ബിഷപ്​ മാത്യൂസ് മാര്‍ പോളികാര്‍പസ് മാവേലിക്കര ഭദ്രാസന മെത്രാപ്പോലീത്ത; നിയമനം ബിഷപ്​ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് വിരമിച്ച ഒഴിവിൽ

തിരുവനന്തപുരം: മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ മാവേലിക്കര ഭദ്രാസനത്തിന്റെ മെത്രാപ്പോലീത്തയായി തിരുവനന്തപുരം മേജര്‍ അതിഭദ്രാസന സഹായമെത്രാന്‍ ബിഷപ്​ ഡോ. മാത്യൂസ് മാർ പോളികാര്‍പസിനെ സഭയുടെ മേജര്‍ ആര്‍ച്ച്​ ബിഷപ്​ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവ നിയമിച്ചു.

നിലവിലെ മെത്രാപ്പോലീത്ത ബിഷപ്​ ജോഷ്വാ മാര്‍ഇഗ്നാത്തിയോസ് 75 വയസ്സ് പൂര്‍ത്തിയായതിനെ തുടര്‍ന്ന് സമര്‍പ്പിച്ച രാജി മാര്‍ ക്ലീമിസ് ബാവ സ്വീകരിച്ചു. പുതിയ മെത്രാപ്പോലീത്ത ചുമതലയേല്‍ക്കുന്നതുവരെ മാര്‍ ഇഗ്നാത്തിയോസിനെ ഭദ്രാസന അഡ്മിനിസ്‌ട്രേറ്ററായി ചുമതലപ്പെടുത്തി. ഇത് സംബന്ധിച്ച മലങ്കര സുറിയാനി കത്തോലിക്ക സഭയുടെ എപ്പിസ്‌കോപ്പല്‍ സുനഹദോസിന്റെ തീരുമാനം മേജര്‍ ആര്‍ച്ച്​ ബിഷപ്​ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്ക ബാവയാണ് പ്രഖ്യാപിച്ചത്.

തിരുവനന്തപുരം മേജര്‍ അതിഭദ്രാസനം വിഭജിച്ച് 2007 ജനുവരി രണ്ടിനാണ് മാവേലിക്കര ഭദ്രാസനം നിലവില്‍ വന്നത്. 96 ഇടവകകളുള്ള ഭദ്രാസനത്തില്‍ 18 വര്‍ഷക്കാലത്തെ ഇടയ ശുശ്രൂഷ നല്‍കിയിട്ടാണ് ബിഷപ്​ മാര്‍ ഇഗ്നാത്തിയോസ് വിരമിക്കുന്നത്. മാവേലിക്കര അമലഗിരി ബിഷപ്​ ഹൗസ്, പുന്നമൂട് സെന്റ് മേരീസ് കത്തീഡ്രല്‍, കല്ലുമല മാര്‍ ഇവാനിയോസ് മൈനര്‍ സെമിനാരി, പുന്നമൂട് ഭദ്രാസന പാസ്റ്ററല്‍ സെന്റര്‍, കായംകുളം ചേതന സോഷ്യല്‍ സര്‍വിസ് സൊസൈറ്റി, മാവേലിക്കര ഭദ്രാസന പ്രീസ്റ്റ് ഹോം, മാവേലിക്കര മാര്‍ ഇവാനിയോസ് കോളജ്, പുലിയൂര്‍ മാര്‍ ഇവാനിയോസ് ലോ കോളജ്, ചേപ്പാട് ക്രൈസ്റ്റ്‌സ് കിങ്​ ഹയര്‍സെക്കൻഡറി സ്‌കൂള്‍ എന്നിവയുടെ സ്ഥാപനത്തിനും നേതൃത്വം നല്‍യിട്ടുണ്ട്.

കെ.സി.ബി.സി പ്രസിഡന്റ്, സി.ബി.സി.ഐ വൈസ് പ്രസിഡന്റ്, കെ.സി.ബി.സി, സി.ബി.സി.ഐ വിവിധ കമീഷനുകളുടെ ചെയര്‍മാന്‍ എന്നിവയുടെ നേതൃനിരയിലും ബിഷപ്​ ജോഷ്വാ മാര്‍ ഇഗ്നാത്തിയോസ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

Tags:    
News Summary - Bishop Mathews Mar Polycarpus, Metropolitan of Mavelikara Diocese

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2025-08-02 06:54 GMT
access_time 2025-08-01 05:45 GMT