ഹിമാലയത്തിലേക്ക് ട്രെക്കിങ് നടത്തുന്ന സംഘം


ഭിന്നശേഷിക്കാരായ ഒമ്പതു പേർ ഹിമാലയം കീഴടക്കിയപ്പോൾ

ശാരീരിക പരിമിതിയുള്ളവർ മുതൽ കാഴ്ചപരിമിതിയുള്ളവർ വരെയുള്ള വ്യത്യസ്തരായ ഒരുകൂട്ടം മനുഷ‍്യർ ഹിമാലയം കീഴടക്കിയ കഥയാണിത്.

ഉത്തരാഖണ്ഡിലെ ഗർവാൾ ഹിമാലയത്തിലെ സമുദ്രനിരപ്പിൽ നിന്ന് 12,000 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്ന ദയാര ബുഗ്യാലിലേക്കാണ് ആ ഒമ്പതു പേർ ട്രെക്കിങ് നടത്തിയത്. ഇന്ത്യയിലെ ഏറ്റവും മനോഹരമായ ആൽപൈൻ പുൽമേടുകളിലൊന്നാണിത്.

കാഴ്ചപരിമിതിയുള്ള ആറുപേർ, ആൽബിനിസം എന്ന ജനിതക വൈകല്യമുള്ള ഒരാൾ, അംഗപരിമിതിയുള്ള രണ്ടുപേർ (അതിൽ ഒരാൾ ഓട്ടിസം ബാധിച്ചയാളായിരുന്നു) എന്നിവരാണ് പരിമിതികളെ താഴെവെച്ച് ഉയരങ്ങളിലേക്ക് കുതിച്ചത്.

ഇതൊരു സാധാരണ ട്രെക്കിങ്ങായിരുന്നില്ല. ഇന്ത്യയുടെ സാഹസിക ടൂറിസം മേഖലയുടെ വികസനത്തിലെ ഒരു നാഴികക്കല്ലായിരുന്നു.

അംഗപരിമിതർക്കായി പ്രവർത്തിക്കുന്ന വി-ഷേഷ്, ഔട്ട്ഡോർ ടൂർ ഓപറേറ്ററായ അക്വാറ്റെറ അഡ്വഞ്ചേഴ്സ്, ഗ്രാമീണ സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്ന മെറ്റോറസ് ട്രസ്റ്റ് എന്നീ സംഘടനകളുടെ കൂട്ടായ്മയാണ് യാത്ര സംഘടിപ്പിച്ചത്.

‘ട്രെക്ക്സ് ഫോർ ആൾ’ എന്ന സംരംഭത്തിന്‍റെ ഭാഗം കൂടിയായിരുന്നു ഈ യാത്ര. ഹിമാലയം എല്ലാവരുടേതുമാണെന്ന് തെളിയിക്കുക എന്നത് യാത്രയുടെ ലക്ഷ‍്യമായിരുന്നു.

വ്യത്യസ്ത കഴിവുകളുള്ള ഒമ്പതുപേർ മാലയിൽ കോർത്ത മുത്തുകൾപോലെ കയറിൽപിടിച്ച് ഒത്തൊരുമിച്ച് മലകയറി. ശാരീരികക്ഷമതയുള്ളവർക്കായി രൂപകൽപന ചെയ്ത വിനോദസഞ്ചാര കേന്ദ്രങ്ങൾ ഉൾപ്പെടെയുള്ള ഇടങ്ങൾ ഭിന്നശേഷിക്കാർക്കും പ്രാപ്യമാക്കുക എന്നതാണ് ‘ട്രെക്ക്സ് ഫോർ ആൾ’ എന്ന സംഘടനയുടെ ലക്ഷ‍്യം. ഇതിന് പിന്നാലെ റിവർ റാഫ്റ്റിങ്, കയാക്കിങ് ഉൾപ്പെടെയുള്ള സാഹസിക യാത്രകൾ ആസൂത്രണം ചെയ്യുകയാണ് സംഘാടകർ.

Tags:    
News Summary - nine differently-abled people conquer the himalaya

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.