അഞ്ചുതരത്തിലുള്ള പാപങ്ങളും ഇല്ലാതാക്കുന്ന പഞ്ചകന്യകമാരിൽ ഒരാളാണ് സീതാദേവി.‘‘സത്തും പവിത്രവും പുണ്യവുമായ എന്തിനും ഭാരതത്തിലുള്ള നാമമാണ് സീത. സ്ത്രീയിലുള്ള എല്ലാറ്റിനെയും ഞങ്ങൾ സീതയെന്ന് പറയുന്നു’’എന്നാണ് വിവേകാനന്ദ സ്വാമികൾ അരുളുന്നത്. സന്താനലബ്ധിക്കായി നടത്തിയ യാഗത്തിന്റെ ഫലമാണ് രാമലക്ഷ്മണാദികളെങ്കിൽ യാഗശേഷം ഭൂമി ഉഴുതുമറിച്ചപ്പോൾ കിട്ടിയ അമൂല്യനിധിയാണ് സീത.
രക്ഷിതാക്കൾ ആരെന്നറിയാത്ത അവരെ ഭൂമിപുത്രിയായി ലോകം വാഴ്ത്തി. ജനകന്റെ വളർത്തുപുത്രിയായതുകൊണ്ട് ജാനകിയായും മിഥിലയിൽ, അഥവാ വിദേഹത്തിൽ വളർന്നതുകൊണ്ട് മൈഥിലിയായും വൈദേഹിയായും അറിയപ്പെട്ടു. ഭർത്താവായ ശ്രീരാമനോടൊപ്പം യാതൊരു പരാതിയും പരിഭവവും പറയാത്ത ധർമപത്നിയായി അവർ വനവാസത്തിനിറങ്ങി. തട്ടിക്കൊണ്ടുപോയ രാവണന്റെ പ്രലോഭനങ്ങൾക്കൊന്നും വഴങ്ങാതെ, പാതിവ്രത്യത്തിന് ഇളക്കം തട്ടാതെ ലങ്കയിൽ കഴിഞ്ഞു.
ചാരിത്ര്യ സന്ദേഹം വന്നതുകൊണ്ട് തന്റെ മുന്നിൽ നിൽക്കുന്ന സീത നേത്രരോഗിക്ക് ദീപംപോലെ തനിക്ക് അഹിതയായിരിക്കുന്നു എന്നും പത്തുദിക്കിൽ ഏതിലേക്കുവേണമെങ്കിലും പോകാമെന്നും ലക്ഷ്മണനെയോ ഭരതനെയോ ശത്രുഘ്നനെയോ സുഗ്രീവനെയോ വിഭീഷണനെയോ ഇഷ്ടംപോലെ സ്വീകരിക്കാമെന്നുമൊക്ക (വാത്മീകി രാമായണം–യുദ്ധകാണ്ഡം–115–17–23) ശ്രീരാമൻ നിർദാക്ഷിണ്യം പറഞ്ഞത് ഇത്തരമൊരു വ്യക്തിത്വത്തോടായിരുന്നു!! സീതയുടെ പരിശുദ്ധിയെക്കുറിച്ച് അഗ്നി സാക്ഷ്യപ്പെടുത്തുമ്പോൾ മൂന്നുലോകത്തിലും വിശുദ്ധയായ മൈഥിലിയെ സത്പൂരുഷന് കീർത്തിയെ എന്നപോലെ തനിക്ക് ഉപേക്ഷിക്കാനാകില്ലെന്നാണ് രാമൻ പറഞ്ഞത്. പ്രപഞ്ചശക്തികളുടെ സാക്ഷ്യവും ആത്മബോധ്യവുമുള്ള വസ്തുത പിന്നീടുണ്ടായ ജനാപവാദത്തിൽ ദുർബലമാവുകയും ഗർഭിണിയായ സീതയെ ശ്രീരാമന്റെ നിർദേശമനുസരിച്ച് ലക്ഷ്മണൻ വാത്മീക്യാശ്രമത്തിന് സമീപത്തുള്ള വനത്തിൽ ഉപേക്ഷിക്കുകയും ചെയ്യുന്നു.
സീത പരിശുദ്ധയാണെന്ന് രാജസദസ്സിൽ വാത്മീകി സാക്ഷ്യപ്പെടുത്തുമ്പോൾ ലോകാപവാദം കേട്ടതുകൊണ്ടാണ് പാപമില്ലാത്തവളെന്ന് അറിഞ്ഞിട്ടും സീതയെ ഉപേക്ഷിക്കേണ്ടിവന്നതെന്നുപറഞ്ഞ് രാമൻ മാപ്പിരക്കുന്നുണ്ട്. എന്നിട്ടും ഒരിക്കലും കെട്ടടങ്ങാത്ത, വീണ്ടും വീണ്ടും ചോദ്യം ചെയ്യപ്പെടാൻ ഇടയുള്ള സന്ദേഹങ്ങളുടെയെല്ലാം മുന്നിൽ പ്രാണാഹുതി നടത്തുന്ന, സർവ്വംസഹയായ ഭൂമി പിളർന്നുപോകുന്ന സീത സ്ത്രീത്വത്തിന്റെ പരമമായ സ്വയംനിർണയാവകാശത്തെ എല്ലാ അർഥത്തിലും സാക്ഷാത്കരിച്ച മഹിതവൈഭവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.