ആർ.എസ്.എസ് ഗീതം പാടിയ ഡി.കെ. ശിവകുമാർ മാപ്പുപറയണമെന്ന് കോൺഗ്രസ് നേതാവ്

ബംഗളൂരു: ആർ.എസ്.എസ് ഗണഗീതം നിയമസഭയിൽ പാടിയ കർണാടക ഉപമുഖ്യമന്ത്രിയും കെ.പി.സി.സി അധ്യക്ഷനുമായ ഡി.കെ. ശിവകുമാർ മാപ്പുപറയണമെന്ന് കോൺഗ്രസ് മുൻ എം.പിയും നിലവിൽ എം.എൽ.സിയുമായ ബി.കെ. ഹരിപ്രസാദ് ആവശ്യപ്പെട്ടു. ശിവകുമാർ ആരെ പ്രീണിപ്പിക്കാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.

സ്വതന്ത്ര ഇന്ത്യയിൽ മൂന്നു തവണ നിരോധിക്കപ്പെട്ട പ്രസ്ഥാനമാണ് ആർ.എസ്.എസ്. കർണാടക ഉപമുഖ്യമന്ത്രി എന്ന നിലയിൽ ശിവകുമാർ ആർ.എസ്.എസ് ഗീതം പാടുന്നതിന് വിരോധമില്ല. കാരണം, ഉപമുഖ്യമന്ത്രി പദവി സർക്കാറന്റേതാണ്. സർക്കാർ എന്നത് ഈ സംസ്ഥാനത്തെ എല്ലാ ജനങ്ങൾക്കും വേണ്ടിയുള്ളതാണ്. എന്നാൽ, ശിവകുമാർ കോൺഗ്രസിന്റെ കർണാടക അധ്യക്ഷൻ കൂടിയാണ്- ഹരിപ്രസാദ് പറഞ്ഞു.

ആഗസ്റ്റ് 21ന് നിയമസഭയിൽ ഗണഗീതം പാടിയ ശിവകുമാർ എല്ലാവരെയും ഞെട്ടിച്ചിരുന്നു. കോൺഗ്രസ് അധ്യക്ഷൻ എന്ന നിലയിലാണ് അത് പാടിയതെങ്കിൽ അദ്ദേഹം മാപ്പ് പറയണം. മഹാത്മ ഗാന്ധിയെ കൊലപ്പെടുത്തിയ ഒരു സംഘടനയുടെ ഗീതം പാടുന്നത് ശരിയായ രീതിയല്ല. കർഷകൻ, ക്വാറി ഉടമ, വിദ്യാഭ്യാസ പ്രവർത്തകൻ, വ്യവസായി, രാഷ്ട്രീയക്കാരൻ ശിവകുമാറിന് പല മുഖങ്ങളുണ്ട്. അതുപോലെ ഒന്നാകും ആർ.എസ്.എസ് പ്രവർത്തകനെന്നതും. ആർ.എസ്.എസുമായി ബന്ധമുള്ള ഒരു പാർട്ടിയുമായും കോൺഗ്രസ് ഒരിക്കലും ചേർന്നു പ്രവർത്തിക്കില്ലെന്നും ഹരിപ്രസാദ് വ്യക്തമാക്കി.

അതേസമയം, വിഷയത്തിൽ പ്രതികരണവുമായി കർണാടക മന്ത്രി എച്ച്.സി. മഹാദേവപ്പ, മൈസൂരു നരസിംഹ രാജ നഗർ കോൺഗ്രസ് എം.എൽ.എ തൻവീർസേട്ട് എന്നിവർ ശിവകുമാറിനെ പിന്തുണച്ച് രംഗത്തെത്തി. ശിവകുമാർ ബി.ജെ.പിയിൽ ചേരാൻപോകുന്നില്ലെന്ന് അവർ പറഞ്ഞു. ‘താനുമൊരു ഹിന്ദുവാണെന്നാണ് ശിവകുമാർ പറഞ്ഞത്. ആർ.ആർ.എസ് ആശയങ്ങൾക്കെതിരെ കോൺഗ്രസ് പോരാട്ടം തുടരും. മതേതരത്വം, ജനാധിപത്യം, ഭരണഘടന എന്നിവയിൽ വിശ്വസിക്കുന്നവർ ആർ.എസ്.എസിനെ എതിർക്കും’ -എച്ച്.സി. മഹാദേവപ്പ പറഞ്ഞു.

ആർ.എസ്.എസ് ഗീതം പാടിയതുകൊണ്ടുമാത്രം ശിവകുമാർ ബി.ജെ.പിക്ക് അനുകൂലമാണെന്ന് പറയാനാവില്ലെന്ന് തൻവീർസേട്ട് എം.എൽ.എ പറഞ്ഞു. ശിവകുമാർ വിഷയത്തിൽ ഇപ്പോൾ ഒന്നും പ്രതികരിക്കാനില്ലെന്ന് ആഭ്യന്തര മന്ത്രി ഡോ.ജി. പരമേശ്വര പറഞ്ഞു.  

Tags:    
News Summary - RSS anthem in Assembly: B K Hariprasad demands apology from D K Sivakumar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.