മംഗളൂരു: കർണാടക ഉപരിനിയമസഭയായ ലെജിസ്ലേറ്റിവ് കൗൺസിലിലെ ഒഴിവുള്ള സ്ഥാനങ്ങളിലേക്ക് നാല് അംഗങ്ങളെ നാമനിർദേശം ചെയ്തുകൊണ്ട് സംസ്ഥാന സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചു. എൻ.ആർ.ഐ ഫോറം വൈസ് പ്രസിഡന്റ് ഡോ. ആരതി കൃഷ്ണ, കെ.പി.സി.സി കമ്യൂണിക്കേഷൻ ആൻഡ് മീഡിയ സെൽ പ്രസിഡന്റ് രമേശ് ബാബു, മുതിർന്ന മാധ്യമപ്രവർത്തകൻ ഡോ. കെ. ശിവകുമാർ, ദലിത് നേതാവ് എഫ്.എച്ച്ഴ ജക്കപ്പനവർ എന്നിവരാണ് എം.എൽ.സിമാരാകുന്നത്.
കോൺഗ്രസ് നേതാക്കളായ യുബി വെങ്കിടേഷ്, പ്രകാശ് കെ. റാത്തോഡ് എന്നിവരുടെയും ജെ.ഡി (എസ്) നേതാവ് കെ.എ. തിപ്പേസ്വാമിയുടെയും കാലാവധി പൂർത്തിയായതിനെത്തുടർന്നാണ് ഒഴിവുകളുണ്ടായത്. ചന്നപട്ടണ ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കാൻ സി.പി. യോഗേശ്വർ രാജിവെച്ചതോടെ മറ്റൊരു സീറ്റും ഒഴിഞ്ഞുകിടന്നു. ജെ.ഡി (എസ്) മുൻ എം.എൽ.സി ആയിരുന്ന രമേശ് ബാബു, പിന്നീട് പാർട്ടി നേതൃത്വത്തിനെതിരെ മത്സരിച്ച് കോൺഗ്രസിൽ ചേർന്നു. നിലവിൽ പാർട്ടി വക്താവായി സേവനമനുഷ്ഠിക്കുന്നു.
മുതിർന്ന കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ ബെഗനെ രാമയ്യയുടെ മകളായ ഡോ. ആരതി കൃഷ്ണ വളരെക്കാലമായി കോൺഗ്രസ് പാർട്ടിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നു. കെ.പി.സി.സി എൻ.ആർ.ഐ സെല്ലിന്റെ ആദ്യ ചെയർപേഴ്സനായ അവർ വാഷിങ്ടൺ ഡി.സിയിലെ ഇന്ത്യൻ എംബസിയിൽ കമ്യൂണിറ്റി ഡെവലപ്മെന്റ് ഓഫിസറായി സേവനമനുഷ്ഠിച്ചു. വിദേശ ഇന്ത്യൻ കാര്യ മന്ത്രാലയത്തിന്റെ ഇന്ത്യ ഡെവലപ്മെന്റ് ഫൗണ്ടേഷനിൽ ഉപദേഷ്ടാവായും സേവനമനുഷ്ഠിച്ചു. കൃഷ്ണ ഫൗണ്ടേഷൻ എന്ന എൻ.ജി.ഒയിലൂടെ ഗ്രാമീണ കർണാടകയിലെ വിദ്യാഭ്യാസം മെച്ചപ്പെടുത്തുന്നതിനായി അവർ പ്രവർത്തിച്ചിട്ടുണ്ട്.
മൈസൂരു യൂനിവേഴ്സിറ്റിയിൽനിന്ന് പൊളിറ്റിക്കൽ സയൻസിൽ ബിരുദാനന്തര ബിരുദവും വാഷിങ്ടണിലെ ജോർജ് മേസൺ യൂനിവേഴ്സിറ്റിയിൽനിന്ന് ഇന്റർനാഷനൽ കോമേഴ്സ് ആൻഡ് പബ്ലിക് പോളിസിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുണ്ട്. കുവേംപു യൂനിവേഴ്സിറ്റി അവർക്ക് ഓണററി ഡോക്ടറേറ്റും നൽകി. ചിക്കമഗളൂരു സ്വദേശിയായ ആരതി കൃഷ്ണ ഉഡുപ്പിയിൽ താമസക്കാരിയാണ്.
കോലാർ ജില്ലയിലെ ബംഗാർപേട്ടിൽനിന്നുള്ള ഡോ. കെ. ശിവകുമാർ കൃഷ്ണപ്പയുടെയും എരമ്മയുടെയും മകനാണ്. നിലവിൽ ദ ന്യൂ ഇന്ത്യൻ എക്സ്പ്രസിന്റെ റെസിഡന്റ് എഡിറ്ററായ അദ്ദേഹം ദി ഇന്ത്യൻ എക്സ്പ്രസിൽ ചേരുന്നതിന് മുമ്പ് ആന്ദോളന ദിനപത്രത്തിലൂടെയാണ് പത്രപ്രവർത്തന ജീവിതം ആരംഭിച്ചത്. പിഎച്ച്.ഡി നേടിയിട്ടുള്ള അദ്ദേഹം പത്രപ്രവർത്തനത്തിൽ വിശിഷ്ടമായ കരിയർ നയിച്ചിട്ടുണ്ട്. പ്രമുഖ ദലിത് നേതാവായ എഫ്.എച്ച്. ജക്കപ്പനവറും കൗൺസിലിലേക്ക് നാമനിർദേശം ചെയ്യപ്പെട്ടിട്ടുണ്ട്. ട്രേഡ് യൂനിയൻ പ്രസിഡന്റായ അദ്ദേഹം മുമ്പ് കോൺഗ്രസ് ദലിത് സെല്ലിന്റെ സംസ്ഥാന പ്രസിഡന്റായും സേവനമനുഷ്ഠിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.