സീതയുടെ അന്തർധാനത്തോടെ അയോധ്യ ശോകമൂകമായി, ദുർന്നിമിത്തങ്ങളും കണ്ടുതുടങ്ങി. അന്നൊരിക്കൽ മൃത്യുദേവനായ യമധർമ്മൻ താപസവേഷം ധരിച്ച് അയോധ്യയിലെത്തുന്നു. ശ്രീരാമൻ അദ്ദേഹത്തെ സ്വീകരിച്ച് കുശലപ്രശ്നം ചെയ്തപ്പോൾ അതീവ രഹസ്യമായൊരു കാര്യം തനിക്ക് അറിയിക്കാനുണ്ടെന്നും അതിനിടയിൽ വേറെയാരെങ്കിലും കേൾക്കുകയോ കാണുകയോ ചെയ്താൽ അയാളെ വധിക്കുമെന്ന് വാക്കുനൽകണമെന്നും ഉണർത്തിച്ചു.
കാര്യം ധരിപ്പിച്ച് കാവൽക്കാരെ മാറ്റി ലക്ഷ്മണനെ അവിടെ നിർത്തി. അവതാരോദ്ദേശ്യം പൂർത്തിയാക്കിയ ശ്രീരാമൻ തിരിച്ചുവരുന്നതുമായി ബന്ധപ്പെട്ട സംഭാഷണം പുരോഗമിക്കവേ, അവിടെ വന്ന ദുർവാസാവ് മഹർഷി രാമനെ അടിയന്തരമായി കാണുന്നതിന് തിടുക്കം കൂട്ടി. നിലവിലെ സാഹചര്യം പറഞ്ഞപ്പോൾ ശപിച്ച് രാജ്യവും കുലവും മുടിക്കുമെന്ന് ആക്രോശിച്ചു. താൻമൂലം സർവനാശം ഉണ്ടാകരുതെന്ന് തീരുമാനിച്ച് ലക്ഷ്മണൻ രാമനെ നേരിട്ടുകണ്ട് കാര്യങ്ങൾ ബോധിപ്പിച്ചു. എന്ത് ഉപേക്ഷിച്ചും പ്രതിജ്ഞപാലിക്കുന്ന രാമൻ വധവും ത്യാഗവും ഒരുപോലെയായതുകൊണ്ട് ലക്ഷ്മണനെ ഉപേക്ഷിക്കുന്നതായി പ്രഖ്യാപിച്ചു.
സീതയുടെയും ലക്ഷ്മണന്റെയും വിയോഗത്തിൽ അസ്വസ്ഥചിത്തനായ രാമൻ ഭൂമിയിലെ വാസം അവസാനിപ്പിക്കാൻ തീരുമാനിച്ചു. മക്കളുടെ അഭിഷേകം നടത്തി ഭരതശത്രുഘ്നന്മാരോടൊപ്പം മഹാപ്രസ്ഥാനത്തിനിറങ്ങി. വാനരന്മാരും രാക്ഷസന്മാരും പൗരജനങ്ങളും മറ്റ് ജീവജാലങ്ങളുമെല്ലാം രാമനെ പിന്തുടർന്നു. സരയൂനദിയിൽ സഹോദരന്മാർക്കൊപ്പം ദേഹത്യാഗം ചെയ്ത് സ്വരൂപത്തിലേക്ക് മടങ്ങിയശേഷം തന്നോടൊത്ത് വന്നവർക്കും അദ്ദേഹം പരലോകത്ത് ഉന്നതസ്ഥാനങ്ങൾ ഉറപ്പാക്കി.
രാമകഥയുടെ ഗതിവിഗതികളെ തീരുമാനിക്കുന്നതും നിയന്ത്രിക്കുന്നതും ആചരണത്തിൽ വിട്ടുവീഴ്ചയില്ലാത്ത വാക്കുകളാണ്. കൈകേയിക്ക് തന്റെ അച്ഛൻ കൊടുത്ത വാക്ക് പാലിക്കുന്നതിനാണ് അധികാരം ഉപേക്ഷിച്ച് ശ്രീരാമൻ വനവാസത്തിനിറങ്ങിയത്. സുഗ്രീവനുമായി സഖ്യം നടത്തുമ്പോൾ നൽകിയ വാഗ്ദാനമാണ് ബാലിവധം. കാഷായവേഷത്തിൽ വന്ന യമധർമ്മന് കൊടുത്ത വാക്ക് പാലിക്കാനാണ് ലക്ഷ്മണനെ ഉപേക്ഷിച്ചത്. സത്യവിശുദ്ധിയാർന്ന് പ്രാണനിലൂടെ പുറത്തേക്കു വരുന്ന ഹൃദയസ്പർശമുള്ള വാക്കിന്റെ മൂല്യത്തെ വ്യക്തിബന്ധങ്ങൾ മറന്നും പ്രാണൻ ത്യജിച്ചും പരിപാലിക്കുകയും പ്രവർത്തിപ്പിക്കുകയും ചെയ്യുന്ന നീതിബോധത്തിലുമാണ് രാമേതിഹാസത്തിന്റെ അടിവേരുകൾ പടർന്നുകിടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.