കൊണ്ടോട്ടി: കഴിഞ്ഞ തവണ ഹജ്ജിന് സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന അപേക്ഷ നല്‍കി കാത്തിരിപ്പുപട്ടികയില്‍ ഉള്‍പ്പെടുകയും തീര്‍ഥാടനത്തിന് അവസരം ലഭിക്കാതിരിക്കുകയും ചെയ്തവര്‍ക്ക് അടുത്ത വര്‍ഷത്തെ തീര്‍ഥാടനത്തിന് പ്രത്യേക പരിഗണന നല്‍കി പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി.
കഴിഞ്ഞ തവണ അവസരം ലഭിക്കാത്തവര്‍ക്ക് പൊതുപട്ടികയേക്കാള്‍ പരിഗണന നല്‍കേണ്ടതുണ്ടെന്ന സംസ്ഥാന ഹജ്ജ് കമ്മിറ്റിയുടെ ആവശ്യം പരിഗണിച്ച് ഹജ്ജ് കാര്യ മന്ത്രി വി. അബ്ദുറഹ്മാന്‍ കേന്ദ്ര ഹജ്ജ് കമ്മിറ്റിക്കു നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് സംസ്ഥാന ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍ ഡോ. ഹുസൈന്‍ സഖാഫി ചുള്ളിക്കോട് പറഞ്ഞു.
അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജിന് അപേക്ഷിക്കാനുള്ള അവസാന തീയതി ഈ മാസം 31 വരെയാണ്. നിലവിൽ അപേക്ഷ നല്‍കിയ കഴിഞ്ഞ വര്‍ഷത്തെ അപേക്ഷകരോട് ആവശ്യമായ മാറ്റങ്ങള്‍ വരുത്താൻ ഹജ്ജ് കമ്മിറ്റി നിര്‍ദേശങ്ങള്‍ നല്‍കി. സ്വീകാര്യമായ അപേക്ഷകള്‍ക്ക് കഴിഞ്ഞ ദിവസം കവര്‍ നമ്പര്‍ അനുവദിച്ചുതുടങ്ങിയിട്ടുണ്ട്. അടുത്ത വര്‍ഷത്തേക്കുള്ള ഹജ്ജ് പരിശീലകരെ തിരഞ്ഞെടുക്കാനുള്ള നടപടികളും പുരോഗമിക്കുകയാണ്.
ആയിരത്തിലധികം അപേക്ഷകളാണ് പരിശീലകരാകാന്‍ ലഭിച്ചത്. അപേക്ഷ സമര്‍പ്പിച്ച യോഗ്യരായവര്‍ക്കുള്ള കൂടിക്കാഴ്ച ഈ 30, 31 തീയതികളില്‍ ഹജ്ജ് ഹൗസിലും ആഗസ്റ്റ് രണ്ടിന് കണ്ണൂരിലും അഞ്ചിന് കൊച്ചി വഖഫ് ബോര്‍ഡ് ഓഫിസിലും നടക്കുമെന്ന് അസിസ്റ്റന്റ് സെക്രട്ടറി ജാഫര്‍ കക്കൂത്ത് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.