1. ജമന്തി ചെടികൾ നനക്കുന്ന ജൂബേഷ് ജോർജ് 2. ജൂബേഷ് ജോർജിന്റെ റോസാപ്പൂ കൃഷി
മറയൂർ: മറയൂരിൽ ജോലിക്കൊപ്പം പൂ കൃഷിയും ചെയ്ത് തൊടുപുഴ സ്വദേശി ജൂബേഷ്. മറയൂർ ബിവറേജസ് ഔട്ട്ലെറ്റിലെ മാനേജറായ തൊടുപുഴ എഴുമുട്ടം തളിപ്പറമ്പിൽ വീട്ടിൽ ജൂബേഷ് ജോർജാണ് മറയൂർ മണ്ണിലെ കളർഫുൾ കാഴ്ചയായി പൂപ്പാടം ഒരുക്കിയത്. രണ്ടുവർഷം മുമ്പ് മാനേജറായി ജോലിക്ക് എത്തിയപ്പോൾ പയസ് നഗറിൽ വാടകക്ക് വീടെടുത്തു. ചുറ്റും ഒന്നര ഏക്കറോളം സ്ഥലം വെറുതെ കിടന്നപ്പോൾ ഇതിൽ കൃഷി ചെയ്യണമെന്ന് ആഗ്രഹം തോന്നി. അങ്ങനെയാണ് മറയൂരിൽ പൂപ്പാടം ഒരുങ്ങുന്നത്.
ഒന്നര ഏക്കറോളം സ്ഥലത്ത് മഞ്ഞ, ചുവപ്പ് നിറങ്ങളിലുള്ള ജമന്തി കൃഷി ചെയ്തു. വീടിന്റെ ടെറസിലും ചെടിച്ചട്ടികളിലുമായി 40 ഇനം റോസയും നട്ടുപിടിപ്പിച്ചു. റോസ് ചെടികൾ ചട്ടിയിൽ വെച്ചിട്ടുണ്ടെങ്കിലും മണ്ണിന് പകരം പുതിയതരം അസംസ്കൃത വസ്തുക്കളാണ് ഉപയോഗിക്കുന്നത്. നിലവിൽ ജമന്തി വിളവെടുപ്പ് നടത്തുകയാണ്. ഓണം ഉൾപ്പെടെ ഉത്സവ സീസണുകളിൽ തൊടുപുഴയിലെ കടകൾക്ക് നൽകും. ഇപ്പോൾ മറയൂർ, കാന്തല്ലൂർ മേഖലയിലുള്ള ക്ഷേത്രങ്ങൾക്കാണ് വിൽപന നടത്തുന്നത്. ഒരു കിലോ ജമന്തിക്ക് 60 രൂപ ലഭിക്കുന്നുണ്ട്. വഴുതന, പച്ചമുളക്, ചീര, തക്കാളി തുടങ്ങി ഒട്ടേറെ കൃഷികളാണ് പാട്ടത്തിനെടുത്ത സ്ഥലത്തെ സമൃദ്ധമായി മാറ്റിയിരിക്കുന്നത്. പുലർച്ച ജോലിക്ക് പോകുന്നതു വരെ കൃഷിയിടത്തിൽ ചെലവാക്കും. അവധി ദിനങ്ങളിലും കൃഷിതന്നെയാണ് പ്രധാന പരിപാടി.
ചെറുപ്പം മുതലേ കൃഷിയോടുള്ള ആവേശമാണ് മറയൂരിൽ ജോലിക്കെത്തിയപ്പോഴും ഒഴിഞ്ഞ സ്ഥലത്ത് പുഷ്പ-പച്ചക്കറി കൃഷി തുടങ്ങാൻ സഹായകമായത്. തൊടുപുഴയിലെ വീടിനോട് ചേർന്ന് പൈനാപ്പിൾ കൃഷിയും ആടുവളർത്തലും അടക്കം ചെറുപ്പത്തിലേ ചെയ്തിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.