സ്നേഹദീപ് കുമാറും മോഹിത് കുമാർ നായക്കും


മിനി ഉപഗ്രഹം നിർമിച്ച് വിദ്യാർഥികൾ

നക്ഷത്രങ്ങൾക്കിടയിൽ ഭാരമില്ലാതെ പൊങ്ങിക്കിടക്കുന്നത് സ്നേഹദീപ് കുമാർ എന്ന ബാലന്‍റെ കുട്ടിക്കാലത്തെ ആഗ്രഹമായിരുന്നു. പശ്ചിമ ബംഗാളിലെ ദുർഗാപൂരിൽനിന്നുള്ള 21കാരനായ സ്നേഹദീപ് കുമാർ തന്‍റെ ബാല്യകാല സ്വപ്നത്തെ യാഥാർഥ‍്യമാക്കിയിരിക്കുകയാണ് ഇപ്പോൾ.

ഭുവനേശ്വറിൽനിന്നുള്ള കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി മോഹിത് കുമാർ നായക്കിനൊപ്പം ചേർന്ന് മിനി ഉപഗ്രഹം നിർമിച്ചാണ് സ്നേഹദീപ് കുമാർ സ്വപ്നങ്ങളുടെ ആകാശത്തേക്ക് പറന്നുയർന്നത്.

വിദ്യാർഥികൾ നയിക്കുന്ന ബഹിരാകാശ സ്റ്റാർട്ടപ്പായ നെബുല സ്‌പേസ് ഓർഗനൈസേഷൻ വഴി ഇന്ത്യയിലെ ആദ്യ ഗാമാ-റേ ഡിറ്റക്റ്റിങ് ക്യൂബ്‌സാറ്റാണ് ഇവർ നിർമിച്ചത്.

കുട്ടിക്കാലം മുതൽ അവൻ സ്വപ്നം യാഥാർഥ‍്യമാക്കാൻ ശ്രമം തുടങ്ങി. ഒമ്പതാം ക്ലാസിൽ പഠിക്കുമ്പോൾ ഒരു ശാസ്ത്ര പ്രദർശനത്തിനായി സ്നേഹദീപ് കോളിഫ്ലവർ വിത്തുകൾ ഉപയോഗിച്ച് നിർമിച്ച ഭൂഗർഭജല സമ്പുഷ്ടീകരണ മാതൃക ശ്രദ്ധിക്കപ്പെട്ടു.

ഇത്തരം പഠനങ്ങൾക്കും മറ്റുമായി സ്കൂളിലെ അധ‍്യാപകന്‍റെ ആശീർവാദത്തോടെ ‘അറോറ അക്കാദമി ജേണൽ’ മാഗസിന് തുടക്കമിട്ടു. ലോകമെമ്പാടുമുള്ള യുവ ഗവേഷകർക്ക് അവരുടെ ഗവേഷണങ്ങൾ പ്രസിദ്ധീകരിക്കാനുള്ള ഇടമായി ആ മാഗസിൻ മാറി.

തന്‍റെ സ്വപ്നമായ ബഹിരാകാശ ഗവേഷണത്തെക്കുറിച്ച് പഠിച്ചപ്പോഴാണ് ആ രംഗത്തെ കുത്തകവത്കരണത്തെക്കുറിച്ച് സ്നേഹദീപ് കുമാർ മനസ്സിലാക്കിയത്. അങ്ങനെയാണ് 2021 ഒക്ടോബറിൽ നെബുല സ്‌പേസ് ഓർഗനൈസേഷൻ ആരംഭിച്ചത്.

അതിനിടക്കാണ് ഭുവനേശ്വറിലെ കമ്പ്യൂട്ടർ സയൻസ് വിദ്യാർഥി മോഹിത് കുമാർ നായക്കിനെ പരിചയപ്പെടുന്നത്. ഗവേഷണത്തിന് സാധാരണ ഉപയോഗിക്കുന്ന മിനിയേച്ചർ ഉപഗ്രഹങ്ങളായ ‘ക്യൂബ്‌സാറ്റുകൾ’ നിർമിക്കുന്നതിന്‍റെ സൈദ്ധാന്തിക ഭാഗത്ത് പ്രവർത്തിക്കാൻ സംഘം തീരുമാനിച്ചു.

മൊബൈൽ ആപ് വഴി നിയന്ത്രിക്കാവുന്ന ഈ ക്യൂബ്‌സാറ്റുകൾ തത്സമയ ഗാമാ വികിരണ ഡേറ്റയും ഭ്രമണപഥത്തിൽ നിന്നുള്ള തത്സമയ കാമറ ദൃശ‍്യങ്ങളും നൽകും. ബഹിരാകാശ ഗവേഷണത്തിന്‍റെ ചെലവ് കുറക്കുകയും വിദ്യാർഥികൾക്കും വികസ്വര രാജ്യങ്ങൾക്കും ലഭ്യമാക്കുകയുമാണ് തങ്ങളുടെ ലക്ഷ്യമെന്ന് വിദ്യാർഥികൾ നിർമിച്ച ഇന്ത്യയിലെ ആദ്യ ഗാമാ-റേ ക്യൂബ്സാറ്റിന്‍റെ പ്രോട്ടോടൈപ്പ് പരീക്ഷിക്കാൻ തയാറെടുക്കുന്ന സ്നേഹദീപ് കുമാറും മോഹിത് കുമാർ നായക്കും വ്യക്തമാക്കി.

Tags:    
News Summary - students build mini satellite

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.