ഒരേ വംശത്തിൽ സഹോദരന്മാരായി പിറന്നാൽപ്പോലും അവരുടെ അവബോധവും മൂല്യവീക്ഷണങ്ങളും ഉൾക്കാഴ്ചകളും പ്രയോഗങ്ങളും വ്യത്യസ്തമാവാം എന്ന യാഥാർഥ്യമാണ് രാവണൻ, കുംഭകർണൻ, വിഭീഷണൻ എന്നിവരിലൂടെ ആദികവി വരച്ചുകാണിക്കുന്നത്. സഹോദരിയായ ശൂർപ്പണഖക്കേറ്റ അപമാനം തനിക്കെതിരെ ഉയർന്ന വെല്ലുവിളിയായാണ് രാവണൻ കണ്ടത്. ശ്രീരാമനെ ഉപേക്ഷിച്ച് സീത തനിക്ക് വശംവദയാകുമെന്ന് അദ്ദേഹം കണക്കുകൂട്ടി. രാമദൂതനായ ഹനുമാൻ ലങ്കാദഹനം നടത്തി മുന്നറിയിപ്പ് കൊടുത്തപ്പോളും, യുദ്ധത്തിൽ മക്കളും സഹോദരന്മാരും സൈന്യങ്ങളും ഒന്നൊന്നായി കൊല്ലപ്പെട്ടപ്പോഴും രാവണന്റെ തീരുമാനങ്ങൾക്ക് മാറ്റമുണ്ടായില്ല. ഒടുവിൽ സർവസന്നാഹങ്ങളോടെ യുദ്ധത്തിനിറങ്ങി രാമനാൽ വധിക്കപ്പെടുകയാണുണ്ടായത്.
യുദ്ധം തുടങ്ങിയ ശേഷമാണ് രാവണന്റെ നിർദേശമനുസരിച്ച് കുംഭകർണനെ വിളിച്ചുണർത്തുന്നത്. വരുംവരായ്കകൾ ചിന്തിക്കാതെ, നീതിയും അനീതിയും തിരിച്ചറിയാതെ ഉണ്ടായ ഫലമാണിതെല്ലാം എന്നൊക്കെ കുംഭകർണൻ രാവണനോട് പറയുന്നുണ്ട്. ഭരണകർത്താവ് മിത്രങ്ങളെപ്പോലെ വർത്തിക്കുന്ന ശത്രുക്കളെയും അവരുടെ വ്യവഹാരങ്ങളെയും തിരിച്ചറിഞ്ഞില്ലെങ്കിൽ സ്വസ്ഥാനങ്ങളിൽനിന്ന് അവർ ഭ്രഷ്ടരാക്കപ്പെടും. അങ്ങയുടെ ഭാര്യയും വിഭീഷണനും നൽകിയ ഉപദേശമാണ് ഹിതകരം എന്ന് തിരിച്ചറിഞ്ഞ് ഇച്ഛിക്കുന്നതുപോലെ പ്രവർത്തിക്കാൻ ഉപദേശിക്കുന്ന കുംഭകർണനെ വാത്മീകിരാമായണത്തിൽ കാണാം. ഒടുവിൽ ആത്മാർപ്പണത്തിലൂടെ സഹോദരനോടുള്ള കടപ്പാട് അദ്ദേഹം നിർവഹിക്കുന്നു.
രാമലക്ഷ്മണന്മാർ വാനരപ്പടയോടൊപ്പം ലങ്കയിൽ പ്രവേശിച്ചതിനെത്തുടർന്ന് നടന്ന കൂടിയാലോചനാ യോഗത്തിൽ അനുജനായ വിഭീഷണനൊഴികെ മറ്റെല്ലാവരും രാവണന് യുദ്ധത്തിന് പിന്തുണ നൽകുകയാണുണ്ടായത്. ജ്യേഷ്ഠൻ ചെയ്തത് വലിയ തെറ്റാണെന്നും സീതയെ തിരികെക്കൊടുത്ത് രാമനോട് മാപ്പപേക്ഷിക്കണമെന്നും വിഭീഷണൻ ആവശ്യപ്പെടുന്നു. കുപിതനായ രാവണൻ വിഭീഷണനെ ലങ്കയിൽനിന്ന് ആട്ടിയോടിച്ചപ്പോൾ രാമപക്ഷം ചേർന്ന് രാഷ്ട്രീയവും സൈനികവുമായ എല്ലാ വിവരങ്ങളും അദ്ദേഹം രാമന് കൈമാറി.
ഇതാണ് യുദ്ധവിജയത്തിൽ സുപ്രധാനമായ പങ്കുവഹിച്ചത്. രക്തബന്ധം നോക്കാതെ ധർമത്തിന്റെ പക്ഷത്ത് നിലയുറപ്പിക്കുകയാണ് വിഭീഷണൻ ചെയ്തത്. പുലസ്ത്യവംശം കുറ്റിയറ്റു പോകാതിരിക്കാനും ധാർമികതയുടെയും നൈതികയുടെയും വഴിയിൽ അവശേഷിക്കുന്നവരെ നയിക്കാനും അതിടയാക്കി. സീതാപഹരണവും അനന്തര സംഭവങ്ങളുമായി വിലയിരുത്തുമ്പോൾ രാവണൻ രാജസികവും കുംഭകർണൻ താമസികവും വിഭീഷണൻ സാത്വികവുമായ മൂല്യങ്ങളെയാണ് പ്രതിനിധാനം ചെയ്തതെന്ന് പറയാം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.