ഫ്രാങ്ക് കാപ്രിയോ
അമേരിക്കൻ പ്രോവിഡൻസ് മുനിസിപ്പൽ കോടതിമുറി. ന്യായാധിപൻ വിധി പ്രസ്താവത്തിനു വരുകയാണ്. പ്രതിക്കൂട്ടിൽ ഇപ്പോൾ നിൽക്കുന്നത് ഒരു യുവതി. ആഢ്യത്തമോ അന്തസ്സോ നിർവചിക്കുന്ന ഒന്നും അവളിലില്ല. പകരം തോളുകൾ താഴ്ത്തി ദൈന്യഭാവത്തിൽ ന്യായാധിപന്റെ മുന്നിൽ നിൽക്കുന്നു. ചോദ്യങ്ങൾക്കു മറുപടി ഒരു മർമരം മാത്രം. പാർക്കിങ് ടിക്കറ്റുകളുടെ ആധിക്യംകൊണ്ട് പിടിവിട്ടുപോയ, സിംഗിൾ മദറാണ് അവൾ. കോടതികൾ ചുമത്തുന്ന ഓരോ പിഴയും അവളുടെ അവശത വർധിപ്പിച്ചതേയുള്ളൂ. സൗമ്യമായ നോട്ടത്തോടെ ന്യായാധിപൻ ചോദ്യം തുടങ്ങി: ‘മാഡം, എന്താണ് സംഭവിച്ചതെന്ന് പറയാമോ?’ ഒരു ന്യായാധിപന്റെ കാർക്കശ്യത്തെക്കാൾ പിതൃതുല്യ വാത്സല്യമുണ്ടായിരുന്നു ആ ചോദ്യങ്ങളിൽ. യുവതി തന്റെ ഭാഗം വിശദീകരിക്കുന്നു.
‘ജോലി രണ്ടിടത്ത്. രോഗിയായ ഒരു കുട്ടി, ഒപ്പം ജീവനോപാധിയും ബാധ്യതയുമായ ഒരു കാർ. ടിക്കറ്റുകൾ സമയാസമയം അടക്കണമെന്നുണ്ട്. ധിക്കരിക്കാൻ ഉദ്ദേശിച്ചിട്ടില്ല ഒരിക്കലും; ജീവിത പരീക്ഷണങ്ങൾ അതിന്റെ പാരമ്യത്തിലെത്തിയതിന്റെ അനന്തരഫലങ്ങളായിരുന്നു അവ.’
ജഡ്ജി എല്ലാം കേട്ടുനിന്നു. പ്രോസിക്യൂട്ടർ എഴുന്നേറ്റ് നിയമം അനുശാസിക്കുന്ന പിഴകളുടെയും ശിക്ഷകളുടെയും പട്ടിക വായിക്കുന്നു. എന്നാൽ, ന്യായാധിപൻ കേൾക്കുന്നത് മനുഷ്യന്റെ കഥയാണ്. അദ്ദേഹം അവളുടെ കുട്ടിയുടെ ആരോഗ്യം, അവളുടെ ദൈനംദിന പോരാട്ടങ്ങൾ, അവളുടെ ഭാവി പ്രതീക്ഷകൾ എന്നിവയെക്കുറിച്ച് ചോദിക്കുന്നു. ശിക്ഷക്കു പകരം നീതി എങ്ങനെ നടപ്പാക്കാമെന്നാണ് അദ്ദേഹം ആലോചിക്കുന്നത്.
നാടകീയമായ ചലനത്തോടെ, സ്വതഃസിദ്ധമായ ശാന്തതയോടെ ന്യായാധിപൻ തീരുമാനം പ്രഖ്യാപിക്കുന്നു. ‘നിങ്ങൾ നിങ്ങളുടെ കുട്ടിക്ക് വേണ്ടി സാധ്യമായ ഏറ്റവും മികച്ചത് ചെയ്യാൻ ശ്രമിക്കുന്ന ഒരു അമ്മയാണ്. അതുകൊണ്ട് എനിക്ക് ഈ കേസിന് എതിരായി വിധി പറയാൻ കഴിയില്ല. കേസ് തള്ളിയിരിക്കുന്നു.’ കോടതിമുറിയിൽ സമ്പൂർണ നിശ്ശബ്ദത. നിമിഷങ്ങൾക്ക് മുമ്പ് ആശങ്ക നിറഞ്ഞ യുവതിയുടെ മുഖത്ത് നന്ദിയോടെയുള്ള ഒരു പുഞ്ചിരി വിരിയുന്നു. ഇത് ജഡ്ജി ഫ്രാങ്ക് കാപ്രിയോ. നീതി പുനർനിർവചിച്ച ‘ലോകത്തിലെ ഏറ്റവും മാന്യനായ ജഡ്ജി’.
ഇറ്റാലിയൻ കുടിയേറ്റക്കാരനായ അഭിമാനിയായ പാൽക്കാരന്റെ മകനായാണ് ഫ്രാങ്ക് കാപ്രിയോയുടെ ജനനം. പ്രോവിഡൻസിലെ തൊഴിലാളിവർഗ പ്രദേശങ്ങളിലാണ് അദ്ദേഹം വളർന്നത്. കച്ചവടത്തെക്കാളും ലാഭത്തേക്കാളും പ്രധാനമായി അദ്ദേഹം കണ്ടത് സഹാനുഭൂതിയും ഭൂതദയയും. മൂല്യങ്ങളാണ് ഭൗതിക താൽപര്യങ്ങളല്ല വലുതെന്ന് ആ അച്ഛൻ മക്കളെ പഠിപ്പിച്ചു. പിതാവിന്റെ ഈ പശ്ചാത്തലം അദ്ദേഹത്തിന്റെ ജുഡീഷ്യൽ തത്ത്വചിന്തയെ രൂപപ്പെടുത്തി.
കാപ്രിയോയെ സംബന്ധിച്ചിടത്തോളം, നിയമപരമായ നടപടികൾ നിയമങ്ങളെ അന്ധമായി നിർവചിക്കുന്നതിനേക്കാൾ മനുഷ്യന്റെ അവസ്ഥ മനസ്സിലാക്കുന്നതിനെക്കുറിച്ചായിരുന്നു. നീതിന്യായ വ്യവസ്ഥ എല്ലാത്തരം ആളുകൾക്കും പ്രാപ്യവും പ്രാബല്യത്തിൽ കരുണയുള്ളതുമായിരിക്കണമെന്ന് അദ്ദേഹം വിശ്വസിച്ചു, അവിടെ ആളുകളുടെ നിയമലംഘനങ്ങൾ മാത്രമല്ല, അവരുടെ യഥാർഥ അവസ്ഥകളും കേൾക്കപ്പെടണം എന്ന് അദ്ദേഹം കരുതി. സംഘർഷങ്ങളിലും പിരിമുറുക്കങ്ങളിലുമല്ല, ഓർക്കാൻ ആഗ്രഹിക്കുന്ന അവിസ്മരണീയമായ പാഠങ്ങൾ നൽകുന്ന ഇടങ്ങളാകണം കോടതി മുറികൾ എന്ന് അദ്ദേഹം ആഗ്രഹിച്ചു.
‘ഞാൻ ഒരു ചെറിയ പട്ടണത്തിലെ മുനിസിപ്പൽ കോടതി ജഡ്ജിയാണ്, നല്ലത് ചെയ്യാനാണ് എന്റെ ശ്രമം. എന്റെ മുന്നിൽ വരുന്ന ആളുകളുടെ സാഹചര്യങ്ങൾ പരിഗണിക്കണമെന്നുള്ളതാണ് എന്റെ നിലപാട്. എന്റെ അച്ഛൻ പറഞ്ഞത് ഓർക്കുന്നു: ആരെങ്കിലും നിന്റെ മുന്നിൽ വരുമ്പോൾ, അത് നീ തന്നെയാണെന്ന് കരുതുക. എങ്കിൽ എന്തുതരം വിധിയാണ് നീതിപൂർവം എന്ന് ആലോചിക്കുക, അതിനനുസരിച്ചു നീതി കൽപിക്കുക.’ അതുതന്നെയാണ് എന്റെ തത്ത്വവും ദർശനവും അദ്ദേഹം ഒരിക്കൽ പറഞ്ഞു.
കോടതിയിൽ ഇരുന്ന ആദ്യ ദിവസംതന്നെ അദ്ദേഹം, തന്റെ മുന്നിലെത്തിയ ഒരു അമ്മയുടെ വാക്കുകൾ പൂർണമായി കേൾക്കാതെ അവളുടെ അവസ്ഥ ശരിയായി ചോദിച്ചറിയാതെ 300 ഡോളർ പാർക്കിങ് പിഴ വിധിച്ചു. അപ്പോൾ പിഴ അടക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു അവൾ. അന്ന് അദ്ദേഹത്തിന്റെ അച്ഛൻ അവിടെ സന്നിഹിതനായിരുന്നു. തന്റെ മുന്നിൽ വരുന്ന ഓരോരുത്തരുടെയും യാഥാർഥ്യം മനസ്സിലാക്കണമെന്നു അദ്ദേഹം മകനെ ഓർമപ്പെടുത്തി. പിന്നീടൊരിക്കലും അച്ഛന്റെ ആ വാക്ക് കാപ്രിയോ മറന്നില്ല.
കാപ്രിയോയുടേത് ഒരുതരം ജുഡീഷ്യൽ ആക്ടിവിസമായിരുന്നു. എന്നാൽ, ഒരു ജഡ്ജി നിയമനിർമാണം നടത്തുന്ന പരമ്പരാഗത അർഥത്തിലായിരുന്നില്ല അത്. പകരം, നമ്മൾ മറന്നുപോയ ‘കരുണയാണ് നീതി’ എന്ന തത്ത്വം നിലനിർത്തിക്കൊണ്ടായിരുന്നു അത്. കോടതി സെഷനുകളുടെ വിഡിയോകൾ ഓൺലൈനിൽ പങ്കിട്ട് അദ്ദേഹം തന്റെ സന്ദേശം അനേക ലക്ഷങ്ങളിലേക്കു പകർന്നു. പല കോടി ആളുകൾ അദ്ദേഹത്തിന്റെ ചാനൽ ‘Caught in Providence’ന്റെ ആരാധകരായി.
നിയമ പ്രക്രിയ മാനുഷികവത്കരിക്കാനും നിയമത്തെ എല്ലാതലത്തിലുള്ളവർക്കും പ്രാപ്യവും ഭയമില്ലാത്തതുമാക്കാനും ഓരോ നിയമപാലകനും കഴിയുമെന്ന് കാപ്രിയോ കാണിച്ചു. ഒരു കുറ്റകൃത്യത്തിലേക്കോ ലംഘനത്തിലേക്കോ നയിക്കുന്ന സാഹചര്യങ്ങൾ പരിഗണിക്കുന്നതിലൂടെ, ജഡ്ജിമാർക്ക് കേവലം ശിക്ഷ നൽകുന്നതിനേക്കാൾ കൂടുതൽ നീതിയുക്തവും പുനരധിവാസപരവുമായ ഫലങ്ങൾ നൽകാൻ കഴിയുമെന്ന് അദ്ദേഹം പഠിപ്പിച്ചു. തന്റെ കോടതിമുറി സംപ്രേക്ഷണം ചെയ്യുന്നതിലൂടെ, കാപ്രിയോ നിയമപരമായ പ്രക്രിയയെ നിഗൂഢതയില്ലാതാക്കി.
.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.