമില്ല. ഈ പണി തുടരുന്നിടത്തോളം കാലം സൗജന്യമായിരിക്കും. ഉത്തർപ്രദേശിലെ കാസ്ഗഞ്ചിനു സമീപം ഗഞ്ച്ദുന്ദ്വാര സ്വദേശിയാണ് ശഫീഖുൽ ഹസൻ. സാമൂഹികപ്രവർത്തനം പിതാവ് സുഹൂറിൽനിന്ന് താവഴിയായി ലഭിച്ചതാണെന്നു പറയാം. ഉന്നതവിദ്യാഭ്യാസത്തിനായി ഡൽഹിയിലേക്കു ചേക്കേറിയ അദ്ദേഹം ബിരുദവും ബിരുദാനന്തര ബിരുദവും നേടി.
ജാമിഅ മില്ലിയ്യ ഇസ്ലാമിയ്യയിൽ നിന്ന് പൊളിറ്റിക്കൽ സയൻസിൽ എം.എ നേടിയ ശേഷം ഹിന്ദി പത്രമായ ‘അമർ ഉജാല’യിലും ഉർദു ദിനപത്രം ‘അഖ്ബാറെ നൗ’വിലും മാധ്യമപ്രവർത്തകനായി. 1987 മുതൽ ദക്ഷിണ ഡൽഹിയിലെ സാരായ് ജുലേനയിൽ സ്കൈ അഡ്വർടൈസിങ് കമ്പനിയും പുസ്തകപ്രസാധന കമ്പനിയും സ്ഥാപിച്ചു നടത്തിവരുന്നു. ഈ സെപ്റ്റംബർ ഒന്നു മുതൽ ന്യൂസ്മാൻ എന്നപേരിൽ വാട്സ്ആപ് ചാനൽ തുടങ്ങുന്ന ശഫീഖ്, വാട്സ്ആപ് വെറും വെടിയുടെയും വെറുപ്പിന്റെയും ഇടമല്ലെന്നും കാര്യവിചാര വിവരവിനിയമത്തിനുള്ള ഉത്തമമാധ്യമമാണെന്നും സാക്ഷ്യപ്പെടുത്തുന്നു.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.