ഒരേ പത്രം മൂന്നര പതിറ്റാണ്ട് കാലമായി ഒരേ സ്ഥലത്ത് വിതരണ ചെയ്യുന്ന ഏജന്‍റ് കുഞ്ഞിമോൻ പരപ്പനങ്ങാടി
പരപ്പനങ്ങാടി: പരപ്പനങ്ങാടിക്ക് പുലരിയുടെ വെളിച്ചമാണ് കുഞ്ഞിമോൻ പരപ്പനങ്ങാടി. മൂന്നര പതിറ്റാണ്ടു കാലമായി വാർത്തകൾ ചുമന്നും പ്രാദേശിക വാർത്തകൾ കറന്നും ഇപ്പോൾ ഫീൽഡിൽ എക്സികുട്ടീവ് ജോലി കൂടി തുടർന്നും പത്രരംഗത്തെ എല്ലാ മേഖലകളിലും കുഞ്ഞിമോന്‍റെ കയ്യൊപ്പുണ്ട്.
തന്‍റെ ഇരുപത്തിമൂന്നാമത്തെ വയസിലാണ് കുഞ്ഞിമോൻ പത്ര ഏജൻസി പണിയും പ്രാദേശിക ലേഖകൻ എന്ന ഉത്തരവാദിത്വവും ഏൽക്കുന്നത്. പരപ്പനങ്ങാടിയുടെ ഒരറ്റം മുതൽ മറ്റേ അറ്റംവരെ പത്രവിതരണ ബാധ്യതയേറ്റ കുഞ്ഞിമോന് സൈക്കിൾ ഉൾപ്പടെ ഇരുചക്ര വാഹനങ്ങളൊന്നും ഓടിക്കുക അന്നും ഇന്നും വശമില്ല. പിന്നെങ്ങിനെ ഏജൻസി പണി നടക്കും എന്ന ചോദ്യത്തിന്, നടക്കും എന്ന ഇച്ചാശക്തിയോടെ അദ്ദേഹത്തിന്‍റെ ഉറച്ച മറുപടിയിന്നും എല്ലാവർക്കും മാതൃകയായി ജ്വലിച്ചു നിൽക്കുകയാണ്.
മുപ്പത്തിയഞ്ച് വർഷമായി പത്രകെട്ടുമായി കുഞ്ഞിമോൻ നടന്നുതീർത്ത വഴികൾ ഒരു പക്ഷെ നേർരേഖയിലായിരുന്നെങ്കിൽ ഈ ലോകം മുഴുവൻ നടന്നു തീർത്തതിന്‍റെ ഗിന്നസ് റെക്കോഡ് ഈ പരപ്പനങ്ങാടിക്കാരന് കിട്ടിയേനെ. സൈക്കിൾ ചവിട്ടാനറിയാതെ എങ്ങിനെ പത്രപണി നടക്കുമെന്ന് ചോദിച്ചവരൊക്കെ ഇന്ന് ഷുഗറും കൊളസ്ട്രോളും കയറി പുലർച്ചെ തെരുവിൽ തന്നോടപ്പം നടക്കുന്നത് കാണുമ്പോൾ അവർ വ്യായാമം ചെയ്യപ്പെടുന്ന അദ്ധ്വാനമോർത്ത് കുഞ്ഞിമോന്‍റെ മനസിൽ പുഞ്ചിരി മുളപ്പൊട്ടും. താൻ അന്നും ഇന്നും നടക്കുന്നത് വെറുതെയല്ല, കുടുംബത്തിന്‍റെ ഉപജീവനം കണ്ടെത്താനും വാർത്തകൾ നാട്ടുകാരെ അറിയിക്കാനുമാണ്.
സ്വന്തമായി വണ്ടികളൊന്നും കയ്യിലില്ലാതിരിന്നിട്ടും കിലോമീറ്ററുകൾ താണ്ടി ആദ്യം വായനക്കാരെ തേടിയെത്തുന്നത് കുഞ്ഞിമോന്‍റെ കയ്യിലെ പത്രങ്ങളാണ്. നീളമേറിയ നടത്തത്തിന്‍റെ ഗുണങ്ങളാവാം ശാരീരിക പ്രശ്നങ്ങളോ രോഗപീഡകളോ ഈ അമ്പത്തിയെട്ടുകാരനെ അലട്ടിയിട്ടില്ല. നടത്തത്തിന്‍റെ സുഖമറിഞ്ഞ കുഞ്ഞിമോൻ നേരത്തെയുണ്ടായിരുന്ന കച്ചവടവും രാഷ്ട്രീയ പ്രവർത്തനമടക്കം സമയം കളഞ്ഞ് വെറുതെ നടക്കുന്ന എല്ലാ ഏർപ്പാടുകളും നിറുത്തിവെച്ചു.
പത്രപ്രവർത്തനത്തിന്‍റെ എല്ലാ പരിച്ഛേദങ്ങളും സ്വന്തം ജീവിതത്തിൽ എടുത്തണിഞ്ഞു. പുലർച്ചെ പത്ര ഏജന്‍റും വിതരണക്കാരനുമായി ഉണരുന്ന കുഞ്ഞിമോൻ തുടർന്ന് വൈകുന്നേരം വരെ പത്രപണിയുടെ വെസ്റ്റ് ജില്ല ഫീൽഡ് എക്സികുട്ടിവായി ഔദോഗിക ചുമതല പൂർത്തിയാക്കും. വൈകുന്നേരം നാടണഞ്ഞ് ഉറങ്ങുന്നത് വരെ പ്രാദേശിക ലേഖകൻ എന്ന ധൃതിയേറിയ ചുമതലയിൽ മുഴുകും. രാത്രി പന്ത്രണ്ട് മണിക്ക് ഉറങ്ങി പുലർച്ചെ മൂന്നു മണിക്ക് എഴുന്നേൽക്കുന്ന ശീലത്തിനും പത്രപ്രവർത്തന കാലത്തോളം പഴക്കമുണ്ട്.
ഉപ്പയും ഉമ്മയും മരിച്ച ദിവസങ്ങൾ യാദൃശ്ചികമായി പത്ര അവധി ദിനങ്ങളിൽ പെട്ടതൊഴിച്ചാൽ, ജേഷ്ടൻ ഉൾപ്പടെ ബന്ധുക്കളും കുടുംബങ്ങളും മരിച്ചപ്പോഴും പത്രവിതരണം മുടക്കിയിട്ടില്ല. ആൺമക്കളായ ഹിഷാമുദ്ദീൻ, ശബീബ് അലി എന്നിവർ മുതിർന്നതോടെ പത്രവിതരണ രംഗത്ത് മക്കളുടെ സഹായം ഇപ്പോൾ ആശ്വാസമാകുന്നുണ്ട്. ഭാര്യ ഹസീബിന്‍റെയും മകൾ ഹസനയുടെയും പ്രാർഥനാ നിർഭരമായ പിന്തുണയും മറ്റു പത്രക്കാരുടെ സാഹോദര്യ സമീപ്യവും കുഞ്ഞിമോന് തുണയാണ്. തെരുവുനായ്കളുടെ സംഘടിത ആക്രമണങ്ങളിൽ നിന്ന് തലനാരിഴക് പലപ്പോഴും രക്ഷപെട്ട ഓർമകൾ മൂന്നര പതിറ്റാണ്ടിന്‍റെ പുലർകാല തൊഴിൽ ജീവിതത്തിലെ പുതുമ മങ്ങാത്ത ഓർമകളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.