ജലന്ധർ തന്‍റെ ഡെസർട്ട് റോസ് തോട്ടത്തിൽ
വിശ്രമ ജീവിതം നയിക്കേണ്ട സമയത്തും കൃഷിയിടത്തിൽ സജീവമായി ലക്ഷങ്ങൾ വരുമാനം കൊയ്യുന്ന ഒരു വയോധികനെ പരിചയപ്പെടാം.
ലാഭകരമല്ലെന്ന് പൊതുവെ വിലയിരുത്തപ്പെടുന്ന ഡെസർട്ട് റോസ് നട്ടുവളർത്തി വർഷത്തിൽ 60 ലക്ഷം രൂപ സമ്പാദിക്കുകയാണ് തമിഴ്‌നാട്ടിലെ തിരുവള്ളൂർ ജില്ലയിലെ ഈശാനം കുപ്പം എന്ന ചെറിയ ഗ്രാമത്തിൽനിന്നുള്ള ജലന്ധർ.
ഡെസർട്ട് റോസിൽ സാധ്യതകളും സൗന്ദര്യവും പ്രതീക്ഷയും അദ്ദേഹം കണ്ടെത്തി. വളം ആവശ്യമില്ല എന്നതും കുറച്ച് സൂര്യപ്രകാശവും ആഴ്ചയിൽ രണ്ടുതവണ വെള്ളം നനച്ചാൽ മതി എന്നതുമാണ് ഇതിന്‍റെ സവിശേഷത. 40 വർഷത്തിലേറെയായി അദ്ദേഹം സസ്യങ്ങൾ വളർത്തുന്നു.
എന്നാൽ, ഡെസർട്ട് റോസിന്‍റെ സാധ‍്യതകൾ മനസ്സിലായതോടെയാണ് അദ്ദേഹത്തിന്‍റെ തലവര മാറാൻ തുടങ്ങിയത്. 1986ൽ മുംബൈയിൽനിന്ന് ഇവയുടെ ചെടികൾ ശേഖരിച്ചു. തായ്‌ലൻഡ്, തായ്‌വാൻ, വിയറ്റ്നാം എന്നിവിടങ്ങളിൽ പോയി ഗ്രാഫ്റ്റിങ്ങിന്‍റെയും ഹൈബ്രിഡൈസേഷന്‍റെയും രഹസ്യങ്ങൾ പഠിച്ച് അവ വിജയകരമായി തന്‍റെ തോട്ടത്തിൽ പരീക്ഷിച്ചു.
ഇന്ന് അദ്ദേഹത്തിന്‍റെ 15 ഏക്കർ ഫാമിൽ 450ലധികം ഇനം ഡെസർട്ട് റോസുകളുണ്ട്. ചെറിയ വേരുകളുള്ള ചെടികൾ 150 രൂപയിൽ താഴെ വിലയ്ക്ക് വിൽക്കുമ്പോൾ, കട്ടിയുള്ളതും ശിൽപഭംഗിയുമുള്ള വേരുകളുള്ളവക്ക് 12 ലക്ഷം രൂപ വരെ വിലവരും.
ചെന്നൈ, വിയറ്റ്നാം, തായ്‌ലൻഡ് എന്നിവിടങ്ങളിൽ മാത്രം കാണപ്പെടുന്ന അപൂർവ ഇനങ്ങൾക്കാണ് വിലകൂടുതൽ. വിവിധ സംസ്ഥാനങ്ങളിലേക്കും ദുബൈ, ജമൈക്ക, മൊറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ഇവ കയറ്റുമതി ചെയ്യുന്നുണ്ട്. 2015ൽ ദുബൈയിലേക്ക് മാത്രം ഒരു ലക്ഷം ഡെസർട്ട് റോസുകൾ കയറ്റുമതി ചെയ്ത് യുവതലമുറക്കും മാതൃകയാവുകയാണ് ഇദ്ദേഹം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.