നാളെ ആഗസ്റ്റ് പതിനാലിന് ‘വിഭജന ഭീകരത സ്മരണദിന’മായി ആചരിക്കാൻ സംസ്ഥാനത്തെ യൂനിവേഴ്സിറ്റി വൈസ് ചാൻസലർമാർക്കയച്ച കത്തിൽ ചാൻസലർ കൂടിയായ ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ആവശ്യപ്പെട്ടിരിക്കുകയാണ്. സർവകലാശാലകളിലും കോളജുകളിലും പ്രത്യേക അനുസ്മരണ പരിപാടികളും പ്രദർശനങ്ങളും നാടകാവതരണവും സംഘടിപ്പിക്കാനാണ് നിർദേശം. ആഗസ്റ്റ് 14ന് വിഭജനഭീതി ദിനാചരണമായി പ്രഖ്യാപിച്ചത് 2021ലെ സ്വാതന്ത്ര്യദിന പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ്. ഹിന്ദുത്വ ബ്രിഗേഡിനോട് നൂറുശതമാനം കൂറുപുലർത്തുന്ന ആർലേക്കർ കേരള ഗവർണറായി സ്ഥാനമേറ്റതിൽ പിന്നെ സ്വീകരിച്ചുകൊണ്ടിരിക്കുന്ന നടപടികളത്രയും അദ്ദേഹത്തിന്റെ മനസ്സിലിരിപ്പ് പ്രകടമാകുന്നതായതിൽ അസ്വാഭാവികതയില്ല. ബി.ജെ.പി അധികാരമില്ലാത്ത സംസ്ഥാനങ്ങളിൽ രാജ്ഭവനുകളിലൂടെ സംഘ്പരിവാർ അജണ്ട അടിച്ചേൽപിക്കുകയാണ് മോദി സർക്കാർ ചെയ്തുകൊണ്ടിരിക്കുന്നതെന്ന സത്യം തെളിവുകൾ തേടുന്നില്ല. പക്ഷേ, മതനിരപേക്ഷ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന കേരള ജനത വോട്ട് ചെയ്ത് അധികാരത്തിലേറ്റിയ ഇടതുമുന്നണി സർക്കാറിന് ആർ.എസ്.എസുകാരനായ ഗവർണറുടെ ഹിന്ദുത്വ അജണ്ടയോട് പൊരുത്തപ്പെടാനാവില്ലെന്ന് വ്യക്തം. അതുകൊണ്ടുതന്നെ മുഖ്യമന്ത്രി പിണറായി വിജയൻ വിഭജന ഭീതി ദിനാചരണത്തെയും ഗവർണറുടെ നടപടികളെയും രൂക്ഷമായി വിമർശിച്ചിരിക്കുകയാണ്. സ്വാതന്ത്ര്യ സമരത്തിൽ ഒരു പങ്കാളിത്തവുമില്ലാതെ, ബ്രിട്ടീഷ് രാജിന് പാദസേവ ചെയ്തവരാണ് സ്വാതന്ത്ര്യദിനത്തെ താഴ്ത്തിക്കെട്ടുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തുന്നു. സ്വാതന്ത്ര്യസമരകാലത്ത് വൈദേശിക ശക്തികൾക്കുനേരെ പോരാടാൻ താൽപര്യം കാട്ടാതെ ആഭ്യന്തര ശത്രുക്കൾക്കുനേരെ പടനയിക്കാൻ ഊർജം ചെലവഴിച്ചവരാണ് സ്വാതന്ത്ര്യദിനത്തിന്റെ പ്രാധാന്യം കുറക്കാനെന്നവണ്ണം വിഭജനഭീതിയുടെ ഓർമദിനമാചരിക്കാൻ ആഹ്വാനം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടുന്നു. അതിനാൽ തന്നെ ഗവർണറുടെ നടപടി പ്രതിഷേധാർഹമായാണ് അദ്ദേഹം കാണുന്നത്. താൻ ഇപ്പോഴും വിഭജന രാഷ്ട്രീയത്തിന്റെ വക്താവായ ആർ.എസ്.എസുകാരനാണെന്നാണ് ഭരണഘടനാ പദവിയിലിരിക്കുന്ന ഗവർണർ കേരളത്തോട് വിളിച്ചുപറയുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചൂണ്ടിക്കാട്ടുന്നു.
മത ഭാഷ സംസ്കാരിക വൈവിധ്യങ്ങളുടെ നാടാണ് ഇന്ത്യ. ആ വൈവിധ്യങ്ങളുടെ സമഞ്ജസ സംഗമഭൂമി എന്നതാണ് രാജ്യത്തിന്റെ സൗന്ദര്യവും ശക്തിയും പാരമ്പര്യവും. ഈ സത്യത്തെ നിശ്ശേഷം നിരാകരിച്ച് ഏകശിലാത്മക സവർണ സംസ്കാരത്തിൽ രാജ്യത്തെ അടിമുടി മാറ്റിയെടുക്കാനുള്ള ഹിംസാത്മക യത്നത്തിലാണ് സംഘ്പരിവാർ ഏർപ്പെട്ടിരിക്കുന്നതെന്ന വസ്തുത പ്രഥമദൃഷ്ട്യാ വ്യക്തമാണ്. രാജ്യം ഭരിക്കാൻ ലഭിച്ച പതിറ്റാണ്ടിലധികം കാലം രണോത്സുക ഹിന്ദുത്വവാഴ്ച അരക്കിട്ടുറപ്പിക്കാനുള്ള തീവ്രയത്നത്തിലാണ് കാവിപ്പട ഏർപ്പെട്ടിരിക്കുന്നതെന്നതും പ്രാഥമിക സത്യം മാത്രം. സാമൂഹിക വിഭജനത്തിലൂടെ ഇന്ത്യൻ ജനതയെ അനേകീകരിക്കാനുള്ള ആസൂത്രിത ശ്രമങ്ങളെ ഒളിപ്പിക്കാനുള്ള പുകമറയിൽ കുറഞ്ഞ ഒന്നുമല്ല വിഭജനഭീതി ദിനാചരണം. സുദീർഘമായ സ്വാതന്ത്ര്യസമരത്തിൽനിന്ന് പൂർണമായി വിട്ടുനിന്നും അതിന് നേതൃത്വം നൽകിയ മഹാത്മാഗാന്ധിയെ വെടിവെച്ചുകൊന്നും രാഷ്ട്രപിതാവിന്റെ ഘാതകനെ മഹാത്മാവായി പ്രകീർത്തിച്ചും വന്നവരാണ് ഹിന്ദുത്വർ.
ദൗർഭാഗ്യകരമായ വിഭജനത്തെ അനുകൂലിച്ചവരെ സംപൂജ്യരായി ആരാധിച്ചുവരുന്ന വംശീയ പ്രസ്ഥാനത്തിന് വിഭജനഭീതിദിനം ആചരിക്കണമെന്ന തോന്നൽ എന്തുകൊണ്ട് എന്നതാണ് പ്രസക്തമായ ചോദ്യം. സംഘ്പരിവാർ ഭരണത്തിലേറിയ ഉടനെ ചെയ്ത ‘മഹദ്കൃത്യം’ പാർലമെന്റ് ഹാളിൽ വി.ഡി. സവർക്കറുടെ പ്രതിമ സ്ഥാപിക്കുകയാണ്. ബ്രിട്ടീഷ് സാമ്രാജ്യത്വത്തിന് മാപ്പ് എഴുതിക്കൊടുത്ത് ജയിൽമോചിതനായ സവർക്കറുടെ തുടർജീവിതം ഒരിക്കലും സ്വാതന്ത്ര്യസമര വിജയത്തിനായിരുന്നില്ല; പകരം രാജ്യം വിഭജിച്ചിട്ടെങ്കിലും അവശേഷിക്കുന്ന ഭൂവിഭാഗത്തിൽ ഹിന്ദുത്വരാഷ്ട്രം സ്ഥാപിക്കാനായിരുന്നു എന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. ‘വിചിത്രമെന്ന് തോന്നാമെങ്കിലും മിസ്റ്റർ സവർക്കറും മിസ്റ്റർ ജിന്നയും പരസ്പരം എതിർക്കുന്നവരായിരിക്കെ തന്നെ ഏകരാഷ്ട്രത്തിനുപകരം ദ്വിരാഷ്ട്രം എന്ന കാര്യത്തിൽ പൂർണ യോജിപ്പിലായിരുന്നു’ എന്ന് രേഖപ്പെടുത്തിയത് ഇന്ത്യയുടെ ഭരണഘടനാ ശിൽപി കൂടിയായ ഡോ. ബി.ആർ. അംബേദ്കറാണ്. ആർ.എസ്.എസ് വിചാരധാരയുടെ ശിൽപി എം.എൻ. ഗോൾവാൾക്കറും ഹിന്ദുക്കൾക്കും മുസ്‍ലിംകൾക്കും ഒരു രാഷ്ട്രമായി കഴിയാൻ സാധ്യമല്ലെന്ന് സിദ്ധാന്തിച്ചയാളാണ്. എന്തിനധികം, രാഷ്ട്രവിഭജനത്തിന് അന്തിമമായി അംഗീകാരം നൽകിയ കോൺഗ്രസ് വർക്കിങ് കമ്മിറ്റി യോഗത്തിൽ ദ്വിരാഷ്ട്രവാദത്തെ ശക്തമായി അനുകൂലിച്ച സർദാർ വല്ലഭ്ഭായ് പട്ടേലാണ് ഹിന്ദുത്വർ അംഗീകരിക്കുന്ന ഒരേയൊരു സ്വാതന്ത്ര്യസമര നായകൻ. അനേകം ശതകോടികൾ ചെലവിട്ടാണ് ഗുജറാത്തിൽ പട്ടേലിന്റെ പ്രതിമ മോദി സ്ഥാപിച്ചിരിക്കുന്നത്. അതേസമയം നിർണായക യോഗത്തിൽ അന്ത്യനിമിഷം വരെ രാജ്യവിഭജനത്തെ അതിശക്തമായെതിർത്ത മൗലാന അബുൽകലാം ആസാദിന്റെ പേരുപോലും സംഘ്പരിവാറിന് ചതുർഥിയാണുതാനും! അതുകൊണ്ട് കൂടിയാവുമല്ലോ സി.ബി.എസ്.ഇ പാഠപുസ്തകത്തിൽനിന്നുപോലും അദ്ദേഹത്തെ ഗളച്ഛേദം ചെയ്തതും. സ്വതന്ത്ര ഇന്ത്യയുടെ പ്രഥമ വിദ്യാഭ്യാസമന്ത്രി ആസാദിന്റെ പേരിൽ മുൻകാല സർക്കാറുകൾ നൽകിവന്ന വിദ്യാഭ്യാസ സ്കോളർഷിപ്പുകൾ മോദി സർക്കാർ നിർത്തലാക്കിയതിന്റെ പിന്നിലെ ചേതോവികാരവും മറ്റൊന്നാവില്ല. ചുരുക്കത്തിൽ മതനിരപേക്ഷ ജനാധിപത്യ ഇന്ത്യ മതാടിസ്ഥാനത്തിൽ ഇനിയും പിളരാതിരിക്കണമെങ്കിൽ ഹിന്ദു-മുസ്‍ലിം-ക്രിസ്ത്യൻ സാമുദായിക ധ്രുവീകരണ അജണ്ട ആർ.എസ്.എസ് ഉപേക്ഷിക്കുകയാണ് വേണ്ടത്; പാകിസ്താന്റെ പിറവി ദിനത്തിൽ വിഭജനഭീതി ഭാരതീയരിൽ പുനരുജ്ജീവിപ്പിക്കുകയല്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.