കൃഷ്ണമൂർത്തി മകൾ സവിത്രക്കൊപ്പം

‘സ്കൂളിൽ പഠിക്കുമ്പോൾതന്നെ കാഴ്ച മങ്ങിത്തുടങ്ങുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു’; അക്ഷരലോകത്തേക്ക് അയാൾ തിരികെ നടക്കുകയാണ്, ഏഴാം ക്ലാസുകാരിയായ മകളുടെ കൈപിടിച്ച്

‘‘അധ‍്യാപകൻ ബോർഡിൽ എഴുതുന്ന അക്ഷരങ്ങൾ മങ്ങിത്തുടങ്ങിയപ്പോൾ കൂട്ടുകാരുടെ നോട്ടുപുസ്തകം നോക്കിയാണ് എഴുതിയത്. അഞ്ചാം ക്ലാസിൽ പഠിക്കുമ്പോഴായിരുന്നു അത്.എട്ടാം ക്ലാസിൽ എത്തിയപ്പോൾ കൂട്ടുകാരുടെ നോട്ടുപുസ്തകത്തിലെ അക്ഷരങ്ങൾക്കും മങ്ങലേറ്റു. അങ്ങനെ കാഴ്ച മങ്ങിത്തുടങ്ങുന്നത് വേദനയോടെ ഞാൻ തിരിച്ചറിഞ്ഞു’’

-കണ്ണിൽ ഇരുട്ടാണെങ്കിലും തന്‍റെ ഏക മകൾ കൊളുത്തിവെച്ച വെളിച്ചത്തിൽ പുതുജീവിതം നയിക്കുന്ന കൃഷ്ണമൂർത്തി പറയുന്നു. തന്നിൽനിന്ന് അകന്നുപോയ അക്ഷരങ്ങളിലേക്ക് അയാൾ തിരികെ നടക്കുകയാണ്, ഏഴാം ക്ലാസുകാരിയായ മകൾ സവിത്രയുടെ കൈപിടിച്ച്.

‘‘ഞാൻ മാത്രം പഠിച്ചാൽ പോരാ, അച്ഛനും പഠിക്കണം’’ എന്നുപറഞ്ഞ് മകൾ നിർബന്ധിച്ചപ്പോഴാണ് പാലക്കാട് എലപ്പുള്ളി പട്ടത്തലച്ചിക്കാരൻ കൃഷ്ണമൂർത്തി സാക്ഷരതാ മിഷൻ കാഴ്ചപരിമിതർക്കായി നടത്തുന്ന ബ്രെയിൽ ലിപി പഠനക്ലാസിൽ ചേർന്നത്. മകളുടെ കൈപിടിച്ചാണ് അദ്ദേഹം ക്ലാസിൽ പോകാൻ തുടങ്ങിയത്.

കുഞ്ഞായിരിക്കുമ്പോൾ മുതൽ അച്ഛന്‍റെ വഴികാട്ടിയാണ് സവിത്ര. ബ്രെയിൽ ലിപി പഠനക്ലാസിന് പോകുമ്പോൾ തട്ടിവീഴാതെ കൃഷ്ണമൂർത്തിയുടെ കൈകൾ അവൾ മുറുകെപ്പിടിക്കും. ക്ലാസിലെത്തിയാൽ അച്ഛനെ മാത്രമല്ല, മറ്റു പഠിതാക്കളെ സഹായിക്കുന്നതിലും അവൾ താൽപര്യം കാണിച്ചു.

മകളുടെ പരിശീലനത്തിലൂടെ ലഭിച്ച ധൈര്യത്തിൽ അദ്ദേഹം തനിയെ ക്ലാസിന് പോകാൻ തുടങ്ങി. പാലക്കാട് ജില്ല പഞ്ചായത്ത് കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡുമായി സഹകരിച്ചാണ് പഠനക്ലാസ് നടത്തുന്നത്. അഞ്ചു മാസത്തെ കോഴ്സ് കഴിഞ്ഞ് സർട്ടിഫിക്കറ്റിന് കാത്തിരിക്കുകയാണ് കൃഷ്ണമൂർത്തി.

18ാം വയസ്സിൽ കണ്ണിന് ശസ്ത്രക്രിയ ചെയ്ത് ചെറിയ രീതിയിൽ കാഴ്ച തിരികെ കിട്ടിയെങ്കിലും അധികകാലം നീണ്ടുനിന്നില്ല. 21ാം വയസ്സിൽ അമ്മയുടെ വേർപാട് കൃഷ്ണമൂർത്തിയെ തളർത്തി. ഒരു വർഷം കഴിഞ്ഞതോടെ കാഴ്ച വീണ്ടും മങ്ങാൻ തുടങ്ങി. നാഡിക്ക് തകരാർ സംഭവിച്ചിട്ടുണ്ടെന്നും ഇനി ഒന്നും ചെയ്യാനില്ലെന്നുമാണ് ഡോക്ടർ പറഞ്ഞത്. പിന്നീട് ജീവിക്കാനായി തമിഴ്നാട് പൊള്ളാച്ചിയിൽ പഴക്കച്ചവടം നടത്തി. അവിടെ വെച്ചാണ് മലർവിഴിയെ പരിചയപ്പെട്ടതും ജീവിതസഖിയായി കൂടെക്കൂട്ടിയതും.

ഭാര്യ തൊഴിലുറപ്പ് ജോലികൾക്ക് പോയാണ് കുടുംബം പുലർത്തുന്നത്. കുഞ്ഞിന് ഒന്നര വയസ്സുള്ളപ്പോഴാണ് കൃഷ്ണമൂർത്തിയുടെ കാഴ്ച പൂർണമായി നഷ്ടപ്പെടുന്നത്. ആ പ്രായത്തിൽതന്നെ അച്ഛന് കാഴ്ചയില്ലെന്ന് മകൾ തിരിച്ചറിഞ്ഞിരുന്നു.

പിന്നീട് മകളുടെ കണ്ണിലൂടെയാണ് അദ്ദേഹം ലോകം കാണാൻ തുടങ്ങിയത്. വീടിനകത്ത് ഒതുങ്ങിക്കൂടിയിരുന്ന തന്നെ പുറത്തേക്കും അക്ഷരങ്ങളുടെ ലോകത്തേക്കും കൈപിടിച്ച് ആനയിച്ചത് സവിത്രയാണെന്ന് ചെറുപുഞ്ചിരിയോടെ കൃഷ്ണമൂർത്തി പറഞ്ഞുനിർത്തി.

Tags:    
News Summary - blind Krishnamurthy learns braille, with the help of his daughter

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.