ബംഗളൂരു: ലോക ആദിവാസി ദിനത്തോടനുബന്ധിച്ച് നാഗർഹോളെ വനങ്ങളിലെ ആദിവാസികൾ രണ്ടുദിവസത്തെ പ്രതിഷേധ സമരം സംഘടിപ്പിച്ചു. ആദിവാസി സമൂഹങ്ങളുടെ സംഘടനയായ ജമ്മുപാളെ ഹക്കു സ്ഥപന സമിതി (എന്‍.എ.ജെ.എച്ച്.എസ്.എസ്)യുടെ നേതൃത്വത്തിൽ നടന്ന ബഹുജന പ്രതിഷേധത്തിൽ നിരവധി സിവിൽ സൊസൈറ്റി സംഘടനകളും വനാവകാശ സംരക്ഷണ ഗ്രൂപ്പുകളും പങ്കെടുത്തു. 2006ലെ വനാവകാശ നിയമം അനുശാസിക്കുന്ന വനത്തിന്റെയും ആവാസ വ്യവസ്ഥയുടെയും ലംഘനവും ആദിവാസികളുടെ ജീവനും ഉപജീവന മാര്ഗങ്ങള്ക്കുമെതിരെയുള്ള അക്രമങ്ങളും മുന്‍നിര്‍ത്തിയായിരുന്നു പ്രതിഷേധം.
നാഗർഹോളെ കടുവ സംരക്ഷണ കേന്ദ്ര അധികാരികൾ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾമൂലം ആദിവാസികളുടെ ജീവനും ഉപജീവന മാര്‍ഗങ്ങളെയും ഗുരുതരമായി ബാധിക്കുകയാണെന്നും കാലങ്ങളായി തുടരുന്ന അനീതിയും അക്രമങ്ങളും ആദിവാസി സമൂഹത്തെ അടിമത്തത്തിലേക്ക് വലിച്ചിഴക്കുകയാണെന്നും നേതാക്കൾ പറഞ്ഞു. നാഗർഹോള വനങ്ങളിലെ 30 ഗ്രാമങ്ങളിൽനിന്നുള്ള ആദിവാസി നേതാക്കളും കുടുംബങ്ങളും നാഗർഹോള കടുവ സംരക്ഷണ കേന്ദ്രത്തിലെ നാനാച്ചി കടുവ സഫാരി ഗേറ്റിന്റെ പ്രവേശന കവാടത്തിന് മുന്നിൽ സംഘടിച്ച് അവകാശ സ്ഥാപനത്തിനായി ബോർഡ് സ്ഥാപിച്ചു. ‘നാഗര്‍ഹോളെ വനം ഇവിടെ താമസിക്കുന്ന ആദിവാസി വംശങ്ങളുടെയും കുടുംബങ്ങളുടെയും പുണ്യഭൂമിയാണ്. നിങ്ങൾ ഇപ്പോൾ ആദിവാസി ജനതയുടെ പരമ്പരാഗതമായ അതിർത്തികളിലേക്ക് പ്രവേശിക്കുകയാണ്. നാഗര്‍ഹോളയിലെ ആദിവാസി ജനതയുടെ സ്വയംഭരണ പ്രദേശമാണ് നാഗര്‍ഹോളെ. ഈ വനങ്ങൾ ആദിവാസി ജനതയുടെ ആവാസവ്യവസ്ഥയാണ്.
ഈ പൂർവിക പ്രദേശത്ത്, ജനങ്ങളും മൃഗങ്ങളും വനവും തുല്യമാണ്. ഇവിടെ, ആദിവാസി ജനതയുടെ ആചാര നിയമവും ഗ്രാമസഭകളുടെ പ്രത്യേക വ്യവസ്ഥകളും ബാധകമാണ്. ദയവായി ഈ പ്രദേശത്ത് ബഹുമാനത്തോടും അന്തസ്സോടും കൂടി പെരുമാറുക’ എന്നായിരുന്നു ബോർഡിലെ വാക്കുകൾ. ആയിരക്കണക്കിന് വിനോദസഞ്ചാരികൾ എല്ലാ വർഷവും നാഗർഹോളെയിൽ എത്തുകയും വനത്തിലെ കടുവകൾ, കാട്ടുനായ്ക്കൾ, കരടികൾ, ആനകൾ, മാൻ എന്നിവയെ കാണാൻ സവാരി നടത്തുന്നു. ആദിവാസികളെ ബലപ്രയോഗത്തിലൂടെ പുറത്താക്കിയ അതേ വനഭൂമിയിലൂടെയാണ് വിനോദസഞ്ചാരികൾ സഫാരി നടത്തുന്നത്.
ഇത് അനീതിയാണെന്നും സ്വന്തം ഭൂമിയിൽനിന്നും ആദിവാസി സമൂഹത്തെ വേരോടെ പിഴുതെറിയാനുള്ള ശ്രമം കൂടിയാണിതെന്നും സമരക്കാർ കുറ്റപ്പെടുത്തി. സംസ്ഥാന സർക്കാർ ആദിവാസികളുടെ അനുമതിയില്ലാതെ എ.ഐ അധിഷ്ടിത നിരീക്ഷണ കാമറകൾ സ്ഥാപിക്കുകയും അർധസൈനിക എൻഫോഴ്സ്മെന്റ് യൂനിറ്റുകളെ വിന്യസിക്കുകയും ചെയ്തു.
വനമോ വന്യജീവികളെയോ സംരക്ഷിക്കാൻ വേണ്ടിയല്ല ഈ സൈനിക നടപടികള്‍ മറിച്ച് ആദിവാസികളുടെ ചെറുത്തുനില്പ് തടയുകയും അവരെ ഭീഷണിപ്പെടുത്തുകയും നീക്കങ്ങള്‍ നിരീക്ഷിക്കുകയും വിയോജിപ്പുകള്‍ അടിച്ചമര്‍ത്തുകയും ഉപജീവനത്തിനായി വനവിഭവങ്ങള്‍ ശേഖരിക്കുന്നത് നിയന്ത്രിക്കുകയുമാണ് ചെയ്യുന്നതെന്നും ആദിവാസികൾ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.