ബംഗളൂരു: ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയില്‍ ദേശീയ പാത അതോറിറ്റി (എന്‍.എച്ച്.എ.ഐ) ടോള്‍ പിരിവ് ആരംഭിച്ചു. 71 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ ഹോസ്കോട്ടെക്കും കെ.ജി.എഫിനുമിടയിൽ യാത്ര ചെയ്യുന്നവർ ടോള്‍ അടക്കണം. ദൂരത്തിനനുസരിച്ച് ടോള്‍ നിരക്കില്‍ വ്യത്യാസം വരും. ഹെഡിഗെനബെലെ, അഗ്രഹാര, കൃഷ്ണരാജപുര, സുന്ദരപാളയ എന്നിവയാണ് നിലവിലെ ടോള്‍ പ്ലാസകള്‍. മാര്‍ച്ചിലാണ് എക്സ്പ്രസ് വേ യാത്രക്കായി തുറന്നു നൽകിയത്. ഔദ്യോഗിക അറിയിപ്പിനുശേഷം കഴിഞ്ഞ ദിവസമാണ് ടോള്‍ പിരിവ് നിലവില്‍ വന്നതെന്ന് ദേശീയ പാത അതോറിറ്റി റീജനല്‍ ഓഫിസര്‍ വിലാസ് ബ്രഹ്മാന്‍കര്‍ പറഞ്ഞു.
ഹെഡിഗെനബെലെ-സുന്ദരപാളയ പാതയില്‍ കാറിന് ഒരു വശത്തേക്ക് 185 രൂപയും ഇരുവശത്തേക്കുമായി 275 രൂപയുമാണ് ടോള്‍ നിരക്ക്. മിനി ബസ്, ബസ്, ട്രക്ക് എന്നിവക്ക് 295 രൂപ മുതല്‍ 955 രൂപ വരെയാണ് നിരക്ക്. ഫാസ്റ്റ് ടാഗ് മുഖേന 3000 രൂപയുടെ വാര്‍ഷിക പാസ് എടുത്തവര്‍ക്ക് യാത്രക്ക് അനുസൃതമായി ടോള്‍ നല്കിയാല് മതി. മാസത്തിലുള്ള പാസുകളും പതിവായി യാത്ര ചെയ്യുന്നവര്‍ക്ക് 50 ട്രിപ്പുകള്‍ നടത്തുന്നത്തിനുള്ള 6105 രൂപയുടെ പാസും, ഇരുവശത്തേക്കുമുള്ള യാത്രക്ക് 6260 രൂപയുടെ പാസും പുറത്തിറക്കിയിട്ടുണ്ടെന്ന് ദേശീയ പാത അതോറിറ്റി അധികൃതര്‍ അറിയിച്ചു.
71 കിലോമീറ്റർ ദൈർഘ്യമുള്ള ഈ പാത 262 കിലോമീറ്റർ ദൈർഘ്യമുള്ള ബംഗളൂരു-ചെന്നൈ എക്സ്പ്രസ് വേയുടെ ഭാഗമാണ്. എക്സ്പ്രസ് വേയിൽ അനുവദനീയമായ പരമാവധി വേഗം മണിക്കൂറിൽ 120 കിലോമീറ്ററാണ്. ഈ എക്സ്പ്രസ് വേയുടെ ഭാഗമായ ആന്ധ്രാപ്രദേശിലെയും ചെന്നൈയിലെയും റീച്ചുകളിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. 2026 ജൂലൈയോടെ പാത പൂർണമായും പ്രവർത്തനക്ഷമമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.