മലപ്പുറം: ഇല്ലായ്മയുടെ ജീവിതപരിസരത്ത് നിന്ന് കഠിനാധ്വാനത്തിലൂടെ വിജയവഴിയിലെത്തിയ കഥയാണ് ഭക്ഷ്യസംരംഭകയായ മലപ്പുറം സ്പിന്നിങ് മില്‍ സ്വദേശിനി കളത്തിങ്കല്‍ ഷെരീഫക്ക് പറയാനുള്ളത്. പത്ത് ഉണ്ണിയപ്പത്തില്‍ തുടങ്ങി, വന്‍ പാര്‍ട്ടി ഓര്‍ഡറുകള്‍ വരെ സ്വീകരിക്കുന്ന കാറ്ററിങ്, പ്രീമിയം ഹോട്ടൽ ഉടമയാണ് ഇന്ന് ഷരീഫ. ഓരോ സ്വപ്നവും യാഥാര്‍ഥ്യമാക്കി ആത്മവിശ്വാസത്തോടെ മുന്നേറാൻ കുടുംബശ്രീയാണ് ഇവർക്ക് കരുത്ത് പകർന്നത്.
മക്കളുടെ വിശപ്പടക്കുക, ഒപ്പം അടച്ചുറപ്പുള്ള സ്വന്തം വീട്ടില്‍ കിടന്നുറങ്ങുകയെന്ന സ്വപ്നം മാത്രമായിരുന്നു 13 വർഷങ്ങൾക്ക് മുമ്പ് ഷെരീഫക്കുണ്ടായിരുന്നത്. പെയിന്റിങ് പണിക്കാരനായ ഭര്‍ത്താവ് സക്കീറിന് മഴക്കാലത്ത് പണിയുണ്ടായിരുന്നില്ല. വീട്ടിലെ അടുപ്പ് പുകയാനാണ് ഇവർ ഉണ്ണിയപ്പം കച്ചവടം തുടങ്ങിയത്. 2012ൽ അയല്‍വാസിയോട് കടം വാങ്ങിയ 100 രൂപയുമായി പത്ത് പാക്കറ്റ് ഉണ്ണിയപ്പമാണ് ഉണ്ടാക്കിയത്. ചെലവായില്ലെങ്കില്‍ തിരിച്ചെടുക്കാമെന്ന ഉറപ്പില്‍ തൊട്ടടുത്ത പലചരക്ക് കടയിൽ വെച്ചു. ഈ സമയം ചുറ്റുമുണ്ടായിരുന്നവരുടെ പരിഹാസങ്ങളും ഇവർ ഓർക്കുന്നു. എന്നാല്‍, ഉണ്ണിയപ്പം വന്‍ ഹിറ്റായി. ആവശ്യക്കാരേറി, കടകളുടെ എണ്ണം കൂടി. ഉണ്ണിയപ്പത്തോടൊപ്പം പത്തിരിയുടെയും ചപ്പാത്തിയുടെയും ഓര്‍ഡറുകള്‍ പിടിച്ചു.
2018 ആയപ്പോഴേക്കും ഇവരുടെ ‘മുത്തൂസ് കാറ്ററിങ്’ കുടുംബശ്രീയുടെ ഭാഗമായി. അന്നത്തെ ജില്ല മിഷന് കോഓഡിനേറ്റർ ഹേമലത മുൻകൈയെടുത്ത് രണ്ട് ലക്ഷം രൂപ വായ്പ നല്കി. ഇവരുടെ നിർദേശപ്രകാരം സിവില്‍ സ്റ്റേഷനിലെ ഉദ്യോഗസ്ഥര്‍ക്ക് ഉച്ചഭക്ഷണം എത്തിക്കാൻ തുടങ്ങി.
കോവിഡ്കാലത്ത് മഞ്ചേരി മെഡിക്കല്‍ കോളജിലെ കോവിഡ് രോഗികള്‍ക്ക് ഭക്ഷണം എത്തിക്കുന്ന ദൗത്യം ഏറ്റെടുത്തു. ദിവസവും 2000 പേര്‍ക്ക് ബ്രേക്ക് ഫാസ്റ്റും കഞ്ഞിയും എത്തിച്ചു. കുടുംബശ്രീ നിർദേശപ്രകാരം കോട്ടക്കല്‍ ആയുര്‍വേദ കോളേജിന്റെയും പിന്നീട് സെൻട്രൽ സ്കൂളിന്റെയും കാന്റീനുകൾ ഏറ്റെടുത്തു. അപ്പോഴേക്കും കുടുംബശ്രീയുടെ കാറ്ററിങ് ഓര്‍ഡറുകളും കിട്ടിത്തുടങ്ങി. ഇതിനിടെ കോട്ടക്കലിൽ ഒരു ഹോട്ടൽ വാങ്ങി നടത്താന്‍ തുടങ്ങി. ഭര്‍ത്താവ് സക്കീറും കൂടെ നിന്നു.
പിന്നീടാണ് പ്രീമിയം ഹോട്ടൽ എന്ന സ്വപ്നസാക്ഷാത്കാരത്തിലേക്ക് എത്തുന്നത്. കോട്ടക്കല്‍ ബസ് സ്റ്റാൻഡിന് പിന്നിൽ സ്ഥലം ലഭിച്ചതോടെ ‘കഫേ കുടുംബശ്രീ’ എന്ന പ്രീമിയം ഹോട്ടലും യാഥാർഥ്യമായി. കേരളീയ വിഭവങ്ങളും അറബിക്, ചൈനീസ് വിഭവങ്ങളും ഒപ്പം മലപ്പുറത്തിന്റെ തനത് രുചിക്കൂട്ടുകളും ലഭ്യമാണ്. 30 സ്ഥിരം ജീവനക്കാരും നിരവധി താല്‍ക്കാലിക ജീവനക്കാരും ഷെരീഫക്ക് കീഴിലുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.