ബംഗളൂരു: കർണാടകയിൽ രജിസ്റ്റർ ചെയ്ത ഒരു ലക്ഷത്തോളം കുടിയേറ്റ തൊഴിലാളികളിൽ 85 ശതമാനവും ആറു സംസ്ഥാനങ്ങളിൽനിന്നുള്ളവരെന്ന് തൊഴിൽ വകുപ്പിന്റെ കണക്ക്. ബിഹാർ, അസം, ഒഡിഷ, ഝാർഖണ്ഡ്, പശ്ചിമ ബംഗാൾ, ഉത്തർപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരാണ് തൊഴിലാളികളിൽ കൂടുതലും.
നിയമസഭയുടെ വർഷകാല സമ്മേളനത്തിൽ രാജാജി നഗർ എം.എൽ.എ എസ്. കുമാർ ഉന്നയിച്ച ചോദ്യത്തിന് മറുപടിയായി തൊഴിൽ മന്ത്രിയാണ് നിയമസഭയിൽ കണക്ക് വെളിപ്പെടുത്തിയത്. കുടിയേറ്റ തൊഴിലാളികൾ ബംഗളൂരുവിൽ എന്തുതരം ജീവിതമാണ് നയിക്കുന്നതെന്ന് അറിയേണ്ടതുണ്ടെന്നും അവർ നാട്ടുകാരുമായി ഇണങ്ങുന്നില്ലെന്നും കന്നട ഭാഷ പഠിക്കുന്നില്ലെന്നും ഗുഡ്കക്ക് അടിമകളാണെന്നും അദ്ദേഹം പറഞ്ഞു. കുടിയേറ്റ തൊഴിലാളികളെ എങ്ങനെ നമ്മൾ പരിഗണിക്കണമെന്നും അദ്ദേഹം ചോദിച്ചു.
ഇതിന് മറുപടി പറഞ്ഞ ഐ.ടി-ബി.ടി മന്ത്രി പ്രിയങ്ക് ഖാർഗെ, മെച്ചപ്പെട്ട ജോലിയും വേതനവും സാമൂഹിക സാഹചര്യവുമുള്ളതുകൊണ്ടാണ് മറ്റു സംസ്ഥാനങ്ങളിൽനിന്ന് കൂടുതൽ കുടിയേറ്റ തൊഴിലാളികൾ ബംഗളൂരുവിലേക്ക് എത്തുന്നതെന്ന് ചൂണ്ടിക്കാട്ടി. ദക്ഷിണേന്ത്യയിൽനിന്ന് ഇത്തരത്തിൽ ഹിന്ദി ഹൃദയഭൂമിയിലേക്ക് കുടിയേറ്റമില്ലെന്നും അവിടത്തെ സാമൂഹിക സാഹചര്യം അതിൽ പ്രധാന ഘടകമാണെന്നും മറുപടി നൽകി.
വിവിധ സംസ്ഥാനങ്ങളിൽനിന്ന് കർണാടകയിൽ തൊഴിലിനായി കുടിയേറിയവരുടെ എണ്ണം 97,154 ആണെന്ന് തൊഴിൽ വകുപ്പിന്റെ കണക്കുകൾ പറയുന്നു. ഇതിൽ 18,865 പേർ കർണാടക കെട്ടിട നിർമാണ തൊഴിലാളി ക്ഷേമ ബോർഡിൽ രജിസ്റ്റർ ചെയ്തവരാണ്. ഇങ്ങനെ രജിസ്റ്റർ ചെയ്തവർക്ക് വിവിധ ക്ഷേമ പദ്ധതികളുടെ ആനുകൂല്യം ലഭിക്കും. ആരോഗ്യ പരിചരണത്തിന് സാമ്പത്തിക സഹായം, കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം തുടങ്ങിയ ഘട്ടങ്ങളിൽ ക്ഷേമ ബോർഡിൽനിന്ന് സഹായം ലഭിക്കും. അതേസമയം, ഇത് തൊഴിൽവകുപ്പിൽ രജിസ്റ്റർ ചെയ്ത തൊഴിലാളികളുടെ മാത്രം കണക്കാണ്.
അനൗദ്യോഗികമായി ഇതിലും എത്രയോ മടങ്ങാണ് അസംഘടിത മേഖലയിൽ ബംഗളൂരുവിൽ മാത്രം തൊഴിലാളികളായി പ്രവർത്തിക്കുന്നവരുടെ എണ്ണം. സംസ്ഥാനത്തെ കുടിയേറ്റ തൊഴിലാളികളുടെ യഥാർഥ കണക്ക് ശേഖരിക്കാൻ തൊഴിൽ വകുപ്പിന് ഇതുവരെ കഴിഞ്ഞിട്ടില്ല. മറ്റു സംസ്ഥാനങ്ങളിൽനിന്ന് തൊഴിലിനെത്തുന്നവരെ കരാറുകാർ നിർബന്ധമായും തൊഴിൽവകുപ്പിന് കീഴിൽ രജിസ്റ്റർ ചെയ്യിക്കണമെന്നാണ് ചട്ടം. തൊഴിൽ രംഗത്തെ ചൂഷണം തടയാനും ജോലിയിൽ തുല്യ സമയം, തുല്യ വേതനം, മെച്ചപ്പെട്ട താമസ സൗകര്യം എന്നിവ തൊഴിലാളികൾക്ക് ഉറപ്പുവരുത്താൻ ഇതുപകരിക്കുമെന്ന് സർക്കാർ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.